തിരുവനന്തപുരം: ചെറുപ്രായത്തിൽ അതിയായ സിനിമാ-സീരിയൽ മോഹം വച്ചുപുലർത്തിയിരുന്ന വ്യക്തിയായിരുന്നു ശനിയാഴ്ച വൈകീട്ടു കരമനയാറ്റിലെ മരുതൂർകടവിൽ മരിച്ച നിലയിൽ കാണപ്പെട്ട സീരിയൽ നടി ശിൽപ്പ(19). +2 വിദ്യാർത്ഥിനിയായിരുന്ന ശിൽപ്പ മലയാളത്തിലെ ഹിറ്റായ സീരിയലുകളുടെയും ഭാഗമായിരുന്നു. അഭിനയ രംഗത്ത് ശോഭിക്കണം എന്ന് അതിയായ മോഹമുണ്ടായിരുന്ന ശിൽപ്പയ്ക്ക് പ്രോത്സാഹനവുമായി മാതാപിതാക്കളുമുണ്ടായിരുന്നു. അതേസമയം അപ്രതീക്ഷിതമായ മരണത്തോട് വീട്ടുകാരും കൂട്ടുകാരും അടക്കമുള്ളവർ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലുടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ശിൽപ്പ പിന്നീട് സീരിയലുകളുടെ ഭാഗമാകുകയായിരുന്നു. അഭിനയം കൂടാതെ മികച്ച ഗായിക കൂടിയായിരുന്നു ശിൽപ്പ. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയിലും മുഖം കാണിക്കാൻ ശിൽപ്പക്കായി. മൂന്നു തമിഴ് സിനിമകൾ ഉൾപ്പെടെ ഒരുപിടി ചലച്ചിത്രങ്ങളിലും ഒട്ടേറെ ടിവി പരമ്പരകളിലും വേഷമിട്ട ശിൽപ ഗൃഹസദസുകൾക്കു പരിചിതയാണ്. ശിൽപ അഭിനയിക്കുന്ന തമിഴ് ചിത്രം ചിറകിന്റെ ഷൂട്ടിങ് നടക്കുകയാണ്.

ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ ചന്ദനമഴയിൽ നായികയാകാനും ശിൽപ്പക്ക് സാധിച്ചു. ചന്ദനമഴ കൂടാതെ പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഗായികയായതിനാൽ ഗാനമേളകൾക്കും പോകാറുണ്ട്. നേമം കാരയ്ക്കാമണ്ഡപം നടുവത്ത് ശിവക്ഷേത്രത്തിനു സമീപമായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്. കന്യാറുപാറയിലെ നിലംപൊത്താറായ സ്വന്തം വീടു നവീകരിക്കണമെന്നായിരുന്നു ശിൽപയുടെ ആഗ്രഹം.

മികച്ച ഗായിക ആയതിനാൽ ഗാനമേള സംഘത്തിലും ശിൽപ്പ അംഗമായിരുന്നു. ഞായറാഴ്ച തമിഴ്‌നാട്ടിൽ ഗാനമേളയ്ക്കു പോകാനായി ശിൽപ വസ്ത്രങ്ങളല്ലാം ഒരുക്കിവച്ച് ഉൽസാഹത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഇതിനിടെയാണ് മരണവാർത്ത പുറത്തുവന്നത്. അതേസമയം ശിൽപ്പ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ശിൽപ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാപിതാക്കൾ പറയുന്നു. ഇതേത്തുടർന്നു ശിൽപയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണെന്നു കരമന പൊലീസ് അറിയിച്ചു.

ശനിയാഴ്‌ച്ച ഉച്ചയ്ക്കു 12.30നു കാട്ടാക്കട സ്വദേശിയായ പെൺകുട്ടി ശിൽപയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചടങ്ങുകളിൽ ആതിഥേയരാകുന്ന ജോലിക്ക് ഇരുവരും കൂടി പോകാറുണ്ടായിരുന്നു. ബാലരാമപുരത്ത് ഒരു വീട്ടിലെ ചടങ്ങിനെന്നു പറഞ്ഞാണു കൊണ്ടുപോയതെന്നു മാതാപിതാക്കൾ പറഞ്ഞു. പിന്നീടു മകളെ ഫോണിൽ ലഭിക്കാതെ വന്നപ്പോൾ 3.30ന് ഈ പെൺകുട്ടിയെ വിളിച്ചെന്നും ശിൽപ പിണങ്ങിപ്പോയെന്നാണു മറുപടി കിട്ടിയതെന്നും ശിൽപയുടെ പിതാവു ഷാജി പറഞ്ഞു. ലോക്ക് ചെയ്തിരിക്കുന്നതിനാൽ ശിൽപയുടെ ഫോൺ എടുക്കാൻ കഴിയുന്നില്ലെന്നും പിന്നീട് ഈ പെൺകുട്ടി വിളിച്ചറിയിച്ചു. 4.30ന് ഈ പെൺകുട്ടി വീട്ടിലെത്തി ശിൽപയ്ക്കു കൊടുക്കാനുള്ള ബാക്കി തുകയെന്നു പറഞ്ഞു 300 രൂപ ഏൽപ്പിച്ചു ധൃതിയിൽ മടങ്ങിയത്രേ.

ശിൽപ വീട്ടിലെത്താതിരുന്നതിനെ തുടർന്നു വീണ്ടും ഈ പെൺകുട്ടിയെ വിളിച്ചപ്പോൾ, ഒരു സുഹൃത്തിനൊപ്പമാണെന്നും അവിടെ വിളിച്ചപ്പോൾ, പിണങ്ങി ഇറങ്ങിപ്പോയെന്നും പരസ്പരവിരുദ്ധ മറുപടികളാണു ലഭിച്ചതെന്നു മാതാവ് സുമ പറഞ്ഞു. പിന്നീട് ഇവരെയൊന്നും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. രാത്രി പത്തോടെയാണു ശിൽപയുടെ ജഡം കണ്ടെത്തുന്നത്. ബാലരാമപുരത്തെ പരിപാടിക്കിടയിൽ ശിൽപയ്ക്ക് എന്തോ ദുരന്തം സംഭവിച്ചെന്നാണ് ഇവർ സംശയിക്കുന്നത്.