- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടൂർ പിടിക്കാൻ സിപിഐ രംഗത്തിറക്കിയ ക്രിക്കറ്റ് കളിക്കാരൻ; മണ്ഡലവും പിടിച്ച് ഹാട്രിക്കും അടിച്ചപ്പോൾ അംഗീകാരമായി ഡെപ്യൂട്ടി സ്പീക്കർ പദം; ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നെത്തി രാഷ്ട്രീയ തട്ടകത്തിൽ വെണ്ണിക്കൊടി പാറിച്ച അടൂരിന്റെ സ്വന്തം ചിറ്റയത്തിന്റെ കഥ
തിരുവനന്തപുരം: കൊല്ലം, ചിറ്റയത്ത് നിന്നെത്തി അടൂരുകാരുടെ സ്വന്തം ഗോപകുമാറായ ചരിത്രമാണ് ഡെപ്യൂട്ടി സ്പീക്കറാകുന്ന ചിറ്റയം ഗോപകുമാറിനുള്ളത്. ദീർഘകാലം കോൺഗ്രസിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിനിധാനം ചെയ്തിരുന്ന അടൂർ മണ്ഡലം 2011 ലാണ് സംവരണമണ്ഡലമാകുന്നത്. തുടർന്ന് യുഡിഎഫിന്റെ കുത്തകമണ്ഡലമായിരുന്ന അടൂർ പിടിച്ചെടുക്കാൻ ക്രിക്കറ്റ് കളിക്കാരൻ കൂടിയായ ചിറ്റയം ഗോപകുമാറിനെ സിപിഐ രംഗത്തിറക്കുകയായിരുന്നു. സിപിഐയുടെ തീരുമാനം കൃത്യമായിരുന്നു. ഗ്രൗണ്ടിലിറങ്ങിയ ചിറ്റയം മണ്ഡലം പിടിച്ചെടുക്കുക മാത്രമല്ല, ഹാട്രിക്ക് വിജയവും നേടി നോട്ടൗട്ടായി തുടരുകയാണ്. മണ്ഡലം കൈവിടാതെ സൂക്ഷിക്കാനുള്ള കരുതലും കരുത്തും തെളിയിച്ചാണ് അദ്ദേഹം മൂന്നാം തവണയും സഭയിലെത്തുന്നത്.
ചിറ്റയം ഡപ്യൂട്ടി സ്പീക്കർ പദവിയിലേറുമ്പോൾ പത്തനംതിട്ട ജില്ലയ്ക്കു മാത്രമല്ല, കൊല്ലത്തിനും ഇത് അഭിമാന മുഹൂർത്തമാണ്. കൊല്ലം പനയറ ചിറ്റയം കാട്ടുവിളപുത്തൻ വീട്ടിൽ ടി.ഗോപാലകൃഷ്ണന്റെയും ടി.കെ. ദേവയാനിയുടെയും മകനായി 1965ൽ ജനിച്ച ചിറ്റയം പഠിച്ചതും ആദ്യമായി ജനപ്രതിനിധിയായതും കൊല്ലം ജില്ലയിലായിരുന്നു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
കർഷകത്തൊഴിലാളി ഫെഡറേഷൻ ദേശീയ കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപറേഷൻ സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെടിഡിസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
1995ൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2008ൽ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ ഇടതു സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.
ഭാര്യ: സി.ഷേർളി ബായി. മക്കൾ: എസ്.ജി. അമൃത (ഗെസ്റ്റ് ലക്ചറർ, അടൂർ സെന്റ് സിറിൾസ് കോളജ്), എസ്.ജി.അനുജ (തിരുവനന്തപുരം ഗവ. ലോ കോളജ് വിദ്യാർത്ഥി.)
മറുനാടന് മലയാളി ബ്യൂറോ