ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാർ ഇടവകയിലെ ഈവർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ അതുല്യമായ ആത്മീയാനുഭവമായി മാറി. കേരള ക്രൈസ്തവരുടെ പരമ്പരാഗത ക്രിസ്മസ് അനുഷ്ഠാനങ്ങൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, വികാരി ഫാ. മാത്യു മുഞ്ഞനാട്ട് എന്നിവർ കാർമികരായ തിരുകർമ്മങ്ങളിൽ റവ.ഡോ. തോമസ് വളയത്തിൽ ക്രിസ്മസ് സന്ദേശം നൽകി. മലയാളി ക്രൈസ്തവരുടെ പരമ്പരാഗത ക്രിസ്മസ് കർമ്മങ്ങളായ ഉണ്ണിയേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഉണ്ണിയേശുവിനെ തീ കായിക്കൽ ചടങ്ങുകൾക്ക് വികാരി ഫാ. മാത്യു മുഞ്ഞനാട്ട് നേതൃത്വം നൽകി.

സമാധാനത്തിന്റേയും സന്തോഷത്തിന്റേയും ദിനമായ തിരുപ്പിറവിയുടെ സന്ദേശം പകർന്ന് നൽകുന്ന മനോഹരമായ പുൽക്കൂട് നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത് അനീഷ് കൊട്ടേരി, റ്റോമി സിറിയക്, ഷാജു ജോസഫ് എന്നിവരാണ്. വിശുദ്ധരുടെ തിരുനാളുകൾക്കും ക്രൈസ്തവാഘോഷങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ തയാറാക്കിയ 2015-ലെ കലണ്ടറിന്റെ പ്രകാശനകർമ്മവും ക്രിസ്മസ് ദിനത്തിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി വികാരി ഫാ. മാത്യു മുഞ്ഞനാട്ട് കേക്ക് മുറിച്ച് ഇടവകാംഗങ്ങൾക്ക് വിതരണം ചെയ്തു.

വിവിധ ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ അശോക് പാട്രിക്, റ്റോമി സിറിയക് എന്നിവർ മുഖ്യ സംഘാടകരായി. മാത്യു ജോസ് കുര്യംപറമ്പിൽ അറിയിച്ചതാണിത്.