- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിയാലിന്റെ ഓണോപഹാരം; കൊച്ചിയിൽ നിന്നും ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഈമാസം 18 മുതൽ; എല്ലാ ബുധനാഴ്ച്ചയും വിമാനം; സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കി; യു.എ.ഇ സർവീസുകളും പൂർണതോതിലേക്ക്
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഒരുക്കി സിയാലിന്റെ ഓണോപഹാരം. ഓഗസ്റ്റ് 18 ന് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു-ലണ്ടൻ-ഹീത്രൂ പ്രതിവാര സർവീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആമ്പർ പട്ടികയിലേയ്ക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാകുന്നത്. ഈ തീരുമാനം വന്നയുടനെതന്നെ കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കാൻ എയർ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനർ ശ്രേണിയിലുള്ള വിമാനമാണ് എയർ എന്ത്യ ലണ്ടൻ-കൊച്ചി-ലണ്ടൻ സർവീസിന് ഉപയോഗിക്കുക.
എല്ലാ ബുധനാഴ്ചയും രാവിലെ 03.45 ന് കൊച്ചിയിലെത്തുന്ന വിമാനം 0550 ന് ഹീത്രൂവിലേയ്ക്ക് മടങ്ങും. സിയാലിന്റെയും എയർഇന്ത്യയുടേയും യോജിച്ചുള്ള പ്രവർത്തനഫലമായാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനസർവീസ് തുടങ്ങാനായതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് അറിയിച്ചു. ' പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ല സർവീസ്. പാർക്കിങ് ലാൻഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതൽ വിമാനക്കമ്പനികൾ ഇത്തരം സർവീസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷ. ബഹു.ചെയർമാനും ഡയറക്ടർബോർഡും ഇക്കാര്യത്തിൽ പ്രത്യേക താൽപ്പര്യമെടുത്തിട്ടുണ്ട്. ഒരുവർഷത്തിനുള്ളിൽ കൂടുതൽ രാജ്യാന്തര എയർലൈനുകൾ സിയാലിൽ എത്തുമെന്നാണ് പ്രതീക്ഷ '- സുഹാസ് കൂട്ടിച്ചേർത്തു.
ലണ്ടനിലേക്ക് നേരിട്ട് സർവീസ് തുടങ്ങുന്നതോടെ, ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. കൊച്ചി-ഹീത്രൂ യാത്രാസമയം 10 മണിക്കൂർ ആണ്. ആമ്പർ വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ യു.കെ.ഗവൺമെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കോവിഡ് പരിശോധിക്കണം. യു.കെയിൽ എത്തി എട്ടാംദിനവും പരിശോധന നടത്തണം.
യു.എ.ഇ.സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ള ഇന്ത്യൻ യാത്രക്കാർക്കായി സിയാലിൽനിന്നുള്ള സർവീസുകൾ പൂർണ തോതിലേയ്ക്ക്. ആദ്യ രണ്ടുദിനം 450 ലേറെ യാത്രക്കാർ കൊച്ചിയിൽ നിന്ന് യു.എ.ഇയിലേയ്ക്ക് പോയി. ശനിയാഴ്ച എമിറേറ്റ്സ്, ഇത്തിഹാദ്, ഫളൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഓരോ സർവീസും എയർ അറേബ്യ രണ്ട് സർവീസുകളും നടത്തി. അറുന്നൂറോളം യാത്രക്കാർ കൊച്ചിയിൽ നിന്ന് ശനിയാഴ്ച യു.എ.ഇലേയ്ക്ക് പറന്നു.
മറുനാടന് മലയാളി ബ്യൂറോ