കൽ മുഴൂവൻ വെള്ളം കോരി സന്ധ്യക്ക് കലമുടക്കുക. ഒരുതരം നാറാണത്ത് ഭ്രാന്തൻ ശൈലി, ആധുനികതയുടെ പേരിൽ കൊണ്ടുവന്നത് നമ്മുടെ പഴയ അവാർഡ് സിനിമാക്കാരാണ്. ആ കാലം വളരെ പെട്ടന്ന് മാറി മലയാള സിനിമ റിയലിസ്റ്റിക്കായി. പക്ഷേ അപ്പോഴും പഴയ അടൂർ സ്‌കുളിന്റെ ഹാങ്ങോവർ, പുതിയ സിനിമക്കാർക്കും മാറിയിട്ടില്ലെന്നതിന് മികച്ച ഉദാഹരണമാണ്, വിഖ്യാത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ചുരുളി. കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ചിത്രം ഇപ്പോൾ സോണി ലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലുടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

അതുവരെ നന്നായി എടുത്തിട്ട് ക്ലൈമാക്സിൽ എന്താണ് സംഭവിച്ചതെന്ന്, സംവിധായകൻ പ്രേക്ഷകന്റെ അടുത്ത് കസേരയിട്ട് വന്ന് ഇരുന്ന് വിശീദകരിക്കേണ്ട അവസ്ഥ. ഇതുപോലെ ഒരു ചിത്രത്തെ മുമ്പ് ഓർമ്മ വന്നത് ഫഹദ്ഫാസിലിനെ നായകനാക്കി, വേണു എടുത്ത 'കാർബൺ' എന്ന ചിത്രമായിരുന്നു. കാർബണിന്റെ ക്ലൈമാക്സിലെ അവ്യക്തതയേക്കാൾ ഭീകരമാണ് ചുരുളി. സ്വപ്നമാണോ, യാഥാർഥ്യമാണോ, ഇനി മാജിക്കൽ റിയലിസമാണോ എന്നൊന്നും ഒന്നും പിടികിട്ടാത്ത അവസാനം. ചുഴിപോലെത്തെ ചുരുളിയിൽ കഥാപാത്രങ്ങൾ ഒരു തമോഗർത്തംപോലെ ആയി എന്ന് നമുക്ക് സാഹിത്യഭാഷയിൽ എഴുതാം. പക്ഷേ സാധാരണക്കാരന് ഒന്നും പടികിട്ടില്ല. പ്രിയപ്പെട്ട ലിജോ ഇത് പ്രേക്ഷകർക്ക് നേരെയുള്ള വെല്ലുവിളിയായിപ്പോയി!

അമേനും, അങ്കമാലി ഡയറീസും, ഈമയൗവും, ജല്ലിക്കട്ടുമൊക്കെ സമ്മാനിച്ച, നിരവധി വിദേശ ഫിലിംഫെസ്റ്റുവലുകളിൽ പോലും അംഗീകരിക്കപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ട്രയിലറും ടീസറും ഉയർത്തിവിട്ട അതേ മൂഡ് നമുക്ക് ചിത്രത്തിന്റെ ഷോട്ടുകളിൽ കിട്ടും. പക്ഷേ ടോട്ടാലിറ്റിയിൽ പടം ചീറ്റിപ്പോവുകയാണ്. അവസാനം നിഗൂഢതയുടെ പുക മാത്രം!



കരകയറാൻ കഴിയാത്ത ചുഴി പോലെ ചുരുളി

ദുരൂഹതകളുടെയും പ്രഹേളികതയുടെയും ഒരു വനഗ്രാമം. അതാണ് ചുരുളി. ദുർഘടമായ മലമ്പാതകൾ താണ്ടി ഇവിടെയെത്തുകയാണ് രണ്ട് പൊലീസുകാർ. ചെമ്പൻ വിനോദിന്റെയും ആന്റണിയും, വിനയ്ഫോർട്ടിന്റെ ഷാജീവനും. നാട്ടിൽ കാര്യമായ കുഴപ്പങ്ങൾ ഒപ്പിച്ചുവെച്ച് പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിയവർ ആണ് ഇവിടെ താമസിക്കുന്നവരിൽ ഏറെയും. ( ഇതേകാര്യം തന്നെ ലിജോയുടെ ജെല്ലിക്കട്ടിൽ മലയോര ഗ്രാമവാസികളുടെ പേരിൽ ആക്ഷേപിക്കപ്പെട്ടത്. അത് വിവാദമാവുകയും ചെയ്തിരുന്നു) ഒരു ചുഴിപോലെയാണ് ആ ക്രിമിനൽ ഗ്രാമം. നാട്ടിൻ പുറത്തിന്റെ നന്മ മരങ്ങളല്ല, നാവെടുത്താൽ തെറി പറയുന്നവരും, അടികൂടുന്നവരുമാണ് അവർ. മിത്തുകളും വിശ്വാസങ്ങളും ആ നാടിനെ ചൂഴിപോലെ ചേർന്ന് നിൽക്കുന്നുണ്ട്. ചിത്രത്തിന്റെ തുടക്കം തന്നെ അത് കാണിച്ചുകൊണ്ടാണ്.

ജല്ലിക്കെട്ടിലെ പോലെ പ്രാകൃതവും ഉന്മത്തവുമായ മൃഗതൃഷ്ണകളുടെ ആഖ്യാനമാണ് ഈ ചിത്രവും. ഒരേസമയം റിയലിസവും ഫാന്റസിയും കൂടിപ്പണിണഞ്ഞ് ഹിപ്‌നോട്ടിക് സ്‌പൈറൽ പോലെ ഉള്ളിലേക്ക് ചുരുണ്ടുപോകുന്ന ഒരു സിനിമാനുഭവം. മാജിക്കൽ റിയലിസത്തിന്റെ വേറിട്ട തലം. മൈലാടുംപറമ്പിൽ ജോയി എന്ന കുറ്റവാളിയെയാണ് ഈ രഹസ്യപ്പൊലീസുകാർക്ക് കിട്ടേണ്ടത്. ചുരുളിയിലേക്കുള്ള പ്രവേശന കവാടമായ ഒരു പഴകിയ പാലത്തിലൂടെ ഇവർ സഞ്ചരിക്കുന്ന ജീപ്പ് സാഹസികമായി കടക്കുന്ന രംഗം മുതലങ്ങോട്ട് ലിജോ ജോസ് പെല്ലിശേരിയുടെ മാന്ത്രിക സ്പർശം സിനിമയിലുടനീളം കാണാം. അതുവരെ നിഷ്‌കളങ്കരായി കാണപ്പെട്ട ജീപ്പിന്റെ ഡ്രൈവറും സഹയാത്രികരും പാലം കടന്നതോടെ മലയാളവും ചുരുളാളവും കലർന്ന ഭാഷയിൽ അസഭ്യം വിളിക്കുന്ന അക്രമോത്സുകരായി മാറുന്നു. ചുരുളിയുടെ മൃഗതൃഷളണയുടെ ചുരുൾ അവിടെ നിവരുന്നു.

അക്രമണോത്സുകത പടരുമ്പോൾ

അവർ കാട്ടിലൂടെ എത്തുന്നത് ചുരുളിയിലെ പുരുഷന്മാർ ഒത്തുചേരുന്ന ഏക ഇടമായ ചാരായഷാപ്പിലേക്കാണ്. മറ്റ് മാർഗങ്ങൾ ഇല്ലായെ അവർ ആ കടയുടമയുടെ ( ചിത്രത്തിൽ ജാഫർ ഇടുക്കി) കീഴിൽ ജോലിക്ക് നിൽക്കുന്നു. വാറ്റുചാരായം ആവോളം മോന്തുകയും പ്രാകൃതരീതിയിൽ കലഹിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന ഒരുകൂട്ടമാളുകൾക്കിടയിൽ അവർ പ്രതിയെ തിരിയുന്നു. ക്രമേണേ ചുരുളിയിലെ അക്രമോത്സുകത ഷാജീവനിലേക്കും ആന്റണിയിലേക്കും പടരുകയാണ്. ഷാജീവന് ഇടക്കിടെയുണ്ടാകുന്ന വെളിപാടുകൾ സിനിമിയിലെ പ്രഹേളികയാണ്. രാത്രിയിൽ പാഞ്ഞു പോകുന്ന ഒരു പന്തം, വിചിത്ര രൂപികളുടെ പ്രത്യക്ഷപ്പെടൽ, താൻ പണ്ടേ ഇവിടെയുള്ള ആളായി തോന്നിത്തുടങ്ങൽ... അങ്ങനെ ഷാജീവനെ ചുരുളി പിടികൂടുകയാണ്.

ചുരുളിയിലെത്തുന്നതു വരെ ശാന്തസ്വഭാവക്കാരനായിരുന്ന ഷാജീവൻ, ക്രമേണ അസഭ്യം വിളിക്കുന്ന, അടിയുണ്ടാക്കുന്ന, കൊലപാതകം നടത്തുന്ന, തോക്കെടുത്ത് നാട്ടുകാരെ വിറപ്പിക്കുന്ന ആളായി ഇയാൾ മാറുന്നു. സ്വതവേ പരുക്കനായ ആന്റണിയും ചുരുളിയിലെ ചാരായം മോന്തി വേട്ടയാടി തെറിവിളിച്ചു നടക്കുന്ന ആളായി മാറി. ചുരുളിയിലെ ചാരായ ഷാപ്പ് ഇടയ്ക്ക് കുർബാന നടക്കുന്ന പ്രാർത്ഥനാലയമായി മാറുന്നുണ്ട്. ശരികളും തെറ്റുകളുമില്ലാത്ത ചുരുളിയിൽ നിയമപാലകരായ ഷാജീവനും ആന്റണിക്കുമുണ്ടാകുന്ന ഈ മാറ്റം നന്മ തിന്മകളെക്കുറിച്ചുള്ള സങ്കൽപങ്ങളെ ഉടച്ചു കളയുന്നുണ്ട്. തേടിയെത്തിയ കുറ്റവാളിയെ ഇവർ കണ്ടെത്തുമ്പോഴും കുറ്റവാളിയും നിയമപാലകനും തമ്മിലുള്ള അതിരുകൾ അലിഞ്ഞില്ലാതാകുന്നത് കാണാനാകും. പക്ഷേ ഇവിയൊക്കെ അതിമനോഹരമായ ചിത്രീകരിക്കുന്നുണ്ട്. ക്ലൈമാക്സിലെ ആശയക്കുഴപ്പം ഒഴിച്ച്.

'മായും കായും പായും' വെച്ചുള്ള തെറിവാക്കുകൾ!

പക്ഷേ ഈ ചിത്രം മലയാള ചലച്ചിത്രത്തിൽ അടയാളപ്പെടുത്തുക അതിന്റെ പച്ചയായ ഭാഷാ പ്രയോഗത്തിന്റെ പേരിലായിരിക്കും. നിത്യജീവിതത്തിൽ മലയാളി നിരന്തരം പറയുന്ന 'മായും കായും പായും' വെച്ചുള്ള തെറിവാക്കുകൾ, ഈ ചിത്രത്തിൽ നിർലോഭമായിട്ടുണ്ട്. വനിതാ കഥാപാത്രങ്ങൾവരെ പറയുന്നത് നല്ല 'സുഭാഷിതമാണ്'.വെടിയിറച്ചിക്ക്പോയി ഒന്നും കിട്ടാതെ തിരിച്ചുവന്നപ്പോൾ ഷാപ്പുകാന്റെ ഭാര്യ ആന്റണിയെന്ന ചെമ്പന്റെ കഥാപാത്രത്തോട് ചോദിക്കുന്നത് ' പിന്നെ നിന്റെ 'കു-' വെച്ച് കറിവച്ചാൽ മതിയോ' എന്നാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ചുരുളി ഒരു സമാന്തരലോകമാണ്. നിയമവാഴ്കൾ ഒന്നുമല്ലാതെ, മദ്യവും മദിരാക്ഷിയും എല്ലാം കിട്ടുന്ന, എല്ലാ മൃഗ തൃഷ്ണകൾക്കും ശമനം കിട്ടുന്ന നാട്. അവിടെ ഈ ഭാഷയല്ലാതെ ഏത് ഭാഷ പ്രയോഗിക്കാൻ. 'ഇന്ന് നിന്റെ ജനനേന്ദ്രിയം മുറിച്ച് കറിവച്ചൊൽ മതിയോ സോദരാ' എന്നൊന്നും ഇവിടെ ചോദിക്കാൻ കഴിയിലല്ലോ.

തെറിവാക്കുകൾ കൊണ്ട് എ സർട്ടിഫിക്കേറ്റ് കിട്ടിയ ആദ്യ ചിത്രം ഇയായിരിക്കാം. തുടക്കത്തിൽ തന്നെ 18 വയസ്സിന് താഴെയുള്ളവർ കാണരുതെന്ന് എഴുതിക്കാണിക്കുന്നുണ്ട്. പക്ഷേ നമ്മൾ യാഥാർഥ്യത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. കുട്ടികൾപോലും അവരുടെ സ്പേസിൽ എന്തെല്ലാം വാക്കുകളാണ് പറയുന്നത്. ടെക്സ്റ്റ് മെസേജ് അയക്കുന്നത്. ഇത്തരം സിനിമയിലെ ഡയലോഗുകൾ കൊണ്ട് കുട്ടികൾ വഴിതെറ്റുമെന്നതൊക്കെ കേവലം ചീപ്പ് മോറൽ പൊലീസിങ്ങ് മാത്രമാണ്. ( വന്നുവെന്ന് 'മ' വെച്ചുള്ള ഒരു തെറിവാക്കിന് ഇപ്പോൾ സാമൂഹിക അംഗീകാരം കിട്ടിക്കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ ജോജി സിനിമയിൽ അത് സർവ സാധാരണമായിരുന്നു. ഇപ്പോൾ പ്രമുഖ ചില മാധ്യമങ്ങൾപോലും 'മ' തെറി നേരിട്ട് അച്ചടക്കാൻ തയ്യാറാവുന്നുണ്ട്)

വിനയ്ഫോർട്ടിന്റെ കരിയർ ബെസ്റ്റ്

അതുപോലെ തന്നെ വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബെസ്റ്റായിരിക്കും ഈ ചിത്രം. മാലിക്ക്, കനകം കാമനി കലഹം, ഇപ്പോൾ ചുരുളിയും. അടിക്കടി വ്യത്യസ്ത വേഷങ്ങളിലൂടെ വളരുകയാണ് ഈ യുവനടൻ. ലിജോയുടെ സ്ഥിരം താരങ്ങളായ ചെമ്പൻ വിനോദും ജാഫർ ഇടുക്കിയും പതിവുപോലെ തകർക്കുന്നുണ്ട്. സൗബിൻ ഷാഹിർ, ജോജുജോർജ് തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത ആരും മോശമാക്കിയിട്ടില്ല. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. മീശ നോവലിലൂടെ ശ്രദ്ധേയനായ ഹരീഷിനെപ്പോലുള്ളവരുടെ കടന്നുവരുവ് കടുത്ത കഥാ ദാരിദ്ര്യം നിലനിൽക്കുന്ന മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ലിജോയുടെ ചിത്രം ആയതുകൊണ്ട് ക്യമാറയും എഡിറ്റിങ്ങും പ്രത്യേകം എടുത്ത് പറയേണ്ടതില്ല. സൂപ്പർ തന്നെ.

അതുപോലെ പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ആരാധകർക്ക്, മെയിൽ ഷോവനിസ്റ്റ് ചിത്രമായും, ഹിംസയെ ന്യായീകരിക്കുന്ന പടമായും ഒക്കെ ഇതിനെ ചിത്രീകരിക്കാൻ കഴിയും. അങ്ങനെ വ്യത്യാസ്തമായ തലത്തിൽ വായിക്കാൻ കഴിയുന്നു എന്നതുതന്നെയാണ് ഇത്തരം പടത്തിന്റെ പ്രത്യേകതയും. പക്ഷേ സമഗ്രമായി വിലയിരുത്തമ്പോൾ, ജല്ലിക്കട്ടിനും ഈമയൗവും ഒപ്പം ചേർത്ത് നിൽക്കാൻ കഴിയുന്ന ചലച്ചിത്ര അനുഭവം ആവുന്നില്ല ഈ പടം. ലിജോയുടെ മാസ്റ്റർപീസ് നാം ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളൂ.

വാൽക്കഷ്ണം: കഴിഞ്ഞ വർഷം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ തിരശീലയിൽ 'ചുരുളി' പ്രദർശിച്ചിപ്പോൾ ഒരു വിവാദം ഉണ്ടായിരുന്നു. ചുരുളി' ചിത്രീകരിച്ച സമയത്തെ ലിജോ ജോസ് പെല്ലിശ്ശേരിയെയല്ല എഡിറ്റിങ് ടേബിളിൽ വന്നപ്പോൾ കണ്ടത് എന്ന് ചിത്രത്തിന്റെ ചില അണിയപ്രവർത്തകർ മാധ്യമ പ്രവർത്തകരോട് രഹസ്യമായി പറഞ്ഞിരുന്നു. മതവിശ്വാസത്തിൽ പുതിയ ലഹരി കണ്ടെത്തിയ ലിജോയാണ് എഡിറ്റിങ് ടേബിളിൽ ചുരുളിയുടെ വിധി നിർണയിച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് ശരിയെല്ലെന്ന് ചിത്രം കണ്ടാൽ അറിയാം. ഇനി ഒരു ഇരുപതുവർഷം കഴിഞ്ഞ് ചിത്രം ഇറങ്ങിയാൽ അന്നത്തെ സാഹചര്യം അനുസരിച്ച് എഡിറ്റിങ്ങ് വേണ്ടിവരുമെന്നാണ് ലിജോ പറയുന്നത്. ആദ്യത്തെ പച്ചയായ തെറിയുമായി ചിത്രം ഇറങ്ങിയാൽ എത്ര ഭീകരം ആയിരുന്നുവെന്നും ഓർക്കണം.