ലണ്ടൻ: ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന ഫുട്ബോൾ താരങ്ങളിൽ മെസിയെ പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള ചേക്കേറലാണ് ഒന്നാമത് എത്താൻ ക്രിസ്റ്റ്യാനോയെ തുണച്ചത്. 2021-22 വർഷത്തിൽ 125 മില്യൺ ഡോളറാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലം. ഇതിൽ 70 മില്യൺ മാഞ്ചസ്റ്റർ യുനൈറ്റഡിലെ സാലറിയും ബോണസുമാണ്. 55 മില്യൺ ഡോളർ കൊമേഴ്ഷ്യൽ ഡീലുകളിലൂടേയും ലഭിക്കും. കോമേഴ്ഷ്യൽ ഡീലുകളിലൂടെയുള്ള വരുമാനത്തിൽ റോജർ ഫെഡറർ(90മില്യൺ ഡോളർ), ലെബ്രോൺ ജെയിംസ്(65 മില്യൺ ഡോളർ), ടൈഗർ വുഡ്സ് (60 മില്യൺ ഡോളർ) എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മുൻപിലുള്ളത്.

ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന ഫുട്ബോൾ താരങ്ങളിൽ 110 മില്യൺ ഡോളറോടെയാണ് മെസി രണ്ടാം സ്ഥാനത്ത്. 75 മില്യൺ ഡോളറാണ് ഇവിടെ പിഎസ്ജിയിൽ നിന്നുള്ള മെസിയുടെ പ്രതിഫലം. 95 മില്യൺ ഡോളർ പ്രതിഫലവുമായി നെയ്മറാണ് മൂന്നാമത്. 75 മില്യൺ ഡോളറാണ് പിഎസ്ജിയിൽ നിന്നുള്ള നെയ്മറുടെ സാലറിയും ബോണസും.

മറ്റൊരു പിഎസ്ജി താരമായ എംബാപ്പെയാണ് നാലാമത്. 43 മില്യൺ ഡോളറാണ് എംബാപ്പെയ്ക്ക് ലഭിക്കുന്നത്. ഇതിൽ പിഎസ്ജിയിൽ നിന്നുള്ള സാലറിയും ബോണസും 28 മില്യൺ ഡോളർ. ഇവിടെ അഞ്ചാമത് വരുന്നത് മുഹമ്മദ് സല. 41 മില്യൺ ഡോളറാണ് സലയുടെ വരുമാനം. ഇതിൽ ലിവർപൂളിൽ നിന്നുള്ള പ്രതിഫലം 25 മില്യൺ ഡോളർ.

റോബർട്ട് ലെവൻഡോസ്‌കിയാണ് ആറാം സ്ഥാനത്ത്. 35 മില്യൺ ഡോളറാണ് ബയേൺ മുന്നേറ്റ നിര താരത്തിന്റെ വരുമാനം. ഇതിൽ ബയേണിൽ നിന്നുള്ള ഈ വർഷത്തെ പ്രതിഫലം 27 മില്യൺ. ബാഴ്സ മുൻ താരം ഇനിയെസ്റ്റയാണ് ഏഴാമത്. വിസെൽ കോബെയ്ക്ക് വേണ്ടിയാണ് ഇനിയെസ്റ്റ ഇപ്പോൾ കളിക്കുന്നത്. 35 മില്യൺ ഡോളറാണ് പ്രതിഫലം.

മാഞ്ചസ്റ്റർ യുനൈറ്റഡ് താരം പോൾ പോഗ്ബയാണ് 9ാം സ്ഥാനത്ത്. 34 മില്യൺ യൂറോ പോഗ്ബയ്ക്ക് പ്രതിഫലമായി ലഭിക്കുമ്പോൾ 27 മില്യൺ യുറോയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിലെ സാലറി. ഗാരത് ബെയ്ൽ ആണ് ഇവിടെ 10ാം സ്ഥാനത്ത്. 32 മില്യൺ ഡോളർ പ്രതിഫലം പ്രതീക്ഷിക്കുന്ന താരത്തിന് 26 മില്യൺ ഡോളറാണ് റയലിലെ പ്രതിഫലം.