- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്ശ്രീരാം വിളികളോടെ സ്കൂളിലെത്തിയ സംഘം ക്രിസ്മസ് ആഘോഷം തടഞ്ഞു; ക്രിസ്തുവിനെ സ്തുതിച്ചത് പ്രദേശവാസികളെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ചു ആളുകൾ; മതപരിവർത്തനം ചെയ്യാനുള്ള ശ്രമമെന്നും ആരോപണം; സംഭവം ഹരിയാനയിൽ ഹൗസ് ഹോപ്പ് ഗുർഗാവിൽ സംഘടിപ്പിച്ച പരിപാടിക്കിടെ
ഗുരുഗ്രാം: ന്യൂനപക്ഷങ്ങൾക്ക് നേരുള്ള ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നു എന്ന ആക്ഷേപം ശക്തമാകവേ നടുക്കുന്ന മറ്റൊരു സംഭവം കൂടി. സ്വകാര്യ സ്കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷം പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞതാണ് വിവാങ്ങൾക്ക് ഇടയാക്കിയത്. ഹരിയാനയിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ജയ്ശ്രീരാം, ഭാരത് മാതാ കീ ജയ് വിളികളോടെ സ്കൂളിലെത്തിയ സംഘം ക്രിസ്തുമസ് ആഘോഷം തടയുകയായിരുന്നു. സംഭവം സംഘർഷത്തിലേക്ക് കലാശിക്കാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.
ഗുർഗാവിലെ പട്ടൗടി നഗരത്തിലെ സ്കൂളിലാണ് സംഭവം. ഹൗസ് ഹോപ്പ് ഗുർഗാവ് എന്ന സംഘം സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷമാണ് തടഞ്ഞത്. പരിപാടിക്കിടെ ഒരു ഗാനത്തിന് ശേഷം ഇവർ ക്രിസ്തുവിനെ സ്തുതിച്ചത് പ്രദേശവാസികളിൽ ചിലരെ പ്രകോപിപ്പിക്കുകയായിരുന്നു. കുട്ടികളെ മതപരിവർത്തനം ചെയ്യാനുള്ള ശ്രമമാണെന്ന് ഇവർ ആരോപച്ചു. ഇതോടെ സ്കൂൾ അധികൃതർ ഇടപെട്ട് ഹൗസ് ഹോപ്പ് സംഘത്തെ തിരിച്ചയച്ചു.
സംഭവം അറിഞ്ഞ നരേന്ദ്ര സിങ് പഹരി എന്ന പ്രദേശിക രാഷ്ട്രീയ നേതാവ് തന്റെ അനുയായികളോടൊപ്പം സ്കൂളിലെത്തുകയായിരുന്നു. ക്രിസ്തുമസ് കാർണിവലിന്റെ പേരിൽ ആളുകളെ പ്രലേഭിപ്പിച്ച് മതം മാറ്റുന്നതായി അറിഞ്ഞാണ് താനെത്തിയതെന്ന് ഇയാൾ പറഞ്ഞു.
'ക്രിസ്തുമതം ഇവിടെ സ്വീകാര്യമല്ല. ഞങ്ങൾ യേശുക്രിസ്തുവിനെ അനാദരിക്കുന്നില്ല. പക്ഷെ മതപരിവർത്തന ശ്രമങ്ങളിൽ വീണുപോകരുതെന്നാണ് പുതിയ തലമുറയോട് ഞങ്ങൾക്ക് പറയാനുള്ളത്. അത് ഇന്ത്യൻ സംസ്കാരത്തെ ഇല്ലാതാക്കും', നരേന്ദ്ര സിങ് പഹരി പറഞ്ഞു.
പ്രശ്നം പരിഹരിക്കപ്പെട്ടതായും ആരും പരാതി തരാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പട്ടൗടി പൊലീസ് പറഞ്ഞു. നേരത്തെ ഗുർഗാവിലെ പൊതുസ്ഥലങ്ങളിൽ മുസ്ലിം മതവിശ്വാസികൾ പ്രാർത്ഥന നടത്തുന്നത് വലതുപക്ഷ സംഘടനകൾ തടസ്സപ്പെടുത്തിയ സംഭവങ്ങളുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്