കൊച്ചി: ജിഷ കേസ് അന്വേഷണത്തിൽ ഏറെ പഴികേൾക്കുകയും സ്ഥലം മാറ്റപ്പെടുകയും ചെയ്ത മുൻ കുറുപ്പംപടി സിഐ കെഎൻ രാജേഷ് , എസ് ഐ സോണി മത്തായി എന്നിവർക്കും സേവന മികവിന് അംഗീകാരം. പൊലീസ് സേനയിലെ വിവിധ വിഭാഗങ്ങളുടെ സേവന മികവുകണക്കിലെടുത്ത്് പൊലീസ് മേധാവി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹരായവരിൽ ഇവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിഷകൊലക്കേസ് അന്വേഷണത്തിൽ തങ്ങൾ വഴിവിട്ടൊന്നും ചെയ്തിട്ടല്ലന്നും നടപടികൾ കൃത്യമായിട്ടാണ് പൂർത്തിയാക്കിയതെന്നുമായിരുന്നു സ്ഥലം മാറ്റപ്പെട്ട അവസരത്തിൽ ഇവർ രണ്ടുപരും മറുനാടനോട് പ്രതികരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് മേധാവി ഇവർക്ക് ബാഡ്ജ് ഓഫ് ഓണർ ബഹുമതി നൽകാൻ നടപടികൾ പൂർത്തിയാക്കിയതിലൂടെ കേസന്വേഷണത്തിൽ ഇവരുടെ നിലപാട് ശരിയായരുന്നെന്ന് സേന നേതൃത്വവും ശരിവയ്ക്കുകയായിരുന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എഡിജിപി ബി സന്ധ്യ, ക്രൈംബ്രാഞ്ച് എസ്‌പി എസ് ശ്രീജിത്ത്, ആലുവ മുൻ റൂറൽ എസ്‌പി പിഎൻ ഉണ്ണിരാജ, എസ്‌പിമാരായ കെഎസ് സുദർശൻ, എസ് ശശിധരൻ ,ഡിവൈഎസ്‌പി മാരായ എംജെ സോജൻ, എസ് ഷംസുദ്ദീൻ, പെരുമ്പാവൂർ സിഐ ബൈജു പൗലോസ് എന്നിവിവർ ഉൾപ്പെട്ട ലിസ്റ്റിലാണ് ഇവരുടെ പേരും ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ മാസം 19-നാണ് പൊലീസ് ആസ്ഥാനത്തു നിന്ന് T5217998/2016/PHQ എന്ന ഓർഡർ നമ്പറിൽ ഇത് സംമ്പന്ധിച്ച് സർക്കുലർ ഇറക്കിയിട്ടുള്ളത്. നാളെ രാവിലെ 11-ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ ഇവരുൾപ്പെടെ 196 പേർക്ക് ബഹുമതി സമ്മാനിക്കും. ജിഷ കൊലക്കേസ് കേസ് അന്വേഷണത്തിൽ പങ്കാളികളായ ഭൂരിപക്ഷം പേരും ബഹുമതിക്ക് അർഹരായവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ക്രൈം നമ്പർ 909/2016 ആയി രജിസ്റ്റർ ചെയ്ത കേസിൽ സിഐ രാജേഷിന്റെയും എസ്‌ഐ സോണി മത്തായിയുടെയും നേതൃത്വത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം നടന്നത്. കേസന്വേഷണത്തിൽ പൊലീസ് ഗുരുതരമായ വീഴ്ചവരുത്തിയെന്നാരോപിച്ച് പരക്കെ ഉയർന്ന പ്രതിഷേധം കണക്കിലെടുത്ത് എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവരെ സ്ഥലം മാറ്റിയിരുന്നു. ശ്രദ്ധക്കുറവ് മൂലം സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കപ്പെട്ടു, മൃതദേഹം ദഹിപ്പിക്കാൻ കൂട്ടുനിന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അന്ന് ഈ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നത്.

എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലായിരുന്നെന്ന് എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ അഗംമായിരുന്ന മുൻ റൂറൽ എസ് പി ഉണ്ണിരാജ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ പിന്നീട് വ്യക്തമാക്കിയിരുന്നു.

വിവാദമായ കേസിൽ വകുപ്പുതല ശിക്ഷണ നടപടിയെന്ന നിലയിൽ ഉദ്യഗസ്ഥരെ സ്ഥലം മാറ്റിയത് ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഡ്യൂട്ടി കൃത്യമായി ചെയ്തിട്ടും പഴികേൾക്കേണ്ടി വന്നതിനുപുറമേ സ്ഥലം മാറ്റംകൂടി അടിച്ചുകിട്ടിയതോടെ ഈ ഉദ്യോഗസ്ഥർ പൊതുസമൂഹത്തിന് മുന്നിലെ കരാടാവുകയായിരുന്നു.സേനയ്ക്കുള്ളിൽ സഹപ്രവവർത്തർ പോലും തങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്നതാണ് ഇവരെ ഏറെ വിഷമിപ്പിച്ചിരുന്നത്. ഇത് ഇവർ അടുപ്പക്കാരുമായി ഇവർ പങ്കുവച്ചിട്ടുമുണ്ട്.

കേസ് തെളിയിക്കുന്നതിൽ നിർണ്ണയാകമായ ജിഷയുടെ വീട്ടിൽ കൊലനടന്ന മുറിയുടെ വാതിൽപ്പടിയിലെ രക്തക്കറ, ചെരുപ്പ്, വസ്ത്രത്തിലെ ഉമിനീർ, ആയുധം തുടങ്ങിയവയെല്ലാം കണ്ടെടുത്തതും ഡിഎൻഎ ടെസ്റ്റിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തതും ആദ്യം അന്വേഷണം നടത്തിയ ഈ ഉദ്യോഗസ്ഥരാണെന്ന് പിന്നീട് വ്യക്തമായി.

പ്രതിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് ഇവർക്കെതിരെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായതെന്നും ആരംഭിച്ച വേഗതത്തിൽ അന്വേഷണം മുന്നേറിയിരുന്നെങ്കിൽ ഒരു പക്ഷേ ദിവസങ്ങൾക്കുള്ളിൽ ഇവർ പ്രതിയെ കണ്ടെത്തുമായിരുന്നെന്നും സേനയ്ക്കുള്ളിൽ നിന്നുതന്നെ ഒരുഘട്ടത്തിൽ അഭിപ്രയമുയർന്നിരുന്നു.