തിരുവനന്തപുരം: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷിക്കുന്നു. പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ കൈമാറിയുമാണ് ലോകജനത തിരുപ്പിറവിദിനം ആഘോഷമാക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ തുടർച്ചയായി ഓമിക്രോൺ വ്യാപനം തീർത്ത ആശങ്കകൾ നിലനിൽക്കെ കർശന നിയന്ത്രണങ്ങൾ പാലിച്ചാണ് ഇത്തവണ ആഘോഷങ്ങൾ.

ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിലാണ് ലോകം. നക്ഷത്രവിളക്കും സാന്റയേയും കേക്കും ഒരുക്കി മലയാളികളും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളിൽ പാതിരാ കുർബാനകളോടെയാണ് പുണ്യദിനത്തെ വരവേറ്റത്.

വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് വിശ്വാസികൾ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നാണ് ലോകമൊന്നാകെ ക്രിസ്മസ് ആഘോഷിക്കുന്നത്. ആഘോഷത്തിന് വർണശോഭ നൽകി അലങ്കാര വിളക്കുകളും പുൽകൂടുകളും പാട്ടുകളുമുണ്ട്. തിരുപ്പിറവിയുടെ സന്ദേശങ്ങൾ പകർന്ന് പള്ളികളിൽ പ്രത്യേക പാതിരാ കുർബാനയും തിരുകർമങ്ങളും നടന്നു.

ലോകത്തെ വിവിധ രാജ്യങ്ങളും ക്രിസ്മസ് ആഘോഷത്തിലാണ്. തിരുപ്പിറവിയെ നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെ വീടുകളിൽ ഒരുക്കി നാടും നഗരവും ക്രിസ്തുമസിനെ വരവേറ്റു. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷം.അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.

സ്‌നേഹം, ത്യാഗം, സമാധാനം... മനുഷ്യ ജീവിതം അതിന്റെ പൂർണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നൽകിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാർത്യമായ ദിനമാണ് ക്രിസ്മസ് ആയി ലോകമെങ്ങും ആഘോഷിക്കുന്നത്. കോവിഡ് പ്രതിസന്ധിയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറയുന്നു. ക്രിസ്മസ് സമാധാനവും, ഐക്യവും, അനുകമ്പയും വളർത്തുകയും സമൂഹത്തിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസിന്റെ സന്തോഷ വേളയിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു, പ്രത്യേകിച്ചും ക്രിസ്ത്യൻ സഹോദരി സഹോദരന്മാർക്ക്. ക്രിസ്തുവിന്റെ ആശയങ്ങളും ഉപദേശങ്ങളും ഉൾക്കൊണ്ട് കൊണ്ട് അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങളിൽ അടിസ്ഥിതമായ സമൂഹം വാർത്തെടുക്കാൻ പരിശ്രമിക്കാമെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു ക്രിസ്തുമസ് വഴി തുറക്കുന്നതാണെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചത്. യേശു പ്രതിനിധീകരിച്ച മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും, നമ്മെക്കാൾ കുറഞ്ഞ ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവരോടു അനുഭാവപൂർവം പെരുമാറാനും ഉപരാഷ്ട്രപതി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ സമാധാനം, സഹിഷ്ണുത, സന്തുലനം എന്നിവയിൽ അധിഷ്ഠിതമായ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിനായി പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സാഹോദര്യവും സമത്വവും സ്‌നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്തസത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നൽകുന്നത് 'ഭൂമിയിൽ സമാധാനം' എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവർണറുടെ സന്ദേശത്തിൽ പറയുന്നു. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെയെന്ന് ഗവർണർ ആശംസിച്ചു

കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും വീടുകളിലും ആരാധനാലയങ്ങളിലും പുൽക്കൂടൊരുക്കിയും അലങ്കരിച്ചും തിരുപ്പിറവി ആഘോഷമാക്കുകയാണ് വിശ്വാസ സമൂഹം. ഭൂമിയിൽ സന്മസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്‌ത്തുകയാണ് ലോകം. ഏവർക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ ക്രിസ്തുമസ് ആശംസകൾ