ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ പുതുക്കിപ്പണിത അഷ്ടദള വെള്ളി വാതിൽ സമർപ്പണം നാളെ നടക്കും. 22.5 കിലോഗ്രാം വെള്ളി ഉപയോഗിച്ചു നിർമ്മിച്ച വാതിലിന്റെ സൂത്രപട്ടികയിൽ അലങ്കാര ചിത്രപ്പണികളും എട്ടു കോളങ്ങളിൽ അഷ്ട ദള പൂക്കളും മധ്യഭാഗത്തെ ഇരുവശങ്ങളിലും ഭഗവതിയുടെ വാഹനമായ സിംഹരൂപങ്ങളും 18 തത്വങ്ങളെ അടിസ്ഥാനമാക്കി 18 മണികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 65 ഇഞ്ച് നീളവും 26 ഇഞ്ച് വീതിയുമുള്ള തേക്കിൻ തടിയിലുള്ള വാതിലിലാണ് വെള്ളി അലങ്കാരങ്ങൾ ഉറപ്പിച്ചിട്ടുള്ളത്. 17നു ഉച്ച പൂജയ്ക്കു ശേഷം ക്ഷേത്രം തന്ത്രിയും ദേവസ്വം അധികൃതരും ചേർന്നു സ്വീകരിച്ച് വാതിൽ ശ്രീകോവിലിൽ ഉറപ്പിക്കും.

തിരുവനന്തപുരം കരമന സ്വദേശി ചെല്ലപ്പൻ ആചാരിയും ശിഷ്യരും ചേർന്നു 60 ദിവസം കൊണ്ടാണു വാതിൽ നിർമ്മിച്ചത്. 15 വർഷം മുൻപ് എറണാകുളം സ്വദേശി ആർ.ആർ.മേനോനും കുടുംബവും വഴിപാടായി സമർപ്പിച്ച വെള്ളിവാതിൽ കേടുവന്നതിനെ തുടർന്നാണ് അദ്ദേഹവും സഹോദരങ്ങളായ സുരേന്ദ്രൻ ആർ.മേനോൻ, മഹേന്ദ്രൻ ആർ. മേനോൻ, ലതാ മോഹൻദാസ് എന്നിവരും ചേർന്നു പുതിയ വാതിൽ വഴിപാടായി നൽകിയത്.