സ്‌കോട്ട്‌ലാൻഡ്: മനുഷ്യന് ഉള്ളതുപോലെ ദൈവത്തിന് ലിംഗഭേദം കൽപിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സ്വീഡനിലെ ക്രിസ്ത്യൻ സഭ. ലിംഗഭേദം ധ്വനിപ്പിക്കുന്ന രീതിയിൽ ദൈവത്തെ മേലിൽ അഭിസംബോധന ചെയ്യരുതെന്നും പ്രാർത്ഥനകളിലും മറ്റും പരാമർശിക്കരുതെന്നും സ്വീഡിഷ് സഭ വൈദികർക്ക് നിർദ്ദേശം നൽകി.

രക്ഷകൻ എന്നോ യജമാനൻ എന്നോ അർത്ഥംവരുന്ന ലോർഡ് എന്ന പദവും ഹീ അഥവാ അവൻ എന്ന പദവും ഉപയോഗിച്ച് ദൈവത്തെ മേലിൽ അഭിസംബോധന ചെയ്യേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാൽ ദൈവം അഥവാ ഗോഡ് എന്ന വാക്ക് ഉപയോഗിക്കാം. ലിംഗപരമായി നിഷ്പക്ഷമായി പരമോന്നതനായ ദൈവത്തെ അഭിസംബോധന ചെയ്യണമെന്നാണ് സഭ ഉദ്ദേശിക്കുന്നത്. ഇതോടെ സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും ദൈവത്തിലേക്കും സഭയിലേക്കും കൂടുതൽ വിശ്വാസവും ആകർഷണവും ഉണ്ടാവുമെന്നും ആണ് സഭയുടെ പ്രതീക്ഷ.

സ്വീഡിഷ് നാഷണൽ ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ചിന്റേതാണ് നിർദ്ദേശം. സേവനത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളുടെ പുസ്തകം പരിഷ്‌കരിക്കുന്നതിനിടെയാണ് ഈയൊരു പരിഷ്‌കാരവും കൊണ്ടുവന്നിട്ടുള്ളത്. 31 വർഷം മുമ്പാണ് ഇത്തരത്തിൽ സേവന വ്യവസ്ഥകൾ മുമ്പ് പരപരിഷ്‌കരിച്ചത്. ഇപ്പോൾ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതോടെ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന രീതിയിൽ അഭിസംബോധന ചെയ്തിരുന്നത് മാറുമെന്ന് നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. പിതാവും പുത്രനും പുതിയ പരിഷ്‌കരണത്തിലൂടെ ഒഴിവാകും. പകരം ദൈവവും പരിശുദ്ധാത്മാവും എന്ന പ്രയോഗമാകും ഇനിയുണ്ടാവുക. വ്യാഴാഴ്ചയാണ് സഭ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സഭയുടെ 251 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ എട്ടുദിവസം നീണ്ട യോഗത്തിന് ശേഷമായിരുന്നു തീരുമാനം. സഭയിൽ ഇത് അടുത്തവർഷം മെയ് 20 മുതൽ നടപ്പാക്കാനാണ് നിർദ്ദേശം. ജീസസ് ക്രൈസ്റ്റിനെ കുറിച്ചുതന്നെയാണ് പരാമർശം എങ്കിലും ചില സന്ദർഭങ്ങളിൽ അവൻ എന്ന് പറയുന്നതിന് പകരം ദൈവം എന്ന് പറയാനാണ് ഉദ്ദേശിക്കുന്നതെന്ന് സഭയുടെ വക്താവ് സോഫിജ പെഡേഴ്‌സൺ വ്യക്തമാക്കി.

സഭയുടെ ഉന്നതസമിതിയിൽ ഭൂരിഭാഗം അംഗങ്ങളും ഈ തീരുമാനത്തോട് യോജിച്ചതായും ഇതിന് അനുസരിച്ചാണ് നിർദേശ പുസ്തകത്തിൽ ഭേദഗതി വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതിനെ അനുകൂലിച്ചുകൊണ്ട് സ്വീഡിഷ് ആർച്ച് ബിഷപ്പ് ആന്റെ ജാക്ക്‌ലെനും രംഗത്തുവന്നു. ദൈവശാസ്ത്രപരമായി ദൈവം ലിംഗഭേദങ്ങൾക്ക് അതീതനാണനെന്നും ദൈവം മനുഷ്യനല്ലെന്നും ആയിരുന്നു അവരുടെ പ്രതികരണം.

ഇംഗ്‌ളീഷ് സഭയും ഇത്തരത്തിൽ ചില പരിഷ്‌കരണങ്ങൾ അടുത്തിടെ വരുത്തിയിരുന്നു. ട്രാൻസ്‌ജെൻഡറുകൾക്കായി കൂടുതൽ ഉദാര സമീപനത്തോടെ സേവനങ്ങൾ നടപ്പാക്കാനായിരുന്നു ജൂലായിൽ സഭ കൈക്കൊണ്ട തീരുമാനം.