ലണ്ടൻ: പ്രശസ്ത ഹോളിവുഡ് നടൻ ക്രിസറ്റഫർ ലീ(93) അന്തരിച്ചു. വെള്ളിത്തിരയിൽ നിരവധി കഥാപാത്രങ്ങളെ അനശ്വരനാക്കിയ അദ്ദേഹ അതിപ്രശസ്തനായത് ഡ്രാക്കള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്ന ലീയുടെ അന്ത്യം ഞായറാഴ്ച ലണ്ടനിലെ ചെൽസിയ ആൻഡ് വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയിലായിരുന്നു.

അതുല്യനടനായ അദ്ദേഹം സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് സർക്കാർ ആദരപൂർവ്വമായി സർ പദവി അദ്ദേഹത്തിന് നൽകിയിരുന്നു. ബേലാ ലുഗോസിക്കു ശേഷം ഡ്രാക്കുള എന്ന കഥാപാത്രത്തെ പ്രശസ്തനാക്കിയ ക്രിസ്റ്റഫർ ലീയുടെ ശ്രദ്ധേയമായ സിനിമയാണ് 'ഹൊറർ ഓഫ് ഡ്രാക്കുള'. 1958ലാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. തുടർന്ന് വന്ന നിരവധി ഡ്രാക്കുള സിനിമകളിൽ രക്തദാഹിയായ പ്രഭുവായി പ്രത്യക്ഷപ്പെട്ട നടനായിരുന്നു ക്രിസ്റ്റഫർ ലീ.



1947ലാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. ലോർഡ് ഓഫ് ദ റിങ്‌സ്, ദ് ഹോബിറ്റ്, സ്റ്റാർ വാർസ്് പരമ്പരകളിലും ലീ വേഷമിട്ടിട്ടുണ്ട്. നവംബറിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ദി ലെവൻത് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം കരാറൊപ്പിട്ടിരുന്നു. 2011ൽ ബാഫ്ത അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.


അഭ്രപാളിയിൽ കഥാപാത്രങ്ങളെ അനശ്വരമാക്കിയ ക്രിസ്റ്റഫർ ഗാനാലാപനരംഗത്തും തന്റെ കഴിവ് തെളിയിച്ചിരുന്നു. 1990ൽ ബോർഡ്‌വേ ടൂൺസിന്റെ ബാനറിൽ പുറത്തിറക്കിയ ആൽബത്തിൽ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഹെവി മെറ്റൽ വേർഷനിലുള്ള ഒരു ആൽബവും അദ്ദേഹം തന്റെ 92ാമത്തെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരുന്നു.