- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്; ഈ മകരവിളക്ക് കാലത്ത് നമ്മുടെ വീടുകളിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾക്ക് പകരം ഉയരട്ടെ മകര നക്ഷത്രങ്ങൾ'; ഹിന്ദു വീടുകളിൽ ക്രിസ്തുമസ് സ്റ്റാറിന് പകരം 'മകരനക്ഷത്രം' തൂക്കാൻ ആഹ്വാനവുമായി ഹിന്ദുത്വഗ്രൂപ്പുകൾ
കോഴിക്കോട്: ക്രിസ്മസ് കാലത്ത് ജാതിമതഭേദമന്യേ കേരളത്തിൽ ക്രിസ്തുമസ് സ്റ്റാർ തൂക്കുന്ന രീതി കേരളത്തിൽ വ്യാപകമായി ഉണ്ട്. എന്നാൽ ഇതിനെതിരെയും രംഗത്ത് എത്തിയിരിക്കയാണ് തീവ്ര ഹിന്ദുത്വവാദികൾ. ക്രിസ്തുമസ് സ്റ്റാറിന് പകരം മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികൾ. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്‌ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ ഗ്രൂപ്പുകൾ മകരനക്ഷത്രം ഉപയോഗിക്കാൻ ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്.ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങൾ...' എന്നാണ് ഈ ഗ്രൂപ്പുകളിലെ പോസ്റ്റുകൾ.
'മകരനക്ഷത്ര'ത്തിന്റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും ഇതിനൊപ്പം നൽകിയിട്ടുണ്ട്. ഹിന്ദു വീടുകളിൽ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്ന് ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ തന്നെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വളരെ നല്ല ആശയമാണെന്നും വില എത്രയാകുമെന്നും അന്വേഷിച്ച് പലരും കമന്റ് ബോക്‌സിൽ എത്തിയിട്ടുണ്ട്. ഹിന്ദു വേദന അനുഭവിക്കുകയാണെന്നും മകരനക്ഷത്രം പോലെയുള്ള ആചാരങ്ങൾ രാമരാജ്യത്തിലേക്കുള്ള പടികളാണെന്നും ചിലർ പറയുന്നു. അതേസമയം മകരനക്ഷത്ര ആഹ്വാനത്തിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സംഘി-ഹിന്ദുത്വ ആഹ്വാനങ്ങൾ കേരളത്തിൽ നടപ്പാവില്ലെന്നും ഇങ്ങനെയുള്ള വർഗീയ പരാമർശങ്ങളെ വളരാൻ അനുവദിക്കരുതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.