മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനും ജഡ്ജിയും 1897ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്. അക്ഷയ് കുമാര്‍, ആര്‍ മാധവന്‍, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചെറുമകനായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് 2019 ല്‍ എഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍' എന്ന പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്.



ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സ്. അക്ഷയ് കുമാര്‍ ശങ്കരന്‍ നായരായി എത്തുന്ന ചിത്രം 2025 മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. എഴുത്തുകാരനായ കരണ്‍ സിങ് ത്യാഗിയുടെ ആദ്യ സംവിധാന സംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസും ലിയോ മീഡിയ കളക്ടീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരന്‍ നായരും ബ്രിട്ടീഷ് സാമ്രാജ്യവും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. ഡല്‍ഹിയിലും ഹരിയാനയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം. 2019 ല്‍ ബ്ലൂംസ്ബറി ഇന്ത്യയാണ് 'ദ് കേസ് ദാറ്റ് ഷൂക്ക് ദ് എംപയര്‍' എന്ന കൃതി പ്രസിദ്ധീകരിച്ചത്.

ആരാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ?

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മങ്കരയിലെ ചേറ്റൂര്‍ തറവാട്ടില്‍ മന്മയില്‍ രാമുണ്ണിപ്പണിക്കരുടെയും ചേറ്റൂര്‍ പാര്‍വ്വതിയമ്മയുടെയും മകനായി 1857 ജൂലായ് 15-ന് ശങ്കരന്‍ നായര്‍ ജനിച്ചു. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയക്കി. 1879-ല്‍ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുന്‍സിഫ് ആയും ജോലി നോക്കി. മദ്രാസ് സര്‍ക്കാരിന്റെ മലബാര്‍ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇന്‍ഡ്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ അംഗം, സൈമണ്‍ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്ത്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍, തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1904-ല്‍ കമാന്‍ഡര്‍ ഓഫ് ഇന്‍ഡ്യന്‍ എമ്പയര്‍ എന്ന ബഹുമതി അദ്ദേഹത്തിനു നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ 1912-ല്‍ സര്‍ പദവിയും നല്‍കി.