'ഗുമസ്തന്‍' എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം കോളജിലെത്തിയ നടന്‍ ബിപിന്‍ ജോര്‍ജിനെ കോളജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് - കെവിഎം വളാഞ്ചേരി കോളജിലാണ് സംഭവം. കോളജ് മാഗസിന്‍ പ്രകാശനത്തിനായി 'ഗുമസ്തന്‍' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രമോഷന്റെ ഭാഗമായി കോളജില്‍ എത്തിയിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ 'ഗുമസ്തന്‍' എന്ന് ആര്‍പ്പു വിളിച്ചു. തുടര്‍ന്ന് ബിബിന്‍ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ തുടങ്ങി, ഇതിനിടയില്‍ പ്രിന്‍സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കോളജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വന്നതെന്ന് ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞുവെങ്കിലും എത്രയും പെട്ടെന്ന് വേദി വിടണമെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം. സിനിമയുടെ പേര് കുട്ടികള്‍ ആര്‍ത്തുവിളിച്ചത് പ്രിന്‍സിപ്പാളിനെ ചൊടിപ്പിച്ചെന്നാണ് കരുതുന്നെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സാരമില്ലെന്ന് പറഞ്ഞാണ് ബിബിന്‍ വേദിവിട്ടതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കോളേജിന്റെ മൂന്നാമത്തെ നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. വളരെ കഷ്ടപ്പെടാണ് ബിബിന്‍ അവിടെ എത്തിയത്. പ്രിന്‍സിപ്പാളിന്റെ സമീപനം ബിബിനെ ഏറെ വിഷമിപ്പിച്ചെന്ന് നടന്‍ ജെയ്സ് ജോസ് പറഞ്ഞു. സംഭവം നടന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് പുറത്ത് പറയുന്നത്. സംഭവത്തിന്റെ വീഡിയോ അടക്കമാണ് പുറത്തു വിട്ടത്.

ഇതേ സമയം കുറച്ച് അധ്യാപകരും വിദ്യര്‍ഥികളും ഇവര്‍ക്ക് പിന്തുണയുമായി എത്തി. വേദിയില്‍ നിന്ന് ഇറങ്ങരുതെന്നും പരിപാടി പൂര്‍ത്തിയാക്കാതെ പോകരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രിന്‍സിപ്പാള്‍ കടുംപിടുത്തം പിടിച്ചതോടെ ബിബിന്‍ വേദിയില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ബിബിന്‍ വീണ്ടും വാഹനത്തില്‍ കയറി തിരിച്ചു പോകാന്‍ നേരത്തും പോകരുതെന്ന അഭ്യര്‍ഥനയുമായി വിദ്യാര്‍ത്ഥികള്‍ എത്തി. പക്ഷേ ഇത് കണക്കിലെടുക്കാന്‍ ബിബിന് കഴിഞ്ഞില്ല. സുഖമില്ലാത്ത കാലും വച്ച് ഒരിക്കല്‍ കൂടി മൂന്നാം നിലയിലേക്ക് കയറാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. വിദ്യാര്‍ഥികളോട് സ്നേഹത്തോടെ യാത്ര പറഞ്ഞാണ് കോളജില്‍ നിന്ന് മടങ്ങിയതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.