കൊച്ചി: തെന്നിന്ത്യൻ ഭാഷാചിത്രങ്ങൾക്ക് സംഗീതം ഒരുക്കി ശ്രദ്ധേയനാവുകയാണ് യുവ സംഗീത സംവിധായകൻ ഹരികുമാർ ഹരേറാം. മലയാളം, തമിഴ് തുടങ്ങിയ ചിത്രങ്ങൾക്കാണ് ഇപ്പോൾ ഹരികുമാർ ഹരേറാം സംഗീതം ഒരുക്കിവരുന്നത്. സംഗീത സംവിധാനത്തിന് പുറമെ ഗാനരചനയും ആലാപനവും നിർവ്വഹിക്കുന്നുണ്ട്.

അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് രചനയും സംഗീതവും ഒരുക്കിയ ശേഷമാണ് ഹരികുമാർ ഹരേറാം സിനിമയിലേക്ക് വരുന്നത്. ഫെസ്റ്റിവെൽ ചിത്രങ്ങളും കുട്ടികളുടെ ചിത്രവും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2017 ൽ 'സഖാവിന്റെ പ്രിയസഖി' എന്ന ചിത്രത്തിന് വേണ്ടി അഞ്ച് ഗാനങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു സിനിമാരംഗത്തെ തുടക്കം. തുടർന്ന് പന്ത്രണ്ടിലേറെ ചിത്രങ്ങൾക്ക് രചനയും സംഗീതവും നിർവ്വഹിച്ചു.

'ഷക്കീല' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. കുട്ടിക്കാലം മുതലേ കവിതകൾ രചിച്ചുകൊണ്ടായിരുന്നു കലാരംഗത്തേക്കുള്ള തുടക്കം. പത്തൊമ്പതാം വയസ്സിൽ സ്വന്തമായി എഴുതിയ ദേശഭക്തിഗാനം സുഹൃത്തുക്കൾക്കൊപ്പം ആകാശവാണിയിൽ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായി.

കൈതപ്രം, റഫീക്ക് അഹമ്മദ്, പി കെ ഗോപി തുടങ്ങിയ പ്രമുഖ ഗാനരചയിതാക്കളുടെ വരികൾക്ക് ഈണം നൽകിയിട്ടുണ്ട്. വീരേന്ദ്രകുമാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ഇറങ്ങിയ 'വീരേന്ദ്രം' കണ്ണൂർ സർവ്വകലാശാലയുടെ 'തീം സോങ്'തുടങ്ങിയ ആൽബങ്ങളും ഹരികുമാർ ഹരേറാമിന്റെ ശ്രദ്ധേയമായ സംഗീത സംഭാവനകളാണ്.