കൊച്ചി: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ പ്രതിസന്ധിയിലായി സിനിമാ മേഖല. നീണ്ട ലോക്ഡൗണിന് ശേഷം തീയറ്ററുകൾ തുറന്ന് വീണ്ടുമൊരു ഉണർവ്വുണ്ടായ ഘട്ടത്തിലാണ് വീണ്ടും പ്രതിസന്ധി രൂപം കൊണ്ടിരിക്കുന്നത്. രണ്ടാം തരംഗത്തിനുശേഷം തുറന്ന തിയേറ്ററുകൾ ഉണർവിലേക്കു വരുന്നതിനിടയിലാണ് വീണ്ടും നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന സൂപ്പർതാര സിനിമകൾ എല്ലാം തന്നെ മാറ്റിവെച്ചു. കോവിഡ് ഭീതിയിൽ ആളുകൾ കയറാത്ത അവസ്ഥയും തീയറ്ററുകളിലുണ്ട്.

മലയാള ചിത്രം 'കള്ളൻ ഡിസൂസ'മുതൽ 'ആർ.ആർ.ആർ.'വരെ റിലീസ് മാറ്റിവെച്ചവയിൽ ഉൾപ്പെടുന്നു. കൂടുതൽ സിനിമകൾ റിലീസ് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്. മേപ്പടിയാൻ, ഹൃദയം എന്നീ സിനിമകളാണ് ഇപ്പോൾ തീയറ്ററിനെ ചലിപ്പിക്കുന്നത്. വെള്ളിയാഴ്ച 450-ഓളം സ്‌ക്രീനുകളിലായി റിലീസ് ചെയ്ത 'ഹൃദയം' ഇതിനകം രണ്ടരക്കോടിയോളം രൂപ നിർമ്മാതാവിനു ഷെയറായി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്' പറയുന്നത്.

തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്നതിന്റെ തെളിവാണിതെന്നും അവർ പറയുന്നു. കോവിഡ് സാഹചര്യം ആയിരുന്നില്ലെങ്കിൽ വൻ കളക്ഷൻ നേടേണ്ട പടമായിരുന്നു ഹൃദയം. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡിന്റെ പേരിൽ തിയേറ്ററുകൾ വീണ്ടും അടച്ചിടാൻ സർക്കാർ നിർദേശിച്ചാൽ ശക്തമായി പോരാടാനാണ് 'ഫിയോകി'ന്റെ തീരുമാനം.

പൊതു ഇടങ്ങളിലും മാളുകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ ആളുകൾ കൂടുന്നതിനെപ്പറ്റി ഒന്നും പറയാത്ത സർക്കാർ സിനിമാതിയേറ്ററുകളെ മാത്രം അടച്ചിടൽ വിഭാഗത്തിലേക്കു കൊണ്ടുവരുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്താൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. അതേസമയം സർക്കാർ ഇതുവരെ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല.

മമ്മൂട്ടിക്കും മോഹൻലാലിനും തിയേറ്ററുകളുടെ സാധ്യത നന്നായി അറിയുന്നതുകൊണ്ടാണ് അവരുടെ മക്കളുടെ സിനിമകൾ തിയേറ്ററുകളിൽത്തന്നെ എത്താൻ കാത്തിരുന്നത്. ടൊവിനോ തോമസ് ഏറെ അധ്വാനവും ആത്മസമർപ്പണവും നടത്തിയ സിനിമയായിരുന്നു 'മിന്നൽ മുരളി'. എന്നിട്ടും ടൊവിനോയ്ക്ക് അർഹമായ അംഗീകാരവും വിലയിരുത്തലുകളും കിട്ടാതിരുന്നതിനു കാരണം ആ സിനിമ തിയേറ്ററുകളിൽ വന്നില്ല എന്നതാണ്. തിയേറ്ററുകൾ പൂട്ടാൻ സർക്കാർ നിർദേശിച്ചാൽ ജീവിക്കാനുള്ള അവകാശം തേടി പ്രത്യക്ഷസമരത്തിലേക്കു പോകുമെന്നാണ് ഫിയോക്ക് അധ്യക്ഷൻ പറയുന്നത്.