- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരെ സന്തോഷിപ്പിക്കാൻ ഇനി ചോട്ടു ഇല്ല; വീട് വിട്ട് അധികം പുറത്തുപോകാത്തെ ചോട്ടു എങ്ങനെ പൊട്ടക്കിണറ്റിൽ വീണു; പൊട്ടിക്കരഞ്ഞ് കൊല്ലം ആറ്റൂർകോണത്ത ഉടമ ദിലീപ്; സ്വന്തം യൂട്യൂബ് ചാനലുമായി താരമായ 'നായ'യുടെ വേർപാടിന്റെ ഷോക്കിൽ വീട്ടുകാരും നാട്ടുകാരും
ഓയൂർ: ആർക്കും വിശ്വസിക്കാനാവുന്നില്ല. എന്നാലും ചോട്ടുവിന് ഇത് സംഭവിച്ചല്ലോ. സ്വന്തം യൂട്യൂബ് ചാനലുമായി സോഷ്യൽ മീഡിയയിൽ മാത്രമല്ല, എല്ലാ മാധ്യമങ്ങളിലും താരമായിരുന്ന ചോട്ടു എന്ന നായ ഇനി ഇല്ല. കൊല്ലം ആറ്റൂർകോണം സ്വദേശി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചോട്ടു എന്ന നായയാണ് ചത്തത്. നായയെ പൊട്ടക്കിണറ്റിൽ ചത്തനിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചോട്ടുവിനെ കാണാതായി അഞ്ചാം ദിവസമാണ് ജഡം കണ്ടെത്തിയത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമ ദിലീപും കുടുംബവും.
വീട് വിട്ട് അധികം പുറത്ത് പോവുന്ന സ്വഭാവക്കാരനല്ലാത്ത ചോട്ടു എങ്ങനെ പൊട്ടക്കിണറ്റിൽ വീണു എന്നതാണ് ആർക്കും മനസിലാവാത്തത്.രാവിലെ പത്രം കൊണ്ടുവരുന്നതും ജനാലകൾ തുറക്കുന്നതും വീട്ടുകാരെ ഉണർത്തുന്നതും ചോട്ടുവായിരുന്നു. ദിലീപ് കൃഷിയിടത്തിൽ പോകുമ്പോൾ കത്തിയും കത്താളുമായി ഒപ്പം കൂടും. പത്രം വായിക്കാൻ ദിലീപ് ഇരുന്നാൽ ഉടനെ മേശപ്പുറത്തിരിക്കുന്ന കണ്ണടയുമായി ചോട്ടു മുന്നിൽ എത്തും. വീട്ടുകാരുമായി മാത്രമല്ല നാട്ടുകാരുമായും അടുപ്പത്തിലായിരുന്നു.
ദിലീപ് സാധനങ്ങൾ വാങ്ങാനും മറ്റും കടയിൽ പോകുമ്പോൾ ചോട്ടുവും ഒപ്പം ഉണ്ടാകും. മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതാേടെ ചോട്ടുവിനെ തിരക്കി ആരാധകർ എത്താൻ തുടങ്ങി. ഇതോടെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 28 ന് ചോട്ടുവിനു വേണ്ടി ദിലീപ്, ചോട്ടൂസ് ബ്ലോഗ് എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയത്.
ഇതുവരെ 42 വീഡിയോകൾ അപ്ലോഡ് ചെയ്‌പ്പോൾ കണ്ടത് ലക്ഷങ്ങളാണ്. ചോട്ടുവിനെ കാണാതായ വിവരം ചാനലിലൂടെ ദിലീപ് അറിയിച്ചതാേടെ നാട്ടിലെ ഫേസ്‌ബുക്ക് , വാട്‌സാപ് ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിച്ചിരുന്നു. വീട്ടിലെ ഒരംഗത്തെ നഷ്ട്ടപ്പെട്ട വിഷമത്തിലാണ് ദിലീപ് കുമാറും ഭാര്യ ബിന്ധു , മക്കളായ വിവേകും വിനീതും.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചോട്ടുവിനെ കാണാതായത്. ചോട്ടുവിനെ കണ്ടെത്തുന്നതിനായി വൻ തിരച്ചിലായിരുന്നു പ്രദേശത്ത് നടത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസും റൂറൽ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ 'പൈറോ'യും ഇന്നലെ പരിസരമാകെ പരിശോധന നടത്തിയിരുന്നു.
അതിനിടെയാണ് റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. ചോട്ടുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ജർമൻ ഷെപ്പേർഡ് നാടൻ സങ്കരയിനത്തിൽപ്പെട്ട ചോട്ടുവിനെ വെറുമൊരു 'നായ'യെന്നു വിളിക്കാൻ വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു.കൃഷിയും കാലി വളർത്തലുമാണ് കുടുംബത്തിന്റെ വരുമാനമാർഗം. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു പതിവായപ്പോൾ അവരെ ഒന്നു 'വിരട്ടാൻ' കൊണ്ടുവന്നതാണു ചോട്ടുവിനെ, മൂന്നു വർഷം മുൻപ്. അന്നു മൂന്നു മാസമാണു പ്രായം. മുള്ളൻപന്നി, കുരങ്ങുകൾ, എലികൾ, പെരുച്ചാഴി തുടങ്ങിയ ജീവികളുടെ ശല്യത്തിൽ നിന്ന് കൃഷിയെ രക്ഷിക്കുകയായിരുന്നു ചോട്ടുവിന്റെ പ്രധാന ജോലി.
കരിങ്ങന്നൂർ ആറ്റൂർകോണം മുളക് വീട്ടിൽ രാത്രിയിൽ ലൈറ്റ് തെളിയിക്കാതെ ഇരുന്നാൽ ചോട്ടു വന്നു ലൈറ്റ് ഇടും. വാതിൽ അടച്ചില്ലെങ്കിൽ അടയ്ക്കും. വാഹനത്തിന്റെ താക്കോൽ എടുത്തു കൊണ്ടു വരാൻ പറഞ്ഞാൽ ചാടി വാഹനത്തിൽ കയറി താക്കോൽ ഊരി എടുത്തു കൊണ്ടു വരും. പുരയിടത്തിൽ തേങ്ങ വീണാൽ എടുത്തുകൊണ്ടു വരും. അങ്ങനെ ഒരു മിടുക്കനായിരുന്നു.
അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവായിരുന്നു ചോട്ടുവിന്റെ മറ്റൊരു സവിശേഷത. കൈവിരലിൽ 1 എന്ന് കാണിച്ചാൽ ഒന്നു കുരയ്ക്കും, 2 കാണിച്ചാൽ 2 പ്രാവശ്യം കുരയ്ക്കും. അങ്ങനെ വിരലുകളുടെ എണ്ണം അനുസരിച്ചു കുര നീളും. പ്രത്യേക പരിശീലനം ഒന്നും നൽകിയിരുന്നില്ല ചോട്ടുവിന്. വീട്ടുകാരുടെ ഭാഷ മനസിലാക്കി പ്രവൃത്തിക്കാനുള്ള വിവേകമുണ്ടായിരുന്നു, വീട്ടിൽ ആളില്ലാത്ത സമയത്ത് പുരയിടത്തിൽ ഒരാളെയും കയറാൻ അനുവദിക്കാറില്ല. വീട്ടിൽ ആളുകൾ എത്തിയാൽ ബഹളം വയ്ക്കാറുമില്ലായിരുന്നു. എന്തായാലും വല്ലൊത്തൊരു ഷോക്കിലാണ് വീട്ടുകാരും നാ്ട്ടുകാരും. ചോട്ടു ഇനിയില്ല എന്നത് ഓർക്കാനേ ആവുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ