കണ്ണൂർ: ക്രിസ്തുമസ്സ് -പുതുവത്സര കേക്കുകൾക്ക് തിളങ്ങാൻ അലൂമിനിയം മെറ്റൽ ലായനി. ചോക്ലേറ്റ് കേക്കിൽ കഫീനും ഹെവി മെറ്റലും. നിരോധിക്കപ്പെട്ട അമരാന്തിന് പകരം നിറം നൽകാൻ ബദൽ രാസവസ്തുക്കൾ. ക്രിസ്തുമസ് കേക്കുകൾ വിഷമയമാകുന്നത് ഇങ്ങിനെ. ആയിരം കിലോ ഗ്രാം മൈദയിൽ ഒരു ഗ്രാം മാത്രം ചേർക്കാവുന്ന 'ടാർറ്റസൈൻ ' എന്ന രാസ വസ്തു കൈക്കണക്കിന് ചേർത്ത് ഉത്പ്പാദിപ്പിക്കുന്ന ബേക്കറികളും സംസ്ഥാനത്തുണ്ട്.

നൂറ് ഗ്രാം പാക്കറ്റിൽ ലഭിക്കുന്ന ടാർറ്റസൈൻ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് വിപണിയിലെത്തുന്നത്. എന്നാൽ അന്യ സംസ്ഥാന തൊഴിലാളികൾ ബേക്കറി തൊഴിലിൽ ആധിപത്യം സ്ഥാപിച്ചതോടെ രാസവസ്തുക്കൾ ചേർക്കുന്നതിൽ അളവു തൂക്കങ്ങൾ ഒന്നും ബാധകമാവുനിന്നില്ല. അനുവദനീയമായ രാസവസ്തുക്കൾ തന്നെ അമിതമായി ഉപയോഗിക്കുന്നത് മനുഷ്യ ജീവന് ഹാനികരമായി ബാധിക്കുന്നതാണ്.

ക്രിസ്തുമസ്സ് പുതുവത്സര കാലത്ത് കേക്കുകൾ ഉൾപ്പെടെുള്ള ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് നിയന്ത്രിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് 40 സ്‌ക്വാഡുകളെ സംസ്ഥാനത്ത് പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഓരോ വർഷവും രാസവസ്തുക്കളുടെ അമിത ഉപയോഗം തുടരുകയാണ്. കേക്കുകളെ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന ലോഹ ലായനി ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു.

കേക്കിന് തിളക്കം നൽകിയാൽ അഞ്ചും ആറും ഇരട്ടി വില ഈടാക്കാം എന്നതാണ് ഇതിന് പ്രേരണ നൽകുന്നത്. ഒരു കിലോ ഗ്രാം കേക്ക് ഉത്പ്പാദിപ്പിക്കാൻ നൂറോ നൂറ്റി ഇരുപതോ രൂപ മാത്രമാണ് വില വരുന്നതെങ്കിലും അഞ്ഞൂറ് മുതൽ ആയിരം രൂപ വരെയാണ് വില ഈടാക്കുന്നത്. മായം ചേർക്കലും വിലയിലുള്ള ചൂഷണവും വ്യാപകമായിരിക്കയാണ്. കഴിഞ്ഞ ക്രിസ്തുമസ്സ് കാലത്തു തന്നെ കഫീൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്ത കേക്കുകൾ വിപണിയിലെത്തിയിരുന്നു.

ഇത്തവണ ക്രിസ്തുമസ്സ് കാലത്തെ കേക്കുകൾ ഭൂരിഭാഗവും വിലപ്പന നടന്നു കഴിഞ്ഞു. അതിൽ തന്നെ സാമ്പിലെടുത്തും പിഴ ചുമത്തലും തുടരുന്നുവെങ്കിലും രാസവസ്തുക്കൾ ചേർത്ത കേക്കുകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. കേക്കിന്റെ പാക്കിന് പുറത്ത് പാൽ കൊഴുപ്പ് ചേർത്തത് എന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും താഴ്ന്ന സസ്യ എണ്ണ ഹൈഡ്രജനേറ്റ് ചെയ്താണ് കൊഴുപ്പ് ഉണ്ടാക്കുന്നത്. പാൽ കൊഴുപ്പ് പേരിനു പോലും ചേർക്കുന്നില്ല എന്ന് വ്യക്തം. ഇത്തരത്തിലുള്ള കേക്കുകളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ സ്‌ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.

കാൻസർ, ഉദര രോഗങ്ങൾ, എന്നിവ ക്ഷണിച്ചു വരുത്തുന്ന കേക്കുകളാണ് മാർക്കറ്റിൽ സുലഭമായി വിറ്റഴിയുന്നത്. വൃത്തിയില്ലാത്ത സാഹചര്യത്തിൽ ശുചി മുറിക്ക് സമീപം കേക്കിന്റെ ഉത്പ്പാദനവും പാക്കിങ്ങും നടക്കുന്നതായും പരിശോധനാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബോധപൂർവ്വം മായം ചേർത്ത് ബേക്കറികളുടെ അലമാരയിൽ പ്രദർശിപ്പിക്കപ്പെട്ട തിളക്കമാർന്ന കേക്കുകൾ പരിശോധനക്ക് എത്തും മുമ്പേ അപ്രത്യക്ഷമായി കഴിഞ്ഞതായും വിവരമുണ്ട്.

സംസ്ഥാനത്തെ ബേക്കറികളിൽ നിന്നും ഒട്ടേറെ സാമ്പിളുകൾ എടുത്തും പിഴ ചുമത്തിയും നോട്ടീസ് നൽകിയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ട് പോവുകയാണ്. പുതുവത്സരാഘോഷം അവസാനിക്കും വരെ സ്‌ക്വാഡിന്റെ പരിശോധന തുടരും.