ലക്‌നൗ: ഉത്തർ പ്രദേശിലെ അലിഗറിനടുത്ത അസ്‌റോയിയിൽ ഒറ്റ രാത്രി കൊണ്ട് പള്ളി ക്ഷേത്രമായി മാറി. 1995-ൽ ക്രിസ്ത്യാനികളായി മതംമാറിയ പിന്നാക്കക്കാരായ വാൽമീകി വിഭാഗത്തില്പെട്ട 72 പേർ ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചെത്തിയതോടെയാണിത്. ഇവർ കുരിശിനു പകരം ശിവന്റെ ഒരു ചിത്രവും ക്ഷേത്രമാക്കി മാറ്റിയ പള്ളിക്കുള്ളിൽ പ്രതിഷ്ഠിച്ചു. ചൊവ്വാഴ്ചയാണ് ഇവിടെ ശുദ്ധികലശം നടന്നത്. 'ഇതു മതംമാറ്റമല്ല, തിരിച്ചു വരവാണ്. അവർ സ്വമേധയാ പോയവരായിരുന്നു. ഇന്നവർ തങ്ങളുടെ പിഴവി തിരിച്ചറിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. ഞങ്ങൾ് അവരെ സ്വാഗതം ചെയ്യുന്നു. നമ്മുടെ സാമ്രാജ്യം ചിതറിപ്പോകാൻ അനുവദിച്ചുകൂടാ,' സംഘ് പ്രാചരകരും ധർമ ജാഗരൺ വിവാദ് എന്ന സംഘടനയുടെ അധ്യക്ഷനുമായ ഖേം ചന്ദ്ര പറയുന്നു. ഇവർ ക്രിസ്ത്യാനികളായതിനു ശേഷം പല തവണ താൻ ഒമ്പത് വാൽമീകി കുടുംബങ്ങളെ കണ്ട് അവരുടെ തീരുമാനം പുനപ്പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ ഇവരെ മതംമാറ്റത്തിന്റെ വാർത്ത പരന്നതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. പള്ളിക്കുള്ളിൽ സ്ഥാപിച്ച ശിവന്റെ ചിത്രം പ്രദേശത്തെ ഒരു വീട്ടിലേക്കു മാറ്റിയതായി പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഗ്രാമീണർ പറഞ്ഞു. ജാതി വ്യവസ്ഥയിലുള്ള അതൃപ്തി കൊണ്ടാണ് തങ്ങൾ മതം മാറിയതെന്ന് ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചെത്തിയവരിൽ ഒരാളായ അനിൽ ഗൗർ പറയുന്നു. 'പക്ഷേ ക്രിസ്ത്യാനികൾക്കിടയിലും ഞങ്ങൾക്ക് മെച്ചപ്പെട്ട സ്ഥാനമൊന്നും ലഭിച്ചില്ല. ഹിന്ദുക്കളായിരിക്കെ ചില്ലറ ജോലികളിൽ മാത്രം ഞങ്ങളെ പരിമിതപ്പെടുത്തി. പക്ഷേ 19 വർഷം ക്രിസ്തു മതത്തിൽ വിശ്വസിച്ചെങ്കിലും അവരും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. ക്രിസ്മസ് ആഘോഷം പോലുമുണ്ടായിരുന്നില്ല. മിഷനറിമാർ വന്ന് ഒരു പള്ളി പണിതു. അവിടെ വിവാഹങ്ങൾ മാത്രമെ നടന്നുള്ളൂ,' അനിൽ പറയുന്നു.

അതേസമയം സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് അലിഗഡിൽ അഭിഭാഷകനും ക്രിസ്ത്യൻ നേതാവുമായ ഒസ്മണ്ട് ചാൾസ് പറയുന്നു. 'തിരിച്ചുവരവ് സംഭവം ഒരു ഗൂഢാലോചന പോലെ തോന്നിപ്പിക്കുന്നു. ചിലപ്പോൾ നാം ലൗ ജിഹാദിനെക്കുറിച്ച് കേൾക്കുന്നു. ഇപ്പോൾ തിരിച്ചുവരവും. ഒരു ഹിന്ദു രാഷ്ട്ര നിർമ്മാണത്തിന്റെ അടയാളമാണോ ഇതെല്ലാം?' അദ്ദേഹം ചോദിക്കുന്നു. സെവൻത് ഡേ അഡ്വന്റിസ്റ്റുകളുടെ പള്ളിക്കുള്ളിൽ ശുദ്ധികലശ പൂജ നടന്നതായി ഫാദർ ജോനാഥൻ ലാൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലായിരുന്നുവെന്നും വിശ്വാസം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസ്‌റോയിയിൽ ഇപ്പോൾ ഭീതി നിറഞ്ഞ ശാന്തതയാണ്. ഈ സംഭവത്തെക്കുറിച്ചു ചോദിച്ചാൽ ഗ്രാമീണരെല്ലാം ഒരു മറുപടിയും പറയാതെ വിട്ടിലേക്കോടി ഒളിക്കുകയാണ്. പ്രദേശത്ത് പൊലീസിന്റെ സാന്നിധ്യവും ആശങ്കയുണ്ടാക്കുന്നു. 'എന്നോടൊന്നും ചോദിക്കരുത്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,' വിവരമാരാഞ്ഞപ്പോൾ ഒരു യുവാവ് ഇങ്ങനെ പറഞ്ഞ് തിടുക്കത്തിൽ ഒഴിഞ്ഞു മാറി.