തൃശ്ശൂർ: ലോകമെന്പാടുമുള്ള ഐ.ടി.വിദഗ്ധരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി മേജർലീഗ് ഹാക്കിങ് എന്ന ആഗോള പ്ലാറ്റ്‌ഫോം നടത്തിയ മത്സരത്തിൽ മലയാളി സഹോദരിമാർക്ക് അപൂർവ്വ നേട്ടം. സെൽഫിഹാക്‌സ് മത്സരത്തിലാണ് ക്രിസ്റ്റി-റോസ്മേരി സഹോദരിമാരുടെ നേട്ടം. സാമൂഹികമാധ്യമങ്ങൾക്കാവശ്യമായ പ്രശ്‌നലഘൂകരണ-സമയലാഭ ഉപാധിയെന്നതായിരുന്നു മത്സരവിഷയം.

ഇടുക്കി നെടുങ്കണ്ടം ഇലഞ്ഞിക്കുളം വീട്ടിൽ ബെന്നി ആന്റണിയുടെയും മേരിയുടെയും മക്കളാണിവർ. അമേരിക്കയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റി ഓഫ് ഇന്ത്യാനയിൽ മെഷീൻലേണിങ്ങിൽ ബിരുദാന്തരബിരുദ വിദ്യാർത്ഥിനിയാണ് ക്രിസ്റ്റി. അനിയത്തി റോസ്മേരി തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിൽ രണ്ടാംവർഷ ബി.ടെക് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയും.

അമേരിക്കയിലും തൃശ്ശൂരിലും എൻജിനീയറിങ് വിദ്യാർത്ഥികളായ സഹോദരിമാർ നേരിൽക്കാണാതെതന്നെ സംയുക്തമായി വികസിപ്പിച്ച വിവരസാങ്കേതിക ആപ്ലിക്കേഷന്(ആപ്പ്) ആണ് അംഗീകാരം. ആഗോളതല മത്സരത്തിൽ രണ്ടാംസ്ഥാനമാണ് മലയാളികൾ നേടിയത്. സാമൂഹികമാധ്യമങ്ങളിലിടുന്ന പരസ്യങ്ങളിലും വിഷയങ്ങളിലും വരുന്ന സമാനമായ ചോദ്യങ്ങളും സംശയങ്ങളും തരംതിരിച്ച് അവയ്ക്ക് ഒരുമിച്ച് മറുപടി ഉടൻ നൽകുന്നതിനുള്ള ആപ്ലിക്കേഷനാണ് വികസിപ്പിച്ചത്.

സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള മത്സരമായതിനാലാണ് സെൽഫി ഹാക്കത്തോൺ എന്ന് പേരിട്ടത്. എത്രയാണ് വില, ഡെലിവറി സമയം എത്രയാണ്,റീപ്ലേസ്മെന്റ് ഉണ്ടോ തുടങ്ങി ഒരു ഉത്പന്നത്തിനോ സേവനത്തിനോ സാമൂഹിക മാധ്യമങ്ങളിൽ സമാനമായ ചോദ്യങ്ങൾ ഏറെയുണ്ടാകും. ഈ പ്രശ്‌നത്തിന് അനായാസ പരിഹാരമുണ്ടാക്കുന്നതാണ് മലയാളികളുടെ ആപ്പ്. സമാനമായ ലക്ഷക്കണക്കിന് ചോദ്യങ്ങൾ കണ്ടെത്തി നിമിഷങ്ങൾ കൊണ്ട് മറുപടി നൽകും.

പ്രശ്‌നപരിഹാരങ്ങൾക്ക് എത്രയും ചുരുങ്ങിയ സമയത്തിൽ പ്രതിവിധിയും പരിഹാരവും കണ്ടെത്തുന്ന മത്സരമാണ് ഹാക്കത്തോൺ.പുതിയ ആശയങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ഹാക്കത്തോണുകൾ വഴിയാണ് ഏറ്റവും കൂടുതൽ കണ്ടെത്തലുകളും സ്റ്റാർട്ടപ്പുകളും ലോകത്ത് ഉണ്ടാകുന്നത്.