അടൂർ: കപ്പത്തോട്ടത്തിൽ നിന്ന് കാട്ടുപന്നിയെ അകറ്റാൻ തളിച്ചത് കീടനാശിനി. പന്നിക്ക് പകരം ഓടേണ്ടി വന്നത് സമീപപ്രദേശത്തുള്ള നാട്ടുകാർ. ഏഴു ദിവസമായി പലായനം തുടരുമ്പോഴും തിരിഞ്ഞു നോക്കാതിരുന്ന സ്ഥലം എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ ഒടുവിൽ പ്രദേശം സന്ദർശിക്കാൻ വന്നപ്പോൾ പ്രതിഷേധം അണപൊട്ടി. സ്ത്രീകൾ അടക്കം പൊട്ടിക്കരഞ്ഞു കൊണ്ട് എംഎൽഎയ്ക്ക് നേരെ ശബ്ദമുയർത്തി.

പള്ളിക്കൽ പഞ്ചായത്ത് 15-ാം വാർഡിൽ പെരിങ്ങനാട് തെന്നാപ്പറമ്പ് പ്രദേശത്താണ് കപ്പത്തോട്ടത്തിൽ പന്നിശല്യത്തിന് കീടനാശിനി തളിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന മാവിള കിഴക്കേതിൽ സജീവ്, രണ്ടു മക്കൾ, മറ്റ് മൂന്നു കുടുംബങ്ങൾ, ചെറിയ കുഞ്ഞുങ്ങൾ അടക്കം വീട്ടിൽ കഴിയാൻ വയ്യാതെ ഏഴു ദിവസം മുൻപ് പെരിങ്ങനാട് ഹെൽത്ത് സെന്ററിൽ അഭയം തേടിയിരുന്നു. ഹെൽത്ത് സെന്ററിലെ സ്ഥലപരിമിതി മൂലം പിന്നീട് ഇവരെ പഴകുളം പാസിലേക്ക് പഞ്ചായത്ത് ഇടപെട്ട് താമസം ഒരുക്കിയിരുന്നു.

.പരിസര പ്രദേശത്തെ കിണറുകളിലെ വെള്ളം പോലും മലിനപ്പെടുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നു എന്ന പരാതിയെ തുടർന്ന് ആർഡിഓയും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും, പഞ്ചായത്ത് അധികൃതരും സംഭവസ്ഥലത്ത് എത്തി. കീടനാശിനി മാലിന്യത്തിന്റെ പ്രശ്നം മാറുന്നത് വരെയും അവർക്ക് വേണ്ട താമസസൗകര്യവും ആരോഗ്യപ്രശ്നം നേരിടുന്നവർക്കുള്ള ചികിത്സാ സൗകര്യവും ഉറപ്പു വരുത്തി. കീടനാശിനി ഉപയോഗിച്ച് സ്ഥലത്തെ മണ്ണും കൃഷിയിടങ്ങളിലെ ഉൽപ്പന്നങ്ങളുടെ സാമ്പിളും എടുത്ത് പരിശോധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ഈ വിവരം അറിഞ്ഞിട്ടും സ്ഥലം എംഎൽഎ ചിറ്റയം ഗോപകുമാർ എത്തിയില്ലെന്ന് നാട്ടുകാർക്കിടയിൽ പരാതി ഉയർന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനോട് പ്രദേശവാസികൾ ശബ്ദമുയർത്തി സംസാരിച്ചു. സ്ത്രീകൾ അടക്കമുള്ളവർ പൊട്ടിക്കരഞ്ഞു കൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ചിലർ രോഷം മറച്ചു വയ്ക്കാതെ തട്ടിക്കയറുകയും ചെയ്തു.

സാർ എന്തുകൊണ്ട് നിങ്ങൾ ഇത് അറിഞ്ഞില്ല, ഞങ്ങൾക്ക് ഒരു പുഴുവിന്റെ വിലയെങ്കിലുംതാ. ഏങ്ങലടിച്ച് കരഞ്ഞ് പറയുന്നത് അടൂർ പള്ളിക്കൽ 15-ാം വാർഡിലെ തെന്നാപ്പറമ്പിലെ അമ്മമാരും കുഞ്ഞുങ്ങളുമാണ്. വോട്ടു പിടിക്കാൻ കാല്നക്കാനും ജാതിയും മതവും പറയാൻ ഒരുളുപ്പും ഇല്ല. ഒരാവശ്യം വന്നാൽ കാണാൻ ആയിരം നേതാക്കളുടെ ശുപാർശകത്ത് വേണം. സർക്കാർ വാഹനത്തിൽ പൊലീസ് അകമ്പടിയിൽ ഞെളിഞ്ഞ് പോകുമ്പോൾ എങ്ങനെ ഈ പാവങ്ങടെ വിഷയത്തിൽ ഇടപെടാനാ എന്നിങ്ങനെയായിരുന്നു അവരുടെ പരിദേവനം.

നാട്ടുകാർ പരാതി ബോധിപ്പിച്ചതിനെ തുടർന്ന്. ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഡെപ്യൂട്ടി സ്പീക്കർ മടങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം എപി സന്തോഷ്‌കുമാർ, യുഡഎഫ് കൺവീനർ പഴകുളം ശിവദാസൻ എന്നിവർ ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു.