കാസർഗോഡ്: കാസർഗോഡ് വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ സിനിമ നിർമ്മാതാവ് അറസ്റ്റിൽ. തെക്കിൽ സ്വദേശി എം ഡി മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിൽ നിന്ന് വിവിധ തവണയായി നാല് കോടി രൂപ തട്ടിയെന്നാണ് കേസ്.

2018 മുതലാണ് വ്യാജ രേഖകൾ നൽകി ഇയാൾ ബാങ്കിൽ നിന്ന് പല തവണകളായി വായ്പ എടുത്തത്. വിശദമായ പരിശോധനയിൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് മാനേജർ മെഹഫൂസിനെതിരെ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിശദമാ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

എം ഡി മെഹഫൂസ് നിർമ്മിച്ച 'സായാഹ്ന വാർത്തകൾ' എന്ന സിനിമ അടഴത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ് അറസ്റ്റ്. കോൺട്രാക്ടർ കൂടിയാണ് ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു. അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ' സായാഹ്ന വാർത്തകൾ'' ഈമാസം 24നാണ് തീയറ്ററുകളിൽ എത്തുന്നത്.

സാമൂഹിക രാഷ്ട്രീയ ചിത്രമാണ്. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് സച്ചിൻ ആർ ചന്ദ്രനും അരുൺ ചന്ദുവും ചേർന്നാണ്. ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് , ധ്യാൻ ശ്രീനിവാസൻ , അജുവർഗീസ്,ഇന്ദ്രൻസ്,പുതുമുഖം ശരണ്യ ശർമ്മ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയുടെ റിലീസിന് തൊട്ടമുമ്പായി നിർമ്മാതാവ് അറസ്റ്റിലായത് സിനിമയുടെ അണയറക്കാരെ ഞെട്ടിച്ചിട്ടുണ്ട്.