മുംബൈ: ബോളിവുഡ് കണ്ട ഏറ്റവും വലിയ പണംവാരി ചിത്രമാണ് അമീര്‍ ഖാന്‍ നായകനായെത്തിയ 'ദംഗല്‍'. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 2016ല്‍ ഇറങ്ങിയ ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 2000 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫിസില്‍നിന്ന് വാരിക്കൂട്ടിയത്. 70 കോടിയിലാണ് ചിത്രം ഒരുക്കിയത്. ഗുസ്തി പരിശീലകനായ മഹാവീര്‍ സിങ്ങിന്റെയും മക്കളുടെയും കഥയാണ് വെള്ളിത്തിരയില്‍ വന്‍ഹിറ്റായത്. ചിത്രത്തില്‍നിന്ന് തങ്ങളുടെ കുടുംബത്തിന് ഒരു കോടി രൂപ മാത്രമാണ് ലഭിച്ചതെന്നാണ് മഹാവീറിന്റെ മകളും ദേശീയ ഗുസ്തി താരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് വെളിപ്പെടുത്തുന്നത്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന് അവതാരകന്‍ ചോദിച്ചു. ഊഹിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ബബിതയുടെ മറുപടി. 20 കോടിയാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, അല്ല ഒരു കോടി എന്നതായിരുന്നു ബബിതയുടെ മറുപടി. ഇത് കേട്ട് അവതാരകന്‍ ഞെട്ടുന്നതും കാണാം. ചിത്രത്തില്‍ സാന്യാ മല്‍ഹോത്രയാണ് ബബിതയെ അവതരിപ്പിച്ചത്. ബബിതയുടെ ബാല്യകാലം അവതരിപ്പിച്ചത് അന്തരിച്ച നടി സുഹാനി ഭഗ്‌നാകറാണ്.

'എന്റെ പിതാവ് മഹാവീര്‍ സിങ്ങിന് ഒറ്റ കാര്യമേ ആവശ്യമുണ്ടായിരുന്നുള്ളൂ -ജനങ്ങളുടെ ആദരവും സ്‌നേഹവും. മറ്റുള്ളവയെല്ലാം വിട്ടേക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ആമിര്‍ നിര്‍മാണ ടീമില്‍ വന്നപ്പോള്‍ കഥാപാത്രങ്ങളുടെ പേരുകളും മാറ്റാന്‍ അദ്ദേഹത്തിന്റെ സംഘം നിര്‍ദേശിച്ചു. എന്നാല്‍, അച്ഛന്‍ വഴങ്ങിയില്ല. ദംഗല്‍ വന്‍ വിജയമായതോടെ ഹരിയാനയില്‍ ഒരു ഗുസ്തി അക്കാദമി തുറക്കാന്‍ പിതാവ് അമീറിന്റെ സംഘത്തോട് നിര്‍ദേശിച്ചു. എന്നാല്‍, അവര്‍ സമ്മതമോ വിസമ്മതമോ അറിയിച്ചില്ല. അക്കാദമി ഒരിക്കലും യാഥാര്‍ഥ്യമായതുമില്ല' -ബബിത പറഞ്ഞു.

അതേസമയം, ഇതേ സമയം ഗുസ്തിതാരങ്ങളുടെ സമരത്തിനുപിന്നില്‍ ബബിത ഫോഗട്ടെന്ന് ഒളിമ്പിക് വെങ്കലമെഡല്‍ജേതാവ് സാക്ഷി മാലികിന്റെ ആരോപണം വലിയ ചര്‍ച്ചയാവുകയാണ്. ബബിതയ്ക്ക് ഗുസ്തി ഫെഡറേഷന്‍ സ്ഥാനത്തെത്താന്‍വേണ്ടിയായിരുന്നു ബ്രിജ് ഭൂഷണ് എതിരായ സമരം ആസൂത്രണംചെയ്തതെന്നും സാക്ഷി മാലിക് ആരോപിച്ചു. വിറ്റ്നെസ് (സാക്ഷി) എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.