- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ സുഹൃത്തിന്റെ കാർ പൂജയ്ക്ക് പഴവങ്ങാടിയിൽ എത്തി; കൂട്ടുകാരിയെ കിട്ടിയത് വിവാഹ മോചനത്തിലെ ഗാർഹിക പീഡനം അന്വേഷിക്കുന്നതിനിടെ; നെടുമങ്ങാട് സിഐയ്ക്ക് കുഴപ്പമായത് മാരുതി കാറിലെ കറക്കം; പഴവങ്ങാടിയിൽ ട്രാഫിക്കുകാരനെ കൈയേറ്റം ചെയ്ത സിഐ രാജേഷ് കുടുങ്ങുമ്പോൾ
തിരുവനന്തപുരം: പഴവങ്ങാടിയിൽ ഡ്യൂട്ടി തടസപ്പെടുത്തി പൊലീസുകാരന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ച സിഐയ്‌ക്കൊപ്പം ഉണ്ടായിരുന്ന വനിതാ സുഹൃത്തിനെ കുറിച്ചും ഇന്റലിജൻസ് അന്വേഷണം. നെടുമങ്ങാട് സി ഐ രാജേഷ് കുമാറിനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം നോ പാർക്കിങ് മേഖലയിൽ കാർ പാർക്ക് ചെയ്തതിന്റെ പേരിലുള്ള തർക്കമാണ് സംഭവ പരമ്പരകൾക്ക് ഇടയാക്കിയത്. വനിതാ സുഹൃത്തിന്റെ കാർ പൂജിക്കാൻ ക്ഷേത്രത്തിൽ കൊണ്ടു വന്നതാണ് സിഐ എന്നാണ് സൂചന. ഇതാണ് പരിശോധിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നത്.
കാറിന്റെ രജിസ്റ്റർ നമ്പർ അടക്കം പരിശോധിക്കാനാണ് നീക്കം. ഇതിലൂടെ സിഐയ്ക്ക് യുവതിയുമായുള്ള ബന്ധം കണ്ടെത്തും. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ സമയത്താണ് യുവതിയുമായി സിഐ അടുപ്പത്തിലായതെന്നാണ് വിവരം. ഹണി ട്രാപ്, തട്ടിപ്പ് കേസുകളിൽ പൊലീസുകാരുടെ ഇടപെടലുകൾ ഉണ്ടാകുന്നതു സംബന്ധിച്ച് പരാതികൾ ഉയരുന്നതിനിടെയാണ് എസ്എച്ച്ഒ പരസ്യമായി നിയമം ലംഘിക്കുകയും യുവതിയുമായി കറങ്ങുകയും ചെയ്തതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പരാതി റേഞ്ച് ഐജി ഹർഷിതാ അട്ടല്ലൂരിക്ക് കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സിഐയെ സസ്‌പെന്റ് ചെയ്തത്.
രണ്ട് മക്കളുള്ള യുവതിയുമായിട്ടാണ് സിഐ സൗഹൃദത്തിലായതെന്നാണ് സൂചന. ഗണപതി ക്ഷേത്രത്തിനു സമീപം മൊട്ടയടിച്ച് ഏതാണ്ട് 40 വയസ് തോന്നിക്കുന്ന യുവാവും ഒപ്പം ഒരു യുവതിയുമായി കാറിൽ എത്തുന്നു. നോ പാർക്കിങ് മേഖലയിൽ കാർ പാർക്ക് ചെയ്ത് യുവതി ക്ഷേത്രദർശനത്തിനായി പോയി. യുവാവ് കാർ ലോക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് നീങ്ങി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരൻ മൊബൈൽ ഫോണിൽ കാറിന്റെ ചിത്രങ്ങളെടുത്തു. ഇതുകണ്ട സിഐ മടങ്ങിവന്ന് പൊലീസുകാരനോട് തട്ടിക്കയറി. താൻ ആരാണെന്നു പോലും വ്യക്തമാക്കാതെയാണ് പൊലീസുകാരനോട് തട്ടിക്കയറിയത്. നോ പാർക്കിങ് മേഖലയിൽ കാറിടാൻ അനുവദിക്കില്ലെന്ന് പൊലീസുകാരൻ വ്യക്തമാക്കി.
വൈകുന്നേരം 5.30നായിരുന്നു സംഭവം. ഈസമയത്ത് ക്ഷേത്രപരിസരത്ത് വൻ തിരക്കായിരുന്നു. പൊലീസുകാരന്റെ വാക്കുകേട്ട് കുപിതനായ സിഐ പൊലീസുകാരന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു. മാത്രമല്ല ട്രാഫിക് പൊലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന ചീറ്റ സ്‌ക്വാഡ് സ്ഥലത്തെത്തി. താൻ നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറാണെന്നും അപ്പോഴാണ് അയാൾ വെളിപ്പെടുത്തുന്നത്. ഇതു കേട്ടിട്ട് കുലുങ്ങാതെ പൊലീസുകാരൻ, സർക്കിൾ ഇൻസ്‌പെക്ടറിനെതിരെ ഫോർട്ട് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് പെൺ സുഹൃത്തുമായി ബന്ധപ്പെട്ടും പരാതി ഹർഷിതാ അട്ടല്ലൂരിക്ക് ലഭിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ ഇതിൽ കഴമ്പുണ്ടെന്ന് ഐജിക്ക് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്യുകയും ചെയ്‌തെന്നായിരുന്നു പഴവങ്ങാടിയിൽ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റേയും പരാതി. എന്നാൽ ഫോർട്ട് പൊലീസ് ഇതുസംബന്ധിച്ച് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ല. പകരം ട്രാഫിക് സൗത്ത് എസി അന്വേഷണം നടത്തിയ റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ സിഐയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ് അസിസ്റ്റന്റ് കമ്മിഷണർ നൽകിയത്. ഒപ്പം ജോലിചെയ്യുന്ന പൊലീസുകാരൻ നൽകിയ പരാതിയിലെ കാര്യങ്ങൾ അപ്പാടെ തള്ളിക്കൊണ്ടായിരുന്നു റിപ്പോർട്ട്. ഇതിനിടെയാണ് വനിതാ സുഹൃത്തിന്റെ കാറും കുടുംബ പ്രശ്‌നങ്ങളും ചർച്ചയായത്.
മൊബൈൽഫോൺ എറിഞ്ഞു തകർത്ത കാര്യംപോലും ട്രാഫിക് എസിയുടെ റിപ്പോർട്ടിൽ ഇല്ല. മാത്രമല്ല പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് പൊലീസുകാരനിൽ നിന്നും എഴുതി വാങ്ങുകയും ചൊയ്തതായി സൂചന. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പരാതിക്കാരനു മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. പരാതിയുമായി മുന്നോട്ടു പോയാൽ അയാൾക്കുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചായിരുന്നു അവർ മുന്നറിയിപ്പ് നൽകിയത്. തനിക്കു വന്നുചേരാവുന്ന അപകടാവസ്ഥ മനസിലാക്കിയ പൊലീസുകാരൻ ഒത്തുതീർപ്പിന് വഴങ്ങിയെന്നും റിപ്പോർട്ട് എത്തി.
യുവതിയും സിഐയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പരിശോധന നടക്കുകയാണ്. യുവതിക്കൊപ്പം സിഐ അവിടെ എത്തിയത് എന്തിനാണെന്ന ചോദ്യം ദുരൂഹമായി നിലനിൽക്കുന്നുണ്ട്. ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് പൊലീസുകാർ പാലിക്കേണ്ട മര്യാദയും സ്വഭാവ രീതിയുടെയും അച്ചടക്കത്തെയും കുറിച്ച് സംസ്ഥാന പൊലീസ് ചീഫ് നിർദ്ദേശം നൽകിയത്. ഇതിന്റെ ലംഘനം ഉണ്ടായെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ