കൊച്ചി: കന്യാസ്ത്രീകളുടെ പീഡനത്തിനിരയായ കുട്ടികൾ താമസിക്കുന്ന ക്രൈസ്റ്റ് കിങ് കോൺവെന്റിനെതിരെ പൂർവ്വ വിദ്യാർത്ഥിനിയായ സാംസ്കാരിക സംഘടനാ പ്രവർത്തക കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. നിലാവ് എന്ന സാംസ്കാരിക സംഘടനയുടെ ജില്ലാ ചെയർപേഴ്‌സണും ക്രൈസ്റ്റ് കിങ് കോൺവെന്റ് ഗേൾസ് ഹൈസ്‌ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഓർമ പതക്ക് ആണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

താൻ ഇതേ സ്‌ക്കൂളിൽ പഠിച്ചിരുന്ന കാലഘട്ടമായ 2007 ൽ തന്നെ സഹപാഠികളായ കോൺവെന്റിൽ താമസിച്ചിരുന്ന കുട്ടികൾ അവർ അനുഭവിച്ചിരുന്ന കൊടിയ പീഡനങ്ങൾ പങ്കു വെച്ചിരുന്നു. മിക്കപ്പോഴും ക്ലാസ്സുകളിൽ എത്തുമ്പോൾ ശോകമൂകരായാണ് കാണാറ്. കാരണം അന്വേഷിച്ചപ്പോൾ ആദ്യമൊന്നും പറഞ്ഞിരുന്നില്ല. കൂടുതൽ നിർബന്ധിച്ചപ്പോഴാണ് കോൺവെന്റിലെ കന്യാസ്ത്രീകൾ കൊടിയ പീഡനം നടത്തുന്ന വിവരം പറയുന്നത്. അന്നത്തെ കാലത്ത് കുട്ടികൾക്ക് ധൈര്യമില്ലാത്തതും സോഷ്യൽ മീഡിയ സജീവമല്ലാതിരുന്നതും മൂലം ഇക്കാര്യങ്ങളൊന്നും പുറത്ത് വന്നില്ല എന്നും ഓർമ പതക്ക് പറയുന്നു.

കുട്ടികൾ അനുഭവിച്ച ക്രൂരമായ പീഡന കഥകൾ സോഷ്യൽ മീഡയയിലൂടെ പുറത്ത് വന്നതോടെയാണ് നിലാവ് എന്ന സംഘടന സംഭവത്തിൽ ഇടപെടുന്നത്. നിലാവിന്റെ ജനറൽ സെക്രട്ടറി ഷെഫീക്ക് തമ്മനമാണ് ആദ്യമെത്തിയത്. വേണ്ട കാര്യങ്ങളൊക്കെ ചെയ്യാൻ മുൻപന്തിയിലുമുണ്ടായിരുന്നു.

2017 ഓഗസ്റ്റ് 25 ന് ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ കുട്ടികൾ ഒരു പരാതി സമർപ്പിച്ചിരുന്നു. ഇത് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കൈമാറുകയും ചെയ്തു. കോൻവെന്റിന് താക്കീത് നൽകുക മാത്രം ചെയ്തിട്ട് ഇതിന്മേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാ എന്ന് ഷെഫീക്ക് തമ്മനം ആരോപിക്കുന്നു.

അന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫയർ കമ്മറ്റി വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ കുട്ടികൾക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മാസങ്ങൾക്ക് മുൻപ് ലഭിച്ച പരാതിയിന്മേൽ എന്തുകൊണ്ട് ഇവർ നടപടി എടുത്തില്ലാ എന്നത് ദുരൂഹമായി നില നിൽക്കുന്നുണ്ട്. പീഡന വിവരം സോഷ്യൽ മീഡിയ വഴി പുറത്തായില്ലായിരുന്നുവെങ്കിൽ ഈ വിവരം ആരുമറിയാതെ പോകുമായിരുന്നു.

നിയമ പ്രകാരമല്ല പ്രവർത്തിക്കുന്നത് എന്ന് തെളിഞ്ഞതോടെ കോൺവെന്റ് അടച്ചു പൂട്ടാൻ ചൈൽഡ് വെൽഫയർ കമ്മറ്റി ഉത്തരവിട്ടിരിക്കുകയാണ്. എന്നാൽ വാർഷിക പരീക്ഷയും എസ്എസ്എൽസി വിദ്യാർത്ഥികളുടെ മോഡൽ പരീക്ഷയും അടുത്തിരിക്കുന്ന സമയമായതിനാൽ മാർച്ച് 31 വരെ ക്രൈസ്റ്റ് കോൺവെന്റിൽ തന്നെ സുരക്ഷിത താമസ സൗകര്യം ഒരുക്കിയിരിക്കുകയാണെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി അറിയിച്ചു.

വിദ്യാർത്ഥിനികളുടെ കെയർ ടേയ്ക്കർ ആയിരുന്ന സിസ്റ്റർ അമ്പികയെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും, പകരം ക്രൈസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ മാർച്ച് 31 വരെ കെയർ ടേയ്ക്കർ പദവിയിലേക്ക് നിയോഗിച്ചതായും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി. ഇന്നലെ ചൈൽഡ് വെൽഫയർ കമ്മറ്റി (സിഡബ്‌ള്യുസി)യുടെയും ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റി(ഡിസിപിയു)ന്റെയും പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പെൺകുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ മാർച്ച് 31വരെ കോൺവെന്റിൽ താമസിക്കാൻ അനുവദിക്കാൻ തീരുമാനിച്ചത്.

അതേ സമയം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്നത് നിയമ സാധ്യതകൾ എല്ലാം പ്രതികൾക്ക് ഉപയോഗപ്പെടുത്തുവാൻ ആകുമെന്നും മുൻകൂർ ജാമ്യം തേടുകയോ ഒളിവിൽ പോവുകയോ ചെയ്യാൻ സാധ്യത ഏറെയാണെന്നും നിലാവ് പ്രവർത്തകർ ആരോപിക്കുന്നുണ്ട്.