മുംബൈ: അധോലോക നായകൻ ഛോട്ടാ രാജന്റെ അറസ്റ്റ് മുംബൈയിൽ വീണ്ടും വെടിയൊച്ചകൾ ഉയരാൻ കാരണമാകുമോ? ദാവൂദ് ഇബ്രാഹിം ഇല്ലാത്ത മുംബൈയിലേക്ക് എത്തിപ്പെടുന്നതിനും അധോലോകത്തെ അധികാരം പിടിച്ചെടുക്കാനും ഛോട്ടാരാജൻ തന്നെ ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണ് ഈ അറസ്‌റ്റെന്ന് വിലയിരുത്തപ്പെടുന്നു.

ഇൻഡൊനീഷ്യയിൽവച്ചാണ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത് ഛോട്ടാ രാജനെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് സൂചന. ഇൻഡൊനീഷ്യയിൽനിന്ന് നാടുകടത്തിയോ കുറ്റവാളികളെ കൈമാറുന്ന നിയമനുസരിച്ചോ ആകും ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുക. ഏതുവിധത്തിലായാലും ഇന്ത്യയിലെത്തുക എന്ന ലക്ഷ്യത്തിലാണ് ഛോട്ടാ രാജൻ എത്തിച്ചേരുക. ദാവൂദും ഛോട്ടാ രാജനുമായുള്ള ശത്രുതയാണ് മുംബൈ അധോലോകത്തെ കുടിപ്പകയ്ക്ക് കാരണം. പരസ്പരം വെടിവച്ചും കൊലപ്പെടുത്തിയും അധോലോകം പിടിച്ചെടുക്കാൻ ഇരുഗ്രൂപ്പുകളുമായി നടന്ന പോരാട്ടം ഒടുവിൽ പൊലീസ് അടിച്ചമർത്തുകയായിരുന്നു. ഇതിനുശേഷം ദാവൂദും ഛോട്ടാരാജനും ഇന്ത്യയിൽനിന്ന് ഒളിച്ചുകടക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് ഛോട്ടാ രാജൻ തിരിച്ചെത്തിയാൽ അത് മുംബൈയിൽ ഇപ്പോൾ അടങ്ങിക്കഴിയുന്ന അധോലോകത്തെ ഉണർത്തുമെന്നുറപ്പാണ്. ഛോട്ടാ രാജൻ ജയിലിലാണെങ്കിൽക്കൂടി മുംബൈ അധോലോകത്തെ സംഘാംഗങ്ങൾക്ക് അത് കരുത്താകും. കിഴക്കൻ മുംബൈയിൽ ഇപ്പോഴും ഛോട്ടാ രാജന് ഒട്ടേറെ അനുയായികളുണ്ട്. മാത്രമല്ല, ഹിന്ദു, ദളിത് വിഭാഗങ്ങൾക്കിടയിൽ നല്ല പിന്തുണയുമുണ്ട്. എന്നാൽ, പ്രായാധിക്യം ഛോട്ടാ രാജനെ തളർത്തിയിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണർ എം.എൻ.സിങ് പറഞ്ഞു.

രോഗബാധിതനായ ഛോട്ടാ രാജൻ ക്ഷീണിതനാണ്. നാടോടി ജീവിതം മടുത്തതുകൊണ്ടാവാം അറസ്റ്റിന് വഴങ്ങിയതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ, ഛോട്ടാ രാജന്റെ ജീവനെടുക്കാതെ അടങ്ങില്ലെന്ന വാശിയിലാണ് ദാവൂദ് ഇബ്രാഹിമും ഷക്കീലുമടക്കമുള്ളവർ. മുംബൈയിലേക്ക് ഛോട്ടാ രാജൻ തിരിച്ചെത്തിയാൽ, ഇവരുടെ അനുയായികൾ അടങ്ങിയിരിക്കില്ലെന്നും അത് മറ്റൊരു ആക്രമണപരമ്പരയ്ക്ക് തുടക്കമിടുമെന്നാണ് പൊലീസിലെ തന്നെ വലിയൊരു വിഭാഗം ചിന്തിക്കുന്നത്.

മുംബൈയിലെ ശങ്കർ തിയറ്ററിന് മുന്നിൽ സിനിമാ ടിക്കറ്റ് മറിച്ചുവിൽക്കുന്ന പയ്യനിൽനിന്ന്, അന്താരാഷ്ട്ര വേരുള്ള അധോലോക സമ്രാട്ടായി മാറിയ ഛോട്ടാ രാജെന്റ ജീവിതം അവിശ്വസനീയതകൾ നിറഞ്ഞതാണ്. 1960ൽ മുംബൈയിലെ ചെമ്പൂരിലാണ് രാജേന്ദ്ര സദാശിവ് നികൽജി എന്ന ഛോട്ടാ രാജൻ ജനിച്ചത്. രാജൻ നായർ എന്ന 'ബഡാരാജ'നൊപ്പം കൗമാരത്തിൽ കള്ളവാറ്റും ബ്ലാക് ടിക്കറ്റ് വിൽപനയും നടത്തിയാണ് അധോലോകയാത്ര ആരംഭിക്കുന്നത്. ഈ യാത്രയിൽ പലതും രാജൻ ചെയ്തു. ദാവൂദിനെ പോലും വെല്ലുവിളിച്ചു. അത്തരത്തിലൊരാൾ ഇന്ത്യയിൽ മടങ്ങിയെത്തുമ്പോൾ എന്തും സംഭവിക്കാം.

1989ൽ ദാവൂദിെന്റ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രാജൻ ദുബൈയിലേക്ക് കടന്നു. പിന്നീട് ദാവൂദ് ഇബ്രാഹീമിെന്റ വലങ്കൈയായാണ് ഛോട്ടാ രാജൻ അറിയപ്പെട്ടത്. അതിനുശേഷം രാജൻ ഇന്ത്യയിലേക്ക് തിരിച്ചുവന്നിട്ടില്ല. ദാവൂദിനെ 'ബഡാ ഭായി' ആയി കണ്ടിരുന്ന രാജൻ 1993ലെ മുബൈ സ്?ഫോടന പരമ്പരകളെ തുടർന്നാണ് ദാവൂദുമായി വേർപിരിഞ്ഞത്. എന്തുകൊണ്ടായിരുന്നു ഇതെന്ന് ഇന്നും അജ്ഞാതമാണ്. അന്തർദേശീയ തലത്തിലുള്ള മയക്കുമരുന്ന് കള്ളക്കടത്ത് മത്സരമാണ് രണ്ടുപേരെയും തെറ്റിച്ചത്. മുംബൈയിലെ മയക്കുമരുന്ന് സിൻഡിക്കേറ്റ്, സിനിമാ വ്യവസായം, രത്‌നക്കല്ല് കടത്ത് എന്നിവയിൽനിന്ന് ദാവൂദിന് ലഭിച്ചിരുന്ന വൻ വരുമാനം രാജൻ കൈയടക്കിയിരുന്നുവെന്നാണ് സൂചന.

ഈ ശത്രുതയ്ക്ക് ഇന്നും കുറവില്ല. അതുകൊണ്ട് തന്നെ ദാവൂദ് കരുതലോടെ കാത്തിരിക്കുകയാണ്. രാജനെ വകവരുത്താൻ. ഇതും മുംബൈ പൊലീസിന് നന്നായി അറിയാം.