- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രാക്കുളയായി ലോകത്തെ ഞെട്ടിച്ചു; ലോഡ് ഓഫ് ദ റിങ്‌സിലെ അദൃശ്യമായ ശക്തിയായി ആരാധകരെ കണ്ടെത്തി: ഇന്നലെ അന്തരിച്ച വിശ്രുത നടൻ ക്രിസ്റ്റഫർ ലീ മലയാളികൾക്ക് പോലും സുപരിചിതൻ
ലണ്ടൻ: ചോരകുടിക്കുന്ന ഡ്രാക്കുള ലോകത്തെമ്പാടുമുള്ളവരുടെ പേടിസ്വപ്‌നമാണ്. എന്നാൽ, ഈ വേഷം ഭീതിപ്പെടുത്തുന്ന രൂപത്തിൽ ഗംഭീരമാക്കിയത് ക്രിസ്റ്റഫർ ലീ എന്ന അതുല്യ പ്രതിഭയായിരുന്നു. ഒരു തലമുറയുടെ മുഴുവൻ പേക്കിനാവുകളുടെ നായകനായി വിലസിയ നടനെയാണ് ഇന്നലെ 93ാം വയസിൽ മരണം വിളിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘ നാളായി ചികിത്സയി
ലണ്ടൻ: ചോരകുടിക്കുന്ന ഡ്രാക്കുള ലോകത്തെമ്പാടുമുള്ളവരുടെ പേടിസ്വപ്‌നമാണ്. എന്നാൽ, ഈ വേഷം ഭീതിപ്പെടുത്തുന്ന രൂപത്തിൽ ഗംഭീരമാക്കിയത് ക്രിസ്റ്റഫർ ലീ എന്ന അതുല്യ പ്രതിഭയായിരുന്നു. ഒരു തലമുറയുടെ മുഴുവൻ പേക്കിനാവുകളുടെ നായകനായി വിലസിയ നടനെയാണ് ഇന്നലെ 93ാം വയസിൽ മരണം വിളിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്ന ലീയുടെ അന്ത്യം ലണ്ടനിലെ ചെൽസിയ ആൻഡ് വെസ്റ്റ്മിൻസ്റ്റർ ആശുപത്രിയിലായിരുന്നു. വെള്ളിത്തിരയിൽ വില്ലൻ പരിവേഷമുള്ള ഡ്രാക്കുള പക്ഷ സിനിമാ ആരാധകരുടെ ഇഷ്ടകഥാപാത്രമായിരുന്നു. ചോരവലിച്ചുകുടിക്കുന്ന പിശാചിലെ ലോകം മുഴുവൻ ഇരുകൈയും നീട്ടി സ്വകരിച്ചത് ക്രിസ്റ്റഫർ ലീയുടെ അസാമാന്യ പ്രകടനം കൊണ്ടായിരുന്നു.
ആറടി അഞ്ചിഞ്ച് ഉയരം, രക്തമിറ്റുന്ന ദംഷ്ട്രകൾ, മുഴങ്ങുന്ന ശബ്ദം, ഓരോചുവടും ഭയജനകം ട്രാൻസൽവാനിയയിലെ ഡ്രാക്കുള പ്രഭുവായി ലീ എത്തിയപ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ പേടിച്ചുവിറക്കുകയായിരുന്നു. എന്നാൽ തങ്ങളിൽ പേടി വളർത്തിയ ലീയെ ആരാധനയോടെയാണ് പ്രേക്ഷകർ എതിരേറ്റത്. മരണത്തിന്റെ ഗൗരവം കളിയാടുന്ന മുഖമാണ് ലീയുടേതെന്ന് ചില ചലച്ചിത്രനിരൂപകർ പലതവണ അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ, രക്തമൂറ്റുന്ന പിശാചായും കിറുക്കൻ രാജാവായും കൊലയാളി പ്രൊഫസറായും ലീ വെള്ളിത്തിരയെ കുരുതിക്കളമാക്കി. മലയാളികളുടെ പോലും ആരാധനപാത്രമായിരുന്നു ക്രിസ്റ്റഫർ ലീ.
ലോഡ് ഓഫ് ദ റിങ്‌സിലെ അദൃശ്യശക്തിയായും ക്രിസ്റ്റർ കുട്ടികളുടെ മനസിൽ ഇടംപിടിച്ചു. തൂവെള്ള വസ്ത്രവും, താടിയും മുടുയുമുള്ള ഈ അപ്പൂപ്പനെ കുട്ടികൾ ഇരുംകൈയും നീട്ടിയാണ് സ്വീകരിച്ചത്. മുഹമ്മദ് അലി ജിന്നയെ കുറിച്ചു സിനിമ എടുത്തപ്പോൾ അതിന് പറ്റിയ മുഖം തേടി സംവിധായകൻ അലഞ്ഞപ്പോൾ അത് അവസാനിച്ചത് ക്രിസ്റ്റഫർ ലീയിൽ ആയിരുന്നു.
1958ൽ പുറത്തിറങ്ങിയ ലക്ഷണമൊത്ത പ്രേതചിത്രമായ 'ഹൊറർ ഓഫ് ഡ്രാക്കുള'യിൽ തുടങ്ങി ഒമ്പതോളം സിനിമകളിൽ ലീ ഡ്രാക്കുള കെട്ടിയാടി. ഡ്രാക്കുള പ്രഭുവിന്റെ ചെയ്തികളായിരുന്നില്ല അതിനുകാരണം. സങ്കൽപ്പത്തിലെ പ്രേതരൂപിയായ ഡ്രാക്കുളയ്ക്ക് പകരമെത്തിയ സുന്ദരനായ പച്ചമനുഷ്യൻ ഡ്രാക്കുളയാണ് കാണികളെ ഞെട്ടിച്ചത്. കാപാർത്യൻ മലനിരകളിലെ കോട്ടയിലെത്തിയ അതിഥികളെ സ്വീകരിക്കാൻ പടിയിറങ്ങിവന്ന ലീയുടെ ഡ്രാക്കുള അവർക്ക് ഒരു വെളിപാടായിരുന്നു; രക്തദാഹിയായ, ലക്ഷ്യപൂർത്തീകരണത്തിനുശേഷം ശവപ്പെട്ടിയിലുറങ്ങുന്ന ഡ്രാക്കുള മെഴുകുരൂപിയല്ല എന്ന വെളിപാട്. പീറ്റർ കുഷിങ്ങിന്റെ ആറടി അഞ്ചിഞ്ച് ഉയരമുള്ള സുന്ദരശരീരനായ ഡ്രാക്കുള വേഗം പ്രിയങ്കരനായി.
ഹാമെർ ഫിലിംസ് ഉടമകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഡ്രാക്കുള ചിത്രങ്ങളിൽ കൂടുതലായി അഭിനയിച്ചതെന്നാണ് ലീ പിന്നീട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മിക്കപ്പോഴും ബ്രാംസ്‌റ്റോക്കറുടെ ഡ്രാക്കുളയുമായി പുലബന്ധംപോലും ഉണ്ടാകില്ല 'ഹാമെർ ഡ്രാക്കുള'യ്ക്ക്. ''പലപ്പോഴും ഞാൻ സംവിധായകരുടെ കാലുപിടിച്ച് പറയും. ബ്രാംസ്‌റ്റോക്കറിന്റെ ഒരു വരിയെങ്കിലും സംഭാഷണമായി തരാൻ. ചിലപ്പോൾ ചില വരികൾ ഞാൻതന്നെ എഴുതിച്ചേർത്തിട്ടുണ്ട്'' ലീ ഒരഭിമുഖത്തിൽ പറഞ്ഞു.
തുടർച്ചയായി ഒരേ മട്ടിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന നടീനടന്മാർക്ക് സ്വാഭാവികമായും വരുന്ന മടുപ്പുതന്നെ ലീയ്ക്കും 'ഭീകരരൂപ'ങ്ങളോട് തോന്നി. അദ്ദേഹം കളംമാറി. കഥാപാത്രങ്ങളായുള്ള രൂപാന്തരം പ്രതിഭയ്ക്ക് പ്രയാസമില്ലാത്തതിനാൽ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ വില്ലനായി തിളങ്ങി. അതിനൊപ്പം സ്റ്റീവൻ സ്പീൽബെർഗിന്റെ പിരീഡ് കോമഡിയായ '1941'ലും ജെറി ജെയിംസണിന്റെ 'എയർപോർട്ട് '77ലും അഭിനയിച്ചു. ടിം ബർട്ടന്റെ സിനിമകളിലെ പതിവുകാരനുമായിരുന്നും അദ്ദേഹം.
ദി കേഴ്‌സ് ഓഫ് ഫ്രാൻകെൻസ്‌റ്റെയ്ൻ, ദി മമ്മി, റാസ്പുടിൻ ദി മാഡ് മങ്ക്, മാൻ വിത്ത് ഗോൾഡൻ ഗൺ, ലോർഡ് ഓഫ് ദി റിങ്‌സ്, ദി ഹോബിറ്റ്, സ്റ്റാർവാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ലീ ആരാധകരുടെ പ്രിയപ്പെട്ട പ്രതിനായകനായി. ഇടക്കാലം കൊണ്ട് സിനിമയിൽ നിന്നും ബ്രേക്കെടുത്ത അ്‌ദേഹം 2011ൽ ഹിലരി സ്വാങ്കിന്റെ 'ദ റെസിഡന്റ്' എന്ന ത്രില്ലറിലൂടെ ഹാമെർ മൂവീസിലേക്ക് അദ്ദേഹം തിരിച്ചുവന്നുരുന്നു. പക്ഷേ, തുടർന്നുള്ള വർഷങ്ങളിൽ ഭീകര സിനിമകൾ ഒഴിച്ചുനിർത്താൻ അദ്ദേഹം ശ്രമിച്ചു.
1998ൽ പുറത്തുറങ്ങിയ ജിന്നയായിരുന്നു ലീയുടെ മനസുകവർന്ന ചിത്രം. ലീയുടെ ആത്മാർഥമായ ആ ശ്രമം വിവാദത്തിലാണ് കലാശിച്ചത്. യൂറോപ്യൻ നടൻ ദക്ഷിണേഷ്യൻ വ്യക്തിത്വത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നില്ല അതിനുകാരണം. ഡ്രാക്കുള, ജിന്നയാവുന്നു എന്നതായിരുന്നു. എന്നാൽ, ചിത്രം റിലീസായപ്പോൾ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചത് പാക്കിസ്ഥാനായിരുന്നു. ബ്രിട്ടനിലെ ചലച്ചിത്ര നിരൂപകരാകട്ടെ ബോറൻ ചിത്രമെന്ന് വിലയിരുത്തി. റിച്ചാർഡ് അറ്റൻബറോയുടെ 'ഗാന്ധി'യുടെ ഖ്യാതി ലീയുടെ 'ജിന്ന'യ്ക്ക് ലഭിച്ചില്ല.
സംഗീതത്തെ ജീവിതകാലംമുഴുവൻ ഒപ്പംകൊണ്ടുനടന്ന ഗായകനും കൂടിയായിരുന്നു ലീ. 'ദ വിക്കർ മാനി'ൽ ഒരു പാട്ടുപാടിയ അദ്ദേഹത്തിന്റെ ആദ്യ ആൽബം 2010ലാണ് പുറത്തുവന്നത് 'ചാർലിമെയ്ൻ: ബൈദ സ്വോഡ് ആൻഡ് ക്രോസ്' ആയിരുന്നു അത്. 2013ൽ ഇറങ്ങിയ 'ജിങ്കിൾ ഹെൽ' എന്ന ഗാനം ബിൽബോഡ് ഹോട്ടിന്റെ ആദ്യ നൂറുപാട്ടുകളിൽ ഇരുപത്തിരണ്ടാമത്തേതായി.
നടന്മാത്രമായിരുന്നില്ല ലീ; രണ്ടാംലോകയുദ്ധത്തിൽ നാസിപ്പടയ്‌ക്കെതിരെ പോരാടിയ ഈ ബ്രിട്ടീഷ് സൈനികന് ആറു ഭാഷകൾ മനഃപാഠം. യുദ്ധരംഗത്തെ മരണവുമായുള്ള കണ്ണുപൊത്തിക്കളിയാണ് തന്നിലെ നടനെ വാർത്തെടുത്തതെന്ന് ലീ അനുസ്മരിച്ചിട്ടുണ്ട്. ''പലപ്പോഴും മരണം മുന്നിൽ കണ്ട് കണ്ണുകൾ മരവിച്ചുപോയിട്ടുണ്ട്. മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന നൃശംസത അത്രയ്ക്കുണ്ടായിരുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ വലിയ പരമ്പരകൾ. ബോംബേറിൽ ശരീരം ചിന്നിച്ചിതറുന്നതും ജീവനുള്ള ഉടലിൽനിന്ന് അവയവങ്ങൾ വെട്ടിമാറ്റുന്നതും ഞാൻ കണ്ടിട്ടുണ്ട്'' ലീയുടെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ പിന്നീടുള്ള അഭിനയജീവിതത്തിന് യുദ്ധകാല അനുഭവങ്ങൾ എങ്ങനെ സഹായകമായെന്ന് സാക്ഷ്യപ്പെടുത്തുന്നു.
സ്വന്തം സിനിമകളിലെ വാൾപ്പയറ്റും കുതിരയോട്ടവും മറ്റ് സാഹസികരംഗങ്ങളുമെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാൾപ്പയറ്റ് നടത്തിയ നടനാകും ലീയെന്ന് ചില സിനിമാചരിത്രകാരന്മാർ പറയുന്നു. 93ാംവയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും വെള്ളിത്തിരയിലെ ഏറ്റവും പ്രതാപമുള്ള പ്രേതസാന്നിധ്യമായി ലീ ആസ്വാദകരുടെ ഹൃദയത്തിൽ എന്നുമുണ്ടാകും.