ന്യൂജേഴ്‌സി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം (ലൂക്ക 2,14) നന്മയുടേയും, സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശം ലോകത്തിനു നൽകിയ യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ച് സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയം ഈവർഷത്തെ ക്രിസ്തുമസ് ഭക്തിനിർഭരമായി ആഘോഷിച്ചു. ക്രിസ്തുമസ് ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടുള്ള തിരുകർമ്മങ്ങൾ 6.30-നുള്ള കരോൾ ഗാനാലാപനത്തോടെ ആരംഭിച്ചു. കുട്ടികളും, യുവാക്കളും മുതിർന്നവരും ഇംഗ്ലീഷിലും, മലയാളത്തിലും തിരുപ്പിറവി അനുസ്മരിച്ചുകൊണ്ട് ഭക്തിനിർഭരവും ശ്രുതിമധുരവുമായ ഗാനങ്ങൾ ഗായകസംഘം ആലപിച്ച് പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

തുടർന്ന് ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ഷിക്കാഗോ രൂപതയുടെ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യകാർമികനായിരുന്നു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, ഫാ. പീറ്റർ, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ സഹകാർമികരായി. യേശുക്രിസ്തു ജനിച്ച വിവരം മാലാഖമാർ തീകായുന്ന ആട്ടിടയരെ ആദ്യമായി അറിയിച്ചതിനെ അനുസ്മരിക്കുന്ന തീയുഴിയൽ ശുശ്രൂഷ ദേവാലയത്തിനു പുറത്തുള്ള ഗ്രോട്ടോയ്ക്ക് സമീപം നടത്തപ്പെട്ടു.



ദിവ്യബലി മധ്യേ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുപ്പിറവി സന്ദേശം നൽകി. ഇരുളിനെ ഭേദിച്ചെത്തിയ വെളിച്ചത്തിന്റെ ദിവ്യപ്രഭയിൽ ദൈവപുത്രനെ കണ്ട ആട്ടിടയന്മാരുടെ കഥയിലൂടെ ക്രിസ്തുമസ് സന്ദേശം നൽകപ്പെട്ടു. വെളിച്ചമില്ലാതെ ക്രിസ്തുമസ് ആകില്ലെന്നും, ആത്മാവിലും, ഹൃദയത്തിലും വെളിച്ചമുണ്ടാകട്ടെ എന്നും, ദേവാലയത്തിലെ ഈശ്വരസാന്നിധ്യം ഓരോ വ്യക്തികളിലേക്കും, കുടുംബങ്ങളിലേക്കും നിറയട്ടെ എന്നും സന്ദേശത്തിൽ പറഞ്ഞു.

തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരമായി ദേവാലയത്തിൽ തീർത്ത പുൽക്കൂടിന് യുവജനങ്ങൾ നേതൃത്വം നൽകി. ജെയിംസ് പുതുമനയുടെ നേതൃത്വത്തിൽ ഗ്രോട്ടോയ്ക്ക് സമീപം മനോഹരമായി അലങ്കരിച്ച ക്രിസ്തുമസ് ട്രീയും ഉയർന്നു. ട്രസ്റ്റിമാരായ ടോം പെരുമ്പായിൽ, തോമസ് ചെറിയാൻ പടവിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ ക്രിസ്തുമസ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. ക്രിസ്തുമസ് ആഘോഷങ്ങൾ ഭക്തിനിർഭരവും പ്രൗഢഗംഭീരവുമാക്കി തീർക്കാൻ സഹായിച്ച എല്ലാവർക്കും ഇടവക വികാരി തോമസ് കടുകപ്പള്ളി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് തിരശീല വീണു. വെബ്: www.stthomassyronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.