ന്യൂഡൽഹി: ഹെലികോപ്റ്ററിന്റെ ബ്‌ളേഡിനുള്ളിൽ ഞെരിഞ്ഞമർന്ന് എൻജിനീയർക്ക് ദാരുണ മരണം.ബദരിനാഥിലേക്ക് യാത്ര പോയ ഹെലികോപ്റ്ററിന്റെ എൻജിനീയറാണ് അപകടത്തിനിരയായത്. ശനിയാഴ്ച രാവിലെ 7.45 ഓടെ ഹരിദ്വാറിലേക്ക് പുറപ്പെട്ട ഹെലികോപ്ടറിലായിരുന്നു സംഭവം.

താഴ്ന്ന സമ്മർദ്ദത്തെ തുടർന്ന് ഹെലികോപ്ടറിന് ഉയർന്ന് പൊങ്ങാൻ കഴിയാതെ വന്നതോടെ പരിശോധന നടത്തുന്നതിനിടെയാണ് എൻജിനീയർ ബ്ലേഡിനുള്ളിൽ പെട്ടത്.ഹെലികോപ്റ്ററിലെ പൈലറ്റ്് ഉൾപ്പെടെയുള്ള യാത്രക്കാർ സുരക്ഷിതരാണ്.

ബദരിനാഥ്-അമർനാഥ് തീർത്ഥയാത്രയ്ക്കിടെയായിരുന്നു അപകടം.അഗസ്ത വെസ്റ്റ്ലാൻഡ് എഡബ്ല്യൂ119 കോല വിഭാഗത്തിൽപെട്ട എട്ടു സീറ്റുള്ള ഹെലികോപ്ടറാണ് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്.

അതേസമയം യാത്രക്കാർ സുരക്ഷിതരാണെന്നും അവർ റോഡ് മാർഗം യാത്ര തുടർന്നതായും അധികൃതർ അറിയിച്ചു.എൻജിനീയറുടെ മരണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഖേദം പ്രകടിപ്പിച്ചു.