ന്ത്യയിലേറ്റവും കൂടുതൽ ക്രൈസ്തവരുള്ള നാടാണ് നാഗാലാൻഡ്. 96 ശതമാനത്തിലേറെ നാഗാലാൻഡുകാരും ക്രിസ്ത്യാനികളാണ്. ആദിവാസികൾ മാത്രമുണ്ടായിരുന്ന നാഗാലാൻഡിലേക്ക് 19-ാം നൂറ്റാണ്ടിലെത്തിയ ബ്രിട്ടീഷുകാരാണ് കൂട്ട മതപരിവർത്തനം നടത്തിയത്. എന്നാലിപ്പോൾ, തങ്ങളുടെ പാരമ്പര്യത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷവും. ക്രൈസ്തവരായിരിക്കെ, തങ്ങളുടെ പഴയ ആചാരങ്ങളെയും വിശ്വാസങ്ങളെയും കൈവിടാൻ അവരാരും തയ്യാറുമല്ല.

റോങ്‌മെയി, സെലിയാങ് തുടങ്ങിയ നാഗാ വിഭാഗങ്ങളാണ് നാഗാലാൻഡിൽ ക്രൈസ്തവരല്ലാതെയുള്ളത്. എന്നാൽ, അംഗാമി നാഗകളുൾപ്പെടെയുള്ള പല വിഭാഗങ്ങളും ഇപ്പോൾ പഴയ മതത്തിലേക്ക് തിരിച്ചുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. കൊഹിമയിൽനിന്നും 19 കിലോമീറ്റർ അകലെയുള്ള വിശ്വേമ ഗ്രാമത്തിലെ അമ്പതോളം അംഗാമി നാഗാ കുടുംബങ്ങൾ ക്രൈസ്തവരായിരിക്കെ, നാഗാ വിശ്വാസങ്ങൾ പിന്തുടരുന്നവരാണ്.

ഇതുപോലെയാണ് പല നാഗാ ഗ്രാമങ്ങളിലെയും അവസ്ഥ. തങ്ങൾ നാഗന്മാരാണെന്നും ബ്രിട്ടീഷുകാരല്ലെന്നും അവർ പറയുന്നു. ക്രൈസതമതം ബ്രിട്ടീഷുകാരുടേതാണെന്നും അവർ പറയുന്നു. ബ്രിട്ടീഷുകാരോ മറ്റ് കുടിയേറ്റക്കാരോ എത്തുന്നതിന് മുന്നെ നാഗാ വിശ്വാസം ഇവിടെയുണ്ടായിരുന്നു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിശ്വാസങ്ങൾ എത്തുന്നതിന് മുന്നെയുള്ള ആ ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും തിരിച്ചുപോണമെന്നാണ് കൂടുതൽ പേരുടെയും ആഗ്രഹമെന്നും അവർ പറയുന്നു.

ബൈബിൾ വായിക്കുകയും ക്രൈസ്തവ രീതികൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിലും നാഗന്മാർ അവരുടെ വിശ്വാസങ്ങൾ കൈവിട്ടിട്ടില്ല. എന്നാൽ, നാഗാ സംസ്‌കാരത്തെ ഇല്ലാതാക്കാൻ ക്രൈസ്തവ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ചസ് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ.ഡോ. സെഹ്ലൂ കെയ്‌ഹോ പറയുന്നു. പാരമ്പര്യ ഗോത്രത്തിൽനിന്ന് പുറത്തുവന്നുവെന്നതുകൊണ്ട് നാഗാ സംസ്‌കാരം ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നാഗാ സംസ്‌കാരമെന്നത് സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും സംസ്‌കാരമാണ്. അതൊരിക്കലും ആഘോഷങ്ങളുടേത് മാത്രമല്ല. നാഗാലാൻഡിലെ ഉത്സവപ്രതീതിയാർന്ന ആഘോഷങ്ങളല്ല സംസ്‌കാരത്തിന്റെ തെളിവുകളെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങളുടെ പരമ്പരാഗതമായ വേഷവിധാനങ്ങൾ പാടില്ലെന്നോ നൃത്തം ചെയ്യരുതെന്നോ അർഥമില്ലെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന് കടപ്പാട് : ഇന്ത്യൻ എക്സ്‌പ്രസ്