കാസർകോട് : ചരുദാറിന്റെ ഷാൾ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നവർക്ക് എന്നും ആശങ്കയാണ്. ഇതുമൂലം നിരവധി കുടുംബങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്തു. എന്നാൽ ഷാൾ ഉണ്ടാക്കുന്ന അപകടങ്ങൾ വീട്ടിലും ഉണ്ടാകാം. അതിന് തെളിവാണ് കാസർകോട്ടെ ഈ ദുരന്തം.

അരി അരയ്ക്കുന്നതിനിടെയാണ് ഇവിടെ ചൂരിദാറിന്റെ ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി യുവതി ശ്വാസംമുട്ടി മരിച്ചത്. ഷിറിയ വൊളയത്തെ സയ്യിദിന്റെ ഭാര്യ മുനൈഫ (22) ആണു മരിച്ചത്. രാത്രി എട്ടോടെ വീട്ടിൽ വച്ചാണ് അപകടം. രാത്രി ഭക്ഷണത്തിനുള്ള പത്തിരിക്കായി അരയ്ക്കുന്നതിനിടെ മുനൈഫയുടെ കഴുത്തിലെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങുകയായിരുന്നു.

ഭർത്താവിന്റെ മാതാപിതാക്കളും 11 മാസം പ്രായമായ മകനും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വെള്ളം എടുക്കാനെത്തിയ ഭർതൃമാതാവാണ് മുനൈഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സയ്യിദ് കാസർകോട്ടേക്കു പോയിരിക്കുകയായിരുന്നു. ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സീതാംഗോളി മുഗുവിലെ പി.കെ.മജീദിന്റെയും മുസൈബയുടെയും മകളാണ്. അലി ഐഹാൻ ഏക മകനാണ്.

മഞ്ചേശ്വരം അഡീ. തഹസിൽദാർ കെ.ശശിധര ഷെട്ടി, കുമ്പള അഡീ. എസ്‌ഐ പി.സോമയ്യ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.