കൊച്ചി: പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റിലെ മാനസിക - ശാരീരിക പീഡനങ്ങളിൽ മനം നൊന്ത് പ്രായപൂർത്തിയാകാത്ത 20 പെൺകുട്ടികൾ പാതിരാത്രിയിൽ ഓടി രക്ഷപ്പെട്ട സംഭവത്തിൽ ,ആരോപണ വിധേയരായ രണ്ട് കന്യാസ്ത്രികളെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാനുള്ള അനുമതിക്ക് അന്വേഷണ സംഘം ഉന്നത പൊലീസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ഉന്നത തല സമ്മർദ്ദവുമായി സഭാ നേതൃത്വവും രംഗത്തുണ്ട്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനാണ് ലോക്കൽ പൊലീസിന്റെ തീരുമാനം. ഇത് മനസ്സിലാക്കിയാണ് സഭാ നേതൃത്വം സജീവമായി ഇടപെടുന്നത്.

കൊടിയ പീഡനമാണ് മാസങ്ങളായി അരങ്ങേറിയതെന്ന പരാതിയിൽ വിദ്യാർത്ഥിനികൾ ഉറച്ചു നിൽക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്ത്. ജാമ്യമില്ലാ വകുപ്പാണിത്. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനാൽ, പ്രതികളായ അംബിക, ഡിൻസി എന്നീ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടി വരും. കോൺവെന്റിലെ ക്രൂരമായ പീഡനത്തിന്റെ വിവരങ്ങളാണ് വിദ്യാർത്ഥിനികളുടെ മൊഴികളിലൂടെ പുറത്ത് വരുന്നത്. സമയത്ത് ഒരിക്കലും ഭക്ഷണം നൽകില്ല. കൊതുക് കടിച്ചാലും, ചൂടെടുത്താലും ഫാനിടാൻ സമ്മതിക്കില്ല. ചെറിയ കാര്യങ്ങൾ നിരത്തി ക്രൂരമായി മർദ്ദിക്കുമെന്നും മൊഴിയുണ്ട്. ഇതാണ് കന്യാസ്ത്രീകൾക്ക് വനിയായത്.

സിസ്റ്റർ അംബികയ്‌ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ. പൊലീസ് കേസെടുത്തതോടെ കോൺവെന്റിന്റെ ചുമതലകളിൽ നിന്ന് ഇവരെ ഒഴിവാക്കി ഇടപ്പള്ളിയിലെ മഠത്തിലേക്ക് തിരികെ വിളിച്ചു. കോൺവെന്റിലെ വിദ്യാർത്ഥിനികളെ സംരക്ഷിക്കുന്ന ചുമതല മറ്റ് രണ്ട് കന്യാസ്ത്രീകൾക്ക് കൈമാറി. ഇതെല്ലാം കേസ് ഒഴിവാക്കാനുള്ള ഇടപെടലായിരുന്നു. എന്നാൽ എഫ് ഐ ആർ ഇട്ടതിനാൽ അറസ്റ്റ് ഒഴിവാക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ കന്യാസ്ത്രീകൾ ജാമ്യത്തിനായി കോടതിയെ സമീപിക്കും. എന്നാൽ കോടതി നിലപാട് എതിരായാൽ പിന്നെ ആർക്കും അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഉന്നത തല സ്വാധീനത്തിന് സഭയുടെ ശ്രമം.

കോൺവെന്റ് വിട്ടോടിയ 20 വിദ്യാർത്ഥിനികളിൽ ഒരാളെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടു പോയി, 14 വിദ്യാർത്ഥിനികളുടെ മൊഴിയെടുക്കൽ ഇന്നലെ പൂർത്തിയാക്കി. ബാക്കിയുള്ളവരുടേത് ഇന്നെടുക്കും. തുടർന്ന് രക്ഷിതാക്കളുടെ മൊഴിയെടുക്കും. എത്താൻ പറ്റാത്തവരെ പൊലീസ് താമസസ്ഥലത്ത് പോയി കാണും. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കാണ് കോൺവെന്റിലെ 24 വിദ്യാർത്ഥിനികളിൽ 20 പേർ രക്ഷപ്പെട്ടത്. പരിഭ്രാന്തരായി റോഡിലൂടെ കൂട്ടത്തോടെ പോയ ഇവരെ നാട്ടുകാർ തടഞ്ഞു നിറുത്തി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. പൊലീസെത്തി രാത്രി തന്നെ വിദ്യാർത്ഥിനികളെ കോൺവെന്റിൽ തിരികെയെത്തിച്ചു.

20 പേരും രക്ഷപ്പെടാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനിച്ചുവെന്നാണ് ഇവർക്കൊപ്പമില്ലായിരുന്ന നാലു വിദ്യാർത്ഥികളുടെ മൊഴി. കോൺവെന്റ് അധികൃതർ ദയയില്ലാതെയാണ് പെരുമാറിയിരുന്നതെന്ന് ഇവരും പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് എല്ലാവരും. തൊട്ടടുത്തുള്ള ഇവരുടെ സ്‌കൂളിൽ തന്നെയാണ് പഠനം. വാർത്ത പുറത്ത് വന്നതോടെ, പ്രതിഷേധവുമായി നാട്ടുകാർ കോൺവെന്റിലെത്തിയിരുന്നു. കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നും, സ്വമേധയാ ഇറങ്ങിപ്പോയെന്നുമാണ് കോൺവെന്റ് അധികൃതർ പൊലീസിനോട് പറഞ്ഞത്. പക്ഷേ മൊഴി എതിരായത സാഹചര്യത്തിൽ കേസ് എടുക്കുകയായിരുന്നു.

ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടിയപ്പോൾ സവാളയാണെന്ന് പറഞ്ഞ് തീറ്റിപ്പിച്ചു. പുഴുവിനെ ചൂണ്ടിക്കാട്ടിയതിന് ഒരാഴ്ച മുഴുവൻ കഞ്ഞിയും അച്ചാറും. വീട്ടിൽ നിന്നും മാതാപിതാക്കൾ വന്നാൽ ഇവളെയൊക്കെ ഇവിടെ നിർത്താതെ കെട്ടിച്ചു വിട്ടു കൂടെ എന്ന് പറഞ്ഞ് ആക്ഷേപിക്കും. റൂമിന്റെ താക്കോൽ കാണാതെ പോയതിന് രാത്രി മുഴുവൻ പുറത്ത് കിടത്തി. ഈ കൊടിയ പീഡനങ്ങളൊക്കെയാണ് കുട്ടികളുടെ മൊഴികളിലൂടെ പുറത്തുവന്നത്. കുട്ടികൾ പുറത്തുവന്നു പ്രതിഷേധിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തങ്ങൾക്കു മതിയായ ഭക്ഷണം നൽകാതെ കന്യാസ്ത്രീകൾ പീഡിപ്പിക്കുകയാണെന്നും കുട്ടികൾ പറഞ്ഞു. ഫാനിടാൻ പോലും കുട്ടികൾക്ക് കോൺവെന്റിൽ അനുവാദമില്ല. ഫാനിടാൻ കന്യസ്ത്രീയോട് അനുവാദം ചോദിച്ച കുട്ടിയോട് 'നീ വീട്ടിൽ നിന്ന് ഫാൻ കൊണ്ടുവന്നിട്ടുണ്ടോയെന്നു' ചോദിച്ചെന്നു കുട്ടികൾ പറഞ്ഞു . തങ്ങളുടെ മാതാപിതാക്കളെ അധിക്ഷേപിച്ചു സംസാരിക്കുക കന്യാസ്ത്രീകളുടെ വിനോദമാണെന്നു പറഞ്ഞ കുട്ടികൾ, പത്താം ക്ലാസ്സിൽ പഠിക്കുന്നവരോട് ഈ വർഷം പരീക്ഷ എഴുതണ്ടേന്നു കന്യാസ്ത്രീകൾ പറഞ്ഞതായും വെളിപ്പെടുത്തി.

തോൽക്കുമെന്ന് പറഞ്ഞാണ് തങ്ങളെ പരീക്ഷ എഴുതാൻ സമ്മതിക്കാത്തതെന്നും അവർ വിശദീകരിച്ചു. കഴിഞ്ഞ ദിവസം കന്യാസ്ത്രീകൾ ഇവരെ അധിക്ഷേപിച്ചു കോൺവെന്റിൽ നിന്ന് ഇറക്കിവിട്ടിരുന്നു .തുടർന്ന് കുട്ടികൾ പുറത്തുനിൽക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പ്രശ്‌നത്തിൽ ആദ്യം ഇടപെട്ടത് . തുടർന്ന് ഇവർ അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി കുട്ടികളെ കണ്ടു . രാവിലെ എസ്ഐ വന്നു കാര്യം പ്രശ്ന പരിഹാരം കാണാമെന്ന് പറയുമ്പോൾ, കന്യാസ്ത്രീകൾ ഉപദ്രവിക്കുമെന്നു പറഞ്ഞു കുട്ടികൾ നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.