- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യരെ നശിപ്പിക്കുന്ന ജിഹാദിസ്റ്റുകൾ എല്ലാ മേഖലയിലും സജീവമാകുന്നു; ഇത്തരത്തിൽ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണ്; കേരളത്തിൽ ക്രിസ്ത്യൻ വംശഹത്യ വ്യാപകമാകുകയാണെന്ന് ഫാദർ സേവ്യർ ഖാൻ വട്ടായിൽ; ഇത് എട്ടുനോമ്പിന്റെ ചിന്തകൾ എന്നമട്ടിൽ ക്രൈസ്തവപ്രഭാഷകർ വിദ്വേഷരാഷ്ട്രീയവും അപരവിദ്വേഷവും വിളമ്പലെന്ന് ഫാ ജോസ് വള്ളിക്കാട്ടും; ധ്യാന ഗുരുവിന്റെ പ്രസ്താവനയിൽ വിവാദ ചർച്ച തുടരുമ്പോൾ
ആലപ്പുഴ: പാലക്കാട് താവളം സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ നടത്തിയ പ്രസംഗത്തിൽ സോഷ്യൽ മീഡിയ ചർച്ച തുടരുന്നു. എട്ടുനോമ്പാചരണത്തിനു മുന്നോടിയായി പ്രമുഖ ധ്യാന ഗുരുവായ വൈദികൻ നടത്തിയ പ്രസംഗം വിവാദത്തിലാണ്. അനുകൂലിച്ചും എതിർത്തും സാമൂഹികമാധ്യമങ്ങളിൽ ചർച്ച തുടരുകയാണ്.
വർഗീയതയും മുസ്ലിംവിരുദ്ധതയും നിറഞ്ഞ പ്രസംഗം സംഘപരിവാറിനെ പ്രീണിപ്പിക്കാനാണെന്നാണ് ഒരു പക്ഷത്തിന്റെ ആരോപണം. പ്രസംഗം മെത്രാന്മാർ പോലും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വൈദികരും എതിർപ്പുമായി എത്തി. ഉത്തരേന്ത്യയിൽ സേവനംചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഫാ. ജോസ് വള്ളിക്കാട്ടാണ് ഏറ്റവും രൂക്ഷവിമർശനമുന്നയിച്ചത്.
കേരളത്തിൽ ക്രിസ്ത്യൻ വംശഹത്യ വ്യാപകമാകുന്നെന്നായിരുന്നു ഫാദർ സേവ്യർ ഖാൻ വട്ടായിലിന്റെ വിമർശനം. കേരളത്തിലെ ഇന്നത്തെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകൾ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയാണെന്നും ഫാദർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റ മാറിവരുന്ന സാഹചര്യങ്ങൾ അതീവ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. എല്ലായിടത്തും തീവ്രവാദ സ്വഭാവ ഗ്രൂപ്പുകൾ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങൾക്കാണ് നാം സാക്ഷിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാണ് വിമർശന വിധേയമാകുന്നത്.
സമൂഹത്തിലെ ഓരോരുത്തരെയും ചില ഗ്രൂപ്പുകൾ വാങ്ങിവെച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു സമുദായത്തെ വംശഹത്യ ചെയ്യുകയാണ് ഇവരുടെയെല്ലാം ഉദ്ദേശ്യമെന്നും ഫാദർ ചൂണ്ടിക്കാട്ടി.കേരളത്തിലും കർണ്ണാടകത്തിലും ഐ.എസ് തീവ്രവാദ ഗ്രൂപ്പുകൾ പിടിമുറുക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് തന്നിരിക്കുകയാണ്. എന്നിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ലെന്നും ഫാദർ ചൂണ്ടിക്കാട്ടി.
സേവ്യർ ഖാൻ വട്ടായിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം
2006നും '10-നുമിടയിൽ മൂവായിരത്തിലധികം ക്രിസ്തീയ യുവതികൾ പ്രേമത്തിൽക്കുടുങ്ങി ഇതര മതവിഭാഗങ്ങളിൽ പോയി. 2016 മുതലുള്ള മൂന്നുവർഷത്തിനിടെ കേരളത്തിൽ 5,000-ത്തോളം കുട്ടികളെയും 19,000-ത്തോളം സ്ത്രീകളെയും കാണാതായി. ഇതിന്റെ പുറകിൽ ആരാണ്? കേരളത്തിലും കർണാടകത്തിലും ഐ.എസ്. സാന്നിധ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭപോലും അംഗീകരിച്ചിരിക്കുന്നു. കേരളത്തിൽ തീവ്രവാദം പടരുകയാണ്. ക്രിസ്തീയസമൂഹം അന്യംനിന്നുപോകുന്നു. വംശഹത്യ നേരിടുന്നു. 20 വർഷത്തിനിടെ സമൂഹം മാറി. തീവ്രവാദം വളരുകയാണ്. സമാധാനരാജ്യമായിരുന്ന സ്വീഡനിൽപ്പോലും പ്രശ്‌നങ്ങളുണ്ടായി...
ഇതിനെയാണ് ഫാ. ജോസ് വള്ളിക്കാട്ടിനെ പോലുള്ളവർ വിർശിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിൽനിന്ന്: വട്ടായിലച്ചന്റെ രാഷ്ട്രീയപ്രസംഗം കേട്ട് സ്തബ്ധനായെന്നേ പറയേണ്ടൂ. അതുഭയങ്കര സംഭവമാണെന്നമട്ടിൽ മെത്രാനച്ചന്മാർ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്നതെന്ന വിമർശനവും അദ്ദേഹം ഉയർത്തുന്നു.
ഫാ. ജോസ് വള്ളിക്കാട്ടിന്റെ പോസ്റ്റിൽ നിന്ന്:
വട്ടായിലച്ചന്റെ രാഷ്ട്രീയപ്രസംഗം കേട്ട് സ്തബ്ധനായെന്നേ പറയേണ്ടൂ. അതുഭയങ്കര സംഭവമാണെന്നമട്ടിൽ മെത്രാനച്ചന്മാർ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുമ്പോൾ, ആത്മാവും ബുദ്ധിയുമില്ലാത്ത പൊണ്ണത്തടികൾക്കുവേണ്ടിയാണല്ലോ നാം മാർ എന്ന് അഭിസംബോധനചെയ്ത് എല്ലാ കുർബാനയിലും പ്രാർത്ഥിക്കുന്നത് എന്നോർത്ത് ഹൃദയം നുറുങ്ങുന്നു. ആരും ചോദ്യംചെയ്യില്ലെന്നു കരുതുന്ന ആത്മീയപാലകനായ വട്ടായിലച്ചൻ രാഷ്ട്രീയത്തിൽ കേവലം ശിശുവും അൺപ്രൊഫഷണലുമാണെന്ന് പ്രസംഗം തെളിയിച്ചു.
ഭാഷാവരം, സൗഖ്യവരം എന്നൊക്കെ തള്ളിമറിച്ച്, ഭീതിയിലൂടെ വിശ്വാസികളെ വരുതിയിലാക്കുന്ന പോലെയല്ല രാഷ്ട്രീയപ്രസംഗമെന്ന് പരിശുദ്ധാത്മാവ് ഒരിക്കലും വെളിപ്പെടുത്തിക്കൊടുക്കില്ല. പരിശുദ്ധാത്മാവിന്റെ ഡൊമൈൻ ആത്മീയതയാണ്, രാഷ്ട്രീയമല്ല. എട്ടുനോമ്പിന്റെ ചിന്തകൾ എന്നമട്ടിൽ ക്രൈസ്തവപ്രഭാഷകർ വിദ്വേഷരാഷ്ട്രീയവും അപരവിദ്വേഷവും വിളമ്പിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രമുഖൻ സേവ്യർ ഖാൻ വട്ടായിൽ എന്ന വൈദികനാണെന്നത് സഭയുടെ നിലവാരത്തകർച്ചയുടെ ചിത്രം വരച്ചിടുന്നു...
മറുനാടന് മലയാളി ബ്യൂറോ