ജെറുസലേമിലെ കല്ലറയിലാണ് യേശുക്രിസ്തുവിനെ അടക്കം ചെയ്തതെന്നും ഉയിർത്തെഴുന്നേറ്റതെന്നുമാണ് കാലങ്ങളായി ക്രിസ്ത്യാനികൾ വിശ്വസിച്ച് വരുന്നത്. എന്നാൽ അതിന് പൂർണമായും ചരിത്രസാക്ഷ്യമേകാൻ ഇതുവരെ സാധിച്ചിരുന്നില്ല. ഇപ്പോൾ ഒരു പറ്റം ശാസ്ത്രജ്ഞന്മാർക്ക് അതിന് സാധിച്ചിരിക്കുകയാണ്. ഇതോടെ യേശുവിന്റെ ചരിത്രത്തിന് മറ്റൊരു ശാസ്ത്രീയ കൈയൊപ്പ് കൂടി ലഭിച്ചിരിക്കുകയുമാണ്. ഈ ശവക്കല്ലറയിലുള്ള ഒറിജിനൽ ലൈംസ്റ്റോണിൽ നിന്നുമുള്ള കുമ്മായത്തിന്റെ ഭാഗങ്ങൾ എടുത്ത് നടത്തിയ പരിശോധിച്ചതിന് ശേഷമാണ് ഗവേഷകർ ഇതിന് ശാസ്ത്രീയ വ്യാഖ്യാനം നൽകിയിരിക്കുന്നത്.

ഇവിടെയുള്ള മാർബിൾ സ്ലാബിനടിയിലാണ് ക്രിസ്തുവിനെ അടക്കം ചെയ്തിരിക്കുന്നതെന്നാണ് വിശ്വാസികൾ വിശ്വസിക്കുന്നത്. ഈ മാർബിളിന്റെ കാലം 345 എഡിയാണെന്നാണ് ഗവേഷകർ കണക്കാക്കിയിരിക്കുന്ത്. ക്രിസ്റ്റിയൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയിന്റെ കാലമാണിത്. ഈ ശവക്കല്ലറി പുതുക്കി അവിടെ ഒരുചർച്ച് നിർമ്മിക്കാൻ ഉത്തരവിട്ടിരുന്നത് ഈ ചക്രവർത്തിയായിരുന്നു.അതിന്റെ ഭാഗമായിട്ടായിരുന്നു ഈ മാർബിൾ സ്ലാബിനാൽ ശവക്കല്ലറി മൂടിയിരുന്നതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്. ക്രിസ്തുവിന്റെ ശവക്കല്ലറി വീനസ്‌ദേവതയ്ക്കുള്ള ഒരു ദേവാലയത്തിന് കീഴിലാണ് സ്ഥിതി ചെയ്യുന്നതെന്ന് 326 എഡിയിൽ കോൺസ്റ്റന്റയിന്റെ ദൂതന്മാർ അറിയിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം ഇത് പുതുക്കിപ്പണിഞ്ഞ് ഒരു ചർച്ച് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്.

ഏഥൻസിലെ നാഷണൽ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇപ്പോൾ ഇത് സംബന്ധിച്ച ഗവേഷണം നടത്തിയിരിക്കുന്നത്. ഇവർ ഈ ശവക്കല്ലറയെ ഉൾക്കൊള്ളുന്നതും ജെറുസലേമിലെ ചർച്ചിൽ സ്ഥിതി ചെയ്യുന്നതുമായ ഇഡിക്യൂൾ ഷ്രൈൻ പുനഃസ്ഥാപിക്കാൻ ഗവേഷകർ ശ്രമിച്ചിരുന്നു. ഇഡിക്യൂളിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ ഗവേഷകർ പരിശോധിച്ചിരുന്നു. ഇതിന്റെ ഫലങ്ങൾ ആദ്യമായി നാഷണൽ ജിയോഗ്രഫിക്കായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അത് ഇപ്പോഴാണ് ഏവരും അറിയുന്നതിനായി വ്യാപകമായി പുറത്ത് വിട്ടിരിക്കുന്നത്.

ഇതിന് മുമ്പ് ഈ ശവക്കല്ലറയുടെയും അതിന് ചുറ്റുമുള്ള നിർമ്മിതികളുടെയും കാലഗണന സങ്കീർണമായിരുന്നു. പുതുക്കിപ്പണിഞ്ഞ ചർച്ചിന് ആയിരം വർഷത്തിൽ താഴെ പ്രായമേയുള്ളുവെന്നായിരുന്നു ഈ അടുത്ത കാലം വരെ ഗവേഷകർ ധരിച്ചിരുന്നത്. എന്നാൽ പുതിയ ഗവേഷണം അനുസരിച്ച് ഇതിന് ഇതിലും പഴക്കമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പൂർണമായും നശിച്ചതിന് ശേഷം എഡി 1009ലാണ് പുതുക്കിപ്പണിഞ്ഞതെന്നും നിഗമനമുണ്ടായിരുന്നു. എന്നാൽ എഡിക്യൂളിന് ഇതിലും പഴയ ഘടനയാണെന്നാണ് ഏയഥൻസ് ടീം നടത്തിയ പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈ സൈറ്റിലെ പുരാതന കുടീരത്തിന്റെ തെളിവുകൾ മാത്രമല്ല ഇവിടെ നിന്നും ലഭിച്ച അവശിഷ്ടങ്ങൾ വെളിപ്പെടുത്തുന്നതെന്നും മറിച്ച് ഇതിന്റെ ചരിത്രപരമായ നിർമ്മാണ ഘടനയും ഇത് വെളിപ്പെടുത്തുന്നുവെന്നാണ് എഡിക്യൂൾ റിസ്റ്റോറേഷൻ പ്രൊജക്ടിന്റെ ഡയറക്ടറായ അന്റോണിയ മോറോപൗലൗ നാഷണൽ ജോഗ്രഫിക്കിനോട് വെളിപ്പെടുത്തുന്നത്.