- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിറ്റിങ് വിസയിൽ വ്യാജ രേഖ ചമച്ച് മനുഷ്യക്കടത്ത്; ലക്ഷ്യം പെൺവാണിഭമെന്ന് സംശയം; ഗൾഫിലേക്ക് സ്ത്രീകളെ കടത്താനുള്ള സുരക്ഷിത മാർഗ്ഗായി നെടുമ്പാശ്ശേരി മാറിയോ? ആന്ധ്രാ ലോബി കൊച്ചിയിൽ സജീവം; സിയാലിൽ പരിശോധന കടുപ്പിക്കാൻ എമിഗ്രേഷൻ വിഭാഗം
നെടുമ്പാശ്ശേരി: വീണ്ടും മനുഷ്യക്കടത്ത് നെടുമ്പാശ്ശേരിയിൽ. വ്യാജരേഖകൾ ചമച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗൾഫിലേയ്ക്ക് സ്ത്രീകളെ കടത്തുന്നു. മുമ്പ് ഇത്തരം മനുഷ്യക്കടത്തുകൾ ഏറെ നെടുമ്പാശ്ശേരി വഴി നടന്നിരുന്നു. കസ്റ്റംസ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയിലായിരുന്നു ഇതെല്ലാം. ഈ മാഫിയയെ കണ്ടെത്തി തടയിട്ടതോടെ എല്ലാം നിലച്ചു. ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കടത്തുകാർ നെടുമ്പാശേരിയില് സജീവമാകുന്നത്.
കഴിഞ്ഞയാഴ്ച മസ്‌കറ്റിലേക്ക് പന്ത്രണ്ട് സ്ത്രീകളെ കടത്താൻ ശ്രമിച്ചത് എമിഗ്രേഷൻ വിഭാഗം തടഞ്ഞിരുന്നു. ആന്ധ്രാ സ്വദേശിനികളാണ് ഗള്ഫിലേക്ക് കടക്കാൻ ശ്രമിച്ചത്. ഞായറാഴ്ച കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ കൂടി പിടിയിലായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മനുഷ്യക്കടത്ത് മാഫിയയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞു. കേരളത്തിലെ കണ്ണികൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല. എല്ലാം പരിശോധിക്കും.
ആന്ധ്ര കേന്ദ്രീകരിച്ചുള്ള ചില റിക്രൂട്ടിങ് ഏജൻസികളാണ് ലക്ഷക്കണക്കിന് രൂപ ഈടാക്കി യുവതികളെ കടത്തുന്നത്. ഇതിനു പിന്നിൽ പെൺവാണിഭ സംഘങ്ങളാണോ എന്നും അന്വേഷിക്കുന്നുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെയാണ് ഇത്തരത്തിൽ സ്ത്രീകളെ കടത്തിവിടുന്നത്. വിസിറ്റിങ് വിസയിൽ അവിടെ എത്തിയശേഷം തൊഴിൽ വിസ തരപ്പെടുത്തി നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പലരും അനധികൃതമായി തങ്ങുന്നതിന്റെ പേരിൽ ജയിലിലാകാറുണ്ട്.
ഇതിനൊപ്പം അവിടെ എത്തിയ ശേഷമേ പെൺവാണിഭ സംഘങ്ങളാണ് കടത്തുകാരായതെന്ന് അറിയുകയുമുള്ളൂ. ഇതും സ്ത്രീകൾക്ക് ഗൾഫിൽ ദുരിത കാലം നൽകും. ഗൾഫിലെ നല്ല ശമ്പളം മോഹിച്ചാണ് പല സ്ത്രീകളും ഇത്തരക്കാരുടെ വലയിൽ വീഴുന്നത്. കടത്തുകാരായി എത്തി പിടിക്കപ്പെട്ടത് സ്ത്രീകൾ മാത്രമാണെന്നതു കൊണ്ടാണ് പെൺവാണിഭ സംഘത്തെ സംശയിക്കുന്നത്. റിക്രൂട്ടിങ് ഏജൻസികളിലേക്ക് അന്വേഷണം നീണ്ടാലേ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ കഴിയൂ.
വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്‌സിനേഷനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇയാൾ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇതിന് ശേഷം പരിശോധ കൂടുതൽ കർശനമാക്കിയിരുന്നു.
വിമാനത്താവളത്തിലെ മറ്റൊരു ഏജൻസിയിലെ ജീവനക്കാരനായ ഭരത് ആണ് 2000 രൂപ വാങ്ങി സർട്ടിഫിക്കറ്റ് നൽകിയതെന്ന് വ്യക്തമാകുകയും ചെയ്തു. ഇതോടെ മനുഷ്യ കടത്തിനും മറ്റും ഒത്താശ ചെയ്യുന്നവർ വിമാനത്താവളത്തിലുണ്ടെന്നും വിലയിരുത്തൽ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ