മുംബൈ: ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഹോട്ടലില്‍ നിന്നും 80 ലക്ഷം രൂപവിലവരുന്ന ബിഎംഡബ്ല്യൂ കാര്‍ മോഷണം പോയി. സെലിബ്രിറ്റികളുടെയും വ്യവസായകരുടെയും പ്രിയപ്പെട്ട ഹോട്ടലുകളില്‍ ഒന്നാണ് ദാദറില്‍ സ്ഥിതി ചെയ്യുന്ന ശില്‍പ ഷെട്ടിയുടെ ബാസ്റ്റ്യന്‍ ഹോട്ടല്‍. ഈ ഹോട്ടലിന്റെ പാര്‍ക്കിംഗില്‍ നിന്നാണ് മുംബൈയിലെ പ്രമുഖ വ്യവസായിയായ റൂഹന്‍ ഖാന്റെ ബി.എം.ഡബ്ല്യു ദ4 കണ്‍വേര്‍ട്ടബിള്‍ ആഡംബര സെഡാന്‍ കാര്‍ മോഷണം പോയത്.

മോഷണം പോയെന്ന് മനസിലായ ഉടന്‍ തന്നെ റൂഹാന്‍ മുംബൈയിലെ ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പുലര്‍ച്ചെ രണ്ട് മണിയോടയാണ് സുഹൃത്തുമൊത്ത് ഹോട്ടലില്‍ എത്തിയ റൂഹന്‍ വാലറ്റ് പാര്‍ക്കിങ്ങിനായി വാഹനം നല്‍കിയത്. ഭക്ഷണം കഴിച്ച ശേഷം നാലുമണിയോടെ വാഹനം തിരികെ ചോദിച്ച് സമയം ഏറെ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്, മോഷണ വിവരം അറിയുന്നത്.

സാധാരണഗതിയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കേണ്ട സ്ഥലമാണിത്. ഇവിടെ നിന്നാണ് സെക്യൂരിറ്റി അടക്കമുള്ളവരുടെ കണ്ണുവെട്ടിച്ച് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ അജ്ഞാതരായ രണ്ടുപേര്‍ ബേസ്മെന്റ് പാര്‍ക്കിങ്ങില്‍ കയറുന്നത് കാണാം. ഇവര്‍ വാഹനത്തിന്റെ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തായിരിക്കും അണ്‍ലോക്ക് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്തതെന്നാണ് വിലയിരുത്തല്‍.

മോഷ്ടാക്കളില്‍ ഒരാള്‍ കാര്‍ ഓടിച്ച് പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആങണ കാറിനെ ട്രാക്ക് ചെയ്യുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ച് വരികയാണ്. വിഷയം വന്‍ ചര്‍ച്ചയായി മാറിയെങ്കിലും വിഷയത്തില്‍ ഇതുവരെയും ഹോട്ടല്‍ ഉടമ ശില്പ ഷെട്ടി പ്രതികരിച്ചിട്ടില്ല.