- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ കൂട്ടുകാരിയായ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിഐയ്ക്കെതിരെ കുറ്റം ചുമത്തും; ബോംബ് സ്ക്വാഡ് സർക്കിളിന് വിനയായത് ചൈൽഡ് ലൈനിന്റെ ഉറച്ച നിലപാട്; സിഐ സജീവ് കുമാറിനെ വിചാരണയിൽ പ്രോസിക്യൂഷൻ രക്ഷിക്കുമോ?
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്നത്തെ സബ്ബ് ഇൻസ്‌പെക്ടറും നിലവിൽ സർക്കിൾ ഇൻസ്‌പെക്ടറുമായ പ്രതിക്ക് മേൽ കുറ്റം ചുമത്താൻ തലസ്ഥാന ജില്ലാ പോക്‌സോ കോടതി ഉത്തരവിട്ടു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിന് പ്രതി സെപ്റ്റംബർ 12 ന് ഹാജരാകാനും ജഡ്ജി എംപി. ഷിബു ഉത്തരവിട്ടു.
പേരൂർക്കട പൊലീസ് സബ്ബ് ഇൻസ്‌പെക്ടറും നിലവിൽ സ്‌പെഷ്യൽ ബ്രാഞ്ച് സിഐ.ഡി. ബോംബ് സ്‌ക്വാഡിൽ സർക്കിൾ ഇൻസ്‌പെക്ടറുമായ സജീവ് കുമാറിന് മേലാണ് കുറ്റം ചുമത്തുന്നത്. കേസ് റെക്കോർഡുകളും സാക്ഷിമൊഴികളും പരിശോധിച്ചതിൽ പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ട്. പ്രതിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 (ബി) പ്രകാരമാണ് സെഷൻസ് കേസിൽ കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തുന്നത്.
2019 നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈനർ പെൺകുട്ടി ഒരു പ്രോഗ്രാമിന് പങ്കെടുക്കാൻ വൈകുന്നേരം തന്റെ ക്വാർട്ടേഴ്‌സിലെത്തിയതായിരുന്നു. വീട് സന്ദർശിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പാളും കുട്ടിയുടെ മാതാവും ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
എന്നാൽ പൊലീസ് അസോസിയേഷനിൽ എസ് ഐ ക്കുള്ള സ്വാധീനത്താൽ ആദ്യം ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പും പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ വകുപ്പും പേരൂർക്കട പൊലീസ് ചുമത്തിയില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ കർശന നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും എസ് സി / എസ്.റ്റി നിയമ പ്രകാരവും കേസെടുക്കാൻ പേരൂർക്കട പൊലീസ് തയ്യാറായത്. ഇതോടെ നിസ്സാര വകുപ്പിട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് കേസ് അട്ടിമറിക്കാൻ പൊലീസ് യൂണിയൻ നടത്തിയ ശ്രമം പാളുകയായിരുന്നു.
അതേ സമയം പൊലീസ് യൂണിയന്റെ ഉന്നത സ്വാധീനത്താൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാതെ പ്രതിക്ക് കോടതിയിൽ കീഴടങ്ങാനുള്ള സാഹചര്യമൊരുക്കി ഒത്തുകളിച്ചു. അപ്രകാരം പൊലീസ് ഒത്താശയോടെ 2019 ഡിസംബർ 2 ന് ഉച്ചക്ക് 1 മണിക്ക് പ്രതി തിരുവനന്തപുരം പോക്‌സോ കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിമാന്റിലായ പ്രതി പൊലീസ് ഒത്താശയോടെ അധിക ദിനം ജയിലിൽ കിടക്കാതെ തന്നെ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
2020 മെയ് 8 ന് അസി. പൊലീസ് കമ്മീഷണർ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തികൾ) , 1989ൽ നിലവിൽ വന്ന പട്ടികജാതി/ പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ 3 (1) (ഡബ്ലു) , (i) , (ii) ( ദളിത് പെൺകുട്ടിയോട് ചെയ്യുന്ന ലൈംഗിക അതിക്രമം) എന്നീ വകുപ്പുകളും 2012 ൽ നിലവിൽ വന്ന പോക്‌സോ നിയമത്തിലെ 7 , 8 ( ലൈംഗിക അതിക്രമം), 9 (b) ( iv) , 10 ( പൊലീസ് സേനയിലെ ഉദ്യോഗസ്ഥൻ കുട്ടിയോട് ചെയ്യുന്ന ലൈംഗിക അതിക്രമം) എന്നീ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്