- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടപാടിൽ സ്വന്തം പോക്കറ്റിൽ എത്ര വീഴുമെന്ന് ആദ്യം പറഞ്ഞ് ഉറപ്പിക്കും; ഓപ്പറേഷൻ പ്ലാൻ ചെയ്താൽ അടിച്ചും ഇടിച്ചും ഭീഷണിപ്പെടുത്തിയും മുദ്രപത്രത്തിൽ എഴുതി വാങ്ങി ഇഷ്ടക്കാർക്ക് കൈമാറും; കേസുകളിൽ കാശിനായി അനാവശ്യ ഇടപെടൽ; അഴീക്കൽ കോസ്റ്റൽ പൊലീസ് സിഐ എൻ.ജി.ശ്രീമോനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു
കണ്ണൂർ: നിലവിലെ കണ്ണൂർ അഴീക്കൽ കോസ്റ്റൽ പൊലീസ് സിഐ എൻ ജെ ശ്രീമോനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കോടതി നിരീക്ഷണത്തെത്തുടർന്നാണ് ദക്ഷിണ മേഖല ഐജിയുടെ ഉത്തരവ്.മുൻപ് സിഐ ആയിരിക്കെ ശ്രീമോൻ വിവിധ കേസുകളിൽ അനാവശ്യമായി ഇടപെട്ട സംവഭത്തെത്തുടർന്ന് ശ്രീമോനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്.നിലവിൽ ഐജിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ശ്രീമോന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കിയാണ് സിഐക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീമോന്റെ കാക്കിവേഷം ഇങ്ങനെ
ബേബിച്ചൻ വർക്കിയുടെ പരാതിയിൽ മുൻപ് ശ്രീമോനെ സസ്പെൻഡ് ചെയ്തിരുന്നു. അന്ന് തന്നെ ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.2016 ജൂലായ് മുതൽ 2018 ഒക്ടോബർവരെയാണ് ശ്രീമോൻ തൊടുപുഴ സിഐ. ആയിരുന്നത്. ഇക്കാലയളവിൽ സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി ഹർജി നൽകിയിരുന്നത്. ഇതിനൊപ്പം, ശ്രീമോനെതിരേയുള്ള എല്ലാ പരാതികളും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഐ.ജി. എച്ച്.വെങ്കിടേഷിനെ കോടതി നിയോഗിച്ചു. തൊടുപുഴ സിഐ. ആയിരുന്നപ്പോൾ ശ്രീമോനെതിരേ മുപ്പതോളം പരാതികളുണ്ടെന്നും ഇതിൽ 18 എണ്ണത്തിൽ കഴമ്പുണ്ടെന്നും ഐ.ജി. റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് നടപടിക്ക് ഹൈക്കോടതി ഉത്തരവുവന്നത്. വിദ്യാർത്ഥികൾ ഉൾെപ്പടെയുള്ളവരെ മർദിച്ച് അവശരാക്കിയെന്നും ഒരാളുടെ കർണപുടം തകർത്തെന്നും പരാതിയുണ്ടായിരുന്നു.
ഉടുമ്പന്നൂർ സ്വദേശിയായ വിജോ സ്കറിയയുമായി പങ്കുചേർന്ന് താൻ 2007 മുതൽ 2012 വരെ ബിസിനസ് നടത്തിയിരുന്നെന്നും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബിസിനസ് അവസാനിപ്പിച്ചുവെന്നും ഇനിയും കണക്കുകൾ തീർപ്പാക്കിയിട്ടില്ലന്നും ഈ സാഹചര്യത്തിൽ വിജോയുടെ പ്രേരണയിൽ തൊടുപുഴ സിഐ എൻ ജി ശ്രീമോൻ ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു ബേബിച്ചൻ വർക്കിയുടെ പരാതി. ഈ ഹരജിയിൽ ഡിജിപി, ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവരെ ഹൈക്കോടതി നേരത്തെ കക്ഷി ചേർത്തിരുന്നു. ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ രണ്ട് പരാതികൾ മാത്രമേ ശ്രീമോനെതിരെ തന്റെ അറിവിൽപ്പെട്ടിട്ടുള്ളു എന്ന് കൊച്ചി റെയിഞ്ച് എസ്പി വിജയ് സാഖറെ സത്യവാംങ് മൂലം വഴി കോടതിയെ ധരിപ്പിച്ചു.
ഈയവസരത്തിൽ ശ്രീമോനെതിരെ പലരുടേതായി 11ലധികം പരാതികൾ ഉണ്ടെന്ന് ബേബിച്ചൻ വർക്കിയുടെ അഭിഭാഷകൻ അഡ്വ. തോമസ് ആനക്കല്ലുങ്കൽ കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട രേഖകളും ചെക്കു കേസിൽ ആരോപണ വിധേയനായ ഒരാളെ തൊടുപുഴ കോടതി അങ്കണത്തിൽ നിന്നും ബലം പ്രയോഗിച്ച് ശ്രീമോൻ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യവും കോടതിയിൽ സമർപ്പിച്ചു. അറസ്റ്റ് വിഷയത്തിൽ പ്രതിയുടെ അഭിഭാഷകർ ചീഫ് ജസ്റ്റീസിന് പരാതി നൽകിയിട്ടുണ്ടെന്നും അഡ്വ.തോമസ് ചൂണ്ടിക്കാട്ടി.ഐ.ജി ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ ഉൾപ്പെടാത്ത പല പരാതികളും ശ്രീമോനെതിരെ ഐ.ജി ഓഫീസിൽ നിലനിൽക്കുന്നുണ്ടെന്നും കാണിച്ചുകൊണ്ടുള്ള രേഖകളും അഡ്വ.തോമസ് അന്നുതന്നെ കോടതിയിൽ സമർപ്പിച്ചു.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് സ്റ്റേഷനുകളിൽ കൈകാര്യം ചെയ്യേണ്ടെന്ന് കോടതി നിർദ്ദേശമുണ്ടെങ്കിലും സി ഐ ശ്രീമോൻ ഇത് കാര്യമാക്കാറില്ലന്നും കമ്മീഷൻ വ്യവസ്ഥയിൽ ഇത്തരം പരാതികൾ തന്റെ ഓഫീസിൽ പരിഹരിക്കുക ഇദ്ദേഹത്തിന്റെ പതിവായിരുന്നെന്നുമാണ് പരക്കെ ഉയർന്ന ആക്ഷേപം. ഇടപാട് തുകയിൽ തന്റെ വിഹിതം പറഞ്ഞ് ഉറപ്പിച്ച ശേഷമാവും ശ്രീമോൻ'ഓപ്പറേഷൻ' പ്ലാൻ ചെയ്യുക എന്നും മർദ്ദിച്ചും ഭീഷിണിപ്പെടുത്തിയും മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിവാങ്ങി വാദിക്ക് നൽകുകയാണ് ആദ്യഘട്ടത്തിലെ പ്രധാന ദൗത്യമെന്നുമാണ് പുറത്ത് വന്നിരുന്ന വിവരം.
ആവശ്യക്കാർ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തുനൽകിയാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും ഇത്തരം കേസുകളിലെ പ്രതികളെ പൊക്കുന്നതിൽ ഈ സി ഐ താൽപര്യക്കാരനാണെന്നും ഡൽഹിയിൽ വരെ പറന്നൈത്തി ഒരാളെ സി ഐ പൊക്കിയിരുന്നെന്നും മറ്റുമുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ശ്രീമോനെ സസ്പെൻഡ് ചെയ്തിരുന്നത്. ഇതിനുപുറമെ കസ്റ്റഡി മരണമുൾപ്പടെ നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയർന്നുവന്നിരുന്നു.
കോടതിയുടെ ഇടപെടലും അന്വേഷണവും
മുപ്പതോളം കേസുകളിൽ ശ്രീമോനെതിരെ പരാതി ഉയർന്നതോടെ കടുത്ത ഭാഷയിലായിരുന്നു ഹൈക്കോടതി സിഐയെ വിമർശിച്ചത്.ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.തുടർന്ന് സിഐയ്ക്ക് എതിരായ മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഉടനടി അന്വേഷണം തുടങ്ങണമെന്ന് കാണിച്ച് വിജിലൻസ് ഐജി എച്ച്. വെങ്കിടേഷിന് കോടതി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് ആയിരം പേജുള്ള അന്വേഷണ റിപ്പോർ്ട്ടാണ് ഐജി എച്ച്. വെങ്കിടേഷ് കോടതിക്ക് കൈമാറിയത്.
റിപ്പോർട്ട് പ്രകാരം സിഐ 18 കേസുകളിൽ അധികാരം ദുർവിനിയോഗം ചെയ്തുവെന്നും 5 കേസുകൾ കോടതിയുടെ പരിഗണിനയിലുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.ഇതേതുടർന്ന് ശ്രീമോനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.അഞ്ചുമാസത്തിനുള്ളിൽ നടപടിയെടുക്കണമെന്നുമായിരുന്നു കോടതി നിർദ്ദേശം.അനുവദിച്ച കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട്ുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
നിലവിൽ കണ്ണൂർ അഴീക്കൽ കോസ്റ്റൽ പൊലീസ് സിഐയായ എൻ ജെ ശ്രീമോൻ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡിസംബർ അവസാന വാരം മുതൽ അവധിയിലാണ്.സി ഐക്കാണ് ഇപ്പോൾ സ്റ്റേഷന്റെ ചുമതല
മറുനാടന് മലയാളി ബ്യൂറോ