കൊച്ചി: അതിഥി മുതൽ ആകാശഗോപുരം വരെയുള്ള വേറിട്ട സിനിമകളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നൽകിയ പ്രഗൽഭ സംവിധായകൻ കെ പി കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ ഇന്നു (ഏപ്രിൽ 8) തീയറ്ററുകളിലെത്തുന്നു. ലോകം കണ്ട ഏറ്റവും വലിയ കവികളിലൊരാളായ കുമാരനാശാന്റെ കവിതയും ജീവിതവുമാണ് 2019ൽ തന്റെ 81ാം വയസ്സിൽ കെ പി കുമാരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവൽസൻ ജെ മേനോനാണ് കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തിൽ ഗാർഗ്ഗി അനന്തനും സുഹൃത്ത് മൂർക്കോത്ത് കുമാരന്റെ വേഷത്തിൽ മാധ്യമപ്രവർത്തകൻ പ്രമോദ് രാമനും അഭിനയിക്കുന്നു. ശ്രീവത്സൻ ജെ മേനോനും കഥകളി ഗായിക മീരാ രാംമോഹനും ആലപിച്ചിരിക്കുന്ന ആശാൻ കവിതകളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.

തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേർത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂർ ശ്രീ, കോഴിക്കോട് ശ്രീ എന്നിങ്ങനെ എട്ടു കേന്ദ്രങ്ങളിലാണ് റിലീസ്.

2019ൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രം കഴിഞ്ഞ വർഷത്തെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. കുമാരനാശാന്റെ ബയോപിക് എന്നു വിളിക്കാവുന്ന ഈ ചിത്രം തന്റെ സ്വപ്നപദ്ധതിയായിരുന്നെന്ന് കെ പി കുമാരൻ പറഞ്ഞു. കേരളം കണ്ട ഇതിഹാസപുരുഷനായ കുമാരനാശാനെപ്പറ്റിയുള്ള ഒരു ചലച്ചിത്രം ഇതാദ്യമായാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കവിയെന്നതിനോടൊപ്പം ദാർശനികനും സാമൂഹ്യപരിഷ്‌കർത്താവും വ്യവസായിയുമെല്ലാമായിരുന്ന ആശാന്റെ ജീവിതം സമാനതകളില്ലാത്ത പ്രതിഭയുടെ ആവിഷ്‌കാരമായിരുന്നു. 'സാധാരണ നിലയിലുള്ള ഒരു സമ്പൂർണ ബയോപിക്കല്ല ഗ്രാമവൃക്ഷത്തിലെ കുയിൽ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം, 50-ാം വയസ്സിൽ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ജീവിതത്തിലെ സംഭവങ്ങൾ എന്നിവയാണ് സിനിമയിൽ പ്രതിപാദിക്കുന്നത്,' കെ പി കുമാരൻ പറഞ്ഞു. ലളിതമായ ശൈലിയിൽ അമൂർത്തമായാണ് ആഖ്യാനം. എഡിറ്റിംഗിലെ പരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കെ പി കുമാരന്റെ ഭാര്യ എം. ശാന്തമ്മ പിള്ളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശ്രീനാരായണ ഗുരുവായി മുൻഷി ബൈജുവും സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലും വേഷമിടുന്ന ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും പ്രശസ്തരാണ്. കെ ജി ജയനാണ് ഛായാഗ്രാഹകൻ. ശബ്ദലേഖനം ടി. കൃഷ്നുണ്ണി. സംഗീതസംവിധാനം ശ്രീവൽസൻ ജെ മേനോൻ. എഡിറ്റിങ് ബി അജിത്കുമാർ. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ. സബ്ജക്റ്റ് കൺസൾട്ടന്റായി ജി പ്രിയദർശനൻ പ്രവർത്തിച്ച ചിത്രത്തിനായി പട്ടണം റഷീദ് ഒരുക്കിയ മേക്കപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇന്നത്തെ കേരളീയ സാഹചര്യങ്ങളിൽ കുമാരനാശാന്റെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുന്നതിന് ഏറെ പ്രസക്തിയുണ്ടെന്ന് കെ പി കുമാരൻ പറഞ്ഞു. 'കേരളത്തിന്റെ ആധുനികതയിലേയ്ക്കുള്ള വളർച്ചയിൽ നിർണായകപങ്കു വഹിച്ചയാളാണ് ആശാൻ. അദ്ദേഹത്തെപ്പറ്റി നമ്മൾ എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കണം,' കെ പി കുമാരൻ പറയുന്നു.

1975ൽ അന്നത്തെ ചെറുപ്പക്കാരുടെ കൾട്ട് സിനിമയായി മാറിയ അതിഥിയിലൂടെ രംഗത്തു വന്ന കെ പി കുമാരന് വരുന്ന ഓഗസ്റ്റിൽ 84 തികയും. 2022ൽ പ്രേക്ഷകരിലേയ്ക്കെത്തുന്ന ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള കുമാരനാശാനെ പുതിയ തലമുറയ്ക്കു കൂടി പരിചയപ്പെടുത്തുകയെന്ന ഐതിഹാസികമായ കടമ കൂടിയാണ് കുമാരൻ പൂർത്തിയാക്കുന്നത്.