ന്യൂഡൽഹി: അധോലോക നായകൻ ഛോട്ടാ രാജനെ ജയിലിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ ദാവൂദ് ഇബ്രാഹിമിന്റെ പദ്ധതിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് തിരിച്ചടി നൽകുന്നതിനായി പ്രാദേശിക ഗുണ്ടകളെ ഉപയോഗിച്ച് ഛോട്ടാ രാജനെ ഇല്ലാതാക്കാനാണ് ദാവൂദ് ഇബ്രാഹിമിനിന്റെ നേതൃത്വത്തിലുള്ള ഡി കമ്പനിയുടെ നീക്കങ്ങലെന്നാണ് വിവരം

ഡൽഹിയിലെ പ്രമുഖ ഗുണ്ടാ നേതാവ് നീരജ് ഭവന പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ട്. ഇതോടെ രണ്ടാഴ്ച മുമ്പ് തീഹാർ ജയിലിൽ ഛോട്ടാ രാജന്റെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. നീരജ് ഭാവനയുടെ സഹായി മദ്യപാനത്തിനിടെ വെളിപ്പെടുത്തിയ വിവരത്തെ ഉദ്ധരിച്ചാണ് ജയിൽ അധികൃതർക്കും സുരക്ഷാ ഏജൻസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

തന്നെക്കാണാൻ ജയിലിലെത്തിയ സന്ദർശകനോടാണ് നീരജ് ഭവന ചോട്ടാ രാജനെ വധിക്കാൻ പട്ടിയിട്ടതായി വെളിപ്പെടുത്തിയതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തീഹാർ ജയിലിൽ ഒരേ ജയിലിനുള്ളിലെ രണ്ട് സെല്ലുകളിലായാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ ഭവനയെ വേറെ സെല്ലിലേയ്ക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു.ജയിലിൽ വച്ചോ ആശുപത്രിയിൽ വച്ചോ കൃത്യം നടപ്പിലാക്കാനുള്ള സാധ്യതയും സുരക്ഷാ ഏജൻസികൾ മുൻകൂട്ടി കാണുന്നു. നേരത്തെ തീഹാർ ഉൾപ്പെടെ ഇന്ത്യയിലുള്ള ജയിലുകളുടെ സുരക്ഷയെക്കുറിച്ച് വിജയ് മല്യയുൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ അനുയായിരുന്ന ഛോട്ടാ രാജൻ 2015 ഒക്ടോബർ 15നാണ് അറസ്റ്റിലായത്. ഇന്തോനേഷ്യയിലെ ബാലിയിൽ വച്ചായിരുന്നു പിടിയിലായത്. മുംബൈ പൊലീസ് 20 കൊലപാതക കേസുകളടക്കം 75 കേസുകളും ഡൽഹി പൊലീസ് ആറ് കേസുകളുമാണ് ഛോട്ടാ രാജനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഛോട്ടാ രാജൻ മോഹൻ കുമാർ എന്ന പേരിൽ ആൾമാറാട്ടം നടത്തി യാത്ര ചെയ്യവേ ബാലി പൊലീസാണ് ഛോട്ടാ രാജനെ കസ്റ്റഡിയിലെടുത്തത്. രാജേന്ദ്ര സദാശിവ് നിഖൽജെയെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്.