മുംബൈ: വിവാഹ മോചനത്തോടെ അടിച്ചു പിരിയുകയും കണ്ടാൽ മിണ്ടാതിരിക്കുകയും ചെയ്യുന്നതാണ് മിക്കയിടത്തുംം പതിവ്. എന്നാൽ, ബോളിവുഡ് സെലിബ്രിറ്റിയായ ആമിർഖാൻ ഇക്കാര്യത്തിൽ ഒരു മാതൃകയാണ്. രണ്ട് ഭാര്യമാരുമായി വിവാഹ മോചനം നടന്നെങ്കിലും ഇവർ ഇപ്പോഴും ആമിറിന്റെ അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആമിറിന്റെ മുൻഭാര്യമാരായ റീന ദത്തയുടെയും കിരൺ റാവുവിന്റേയും വിഡിയോയാണ്. ഒരു പൊതുപരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. താരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിവാഹമോചനത്തിന് ശേഷവും റീന ദത്തയുമായും കിരൺ റാവുമായി അടുത്ത സൗഹൃദമാണ് ആമിറിനുള്ളത്. മക്കൾക്ക് വേണ്ടിയും മറ്റു വിശേഷ അവസരങ്ങളിലെല്ലാം ഇവർ ഒന്നിച്ചു കൂടാറുണ്ട്.

1986ൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് ആമിർ ഖാൻ റീന ദത്തയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധം 16 വർഷം നീണ്ടു നിന്നു. ഏറെ വിവാദമായ വിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തിൽ കുടുംബാംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതൊക്കെ മറികടന്നാണ് ഇരുവരും ഒന്നായത്. ജുനൈദ് ഖാൻ, ഇറ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002 ഇവർ പരസ്പരം സമ്മതത്തോടെ വേർപിരിഞ്ഞു.

2001ൽ ലഗാൻ സിനിമയുടെ സെറ്റിൽ വച്ചാണ് അന്ന് അസിറ്റൻഡ് ഡയറക്ടർ ആയിരുന്ന കിരൺ റാവുവിനെ ആമിർ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാവുകയും നാല് വർഷങ്ങൾക്ക് ശേഷം 2005 ൽ വിവാഹിതരായി. ഇവർക്ക് ആസാദ് എന്നൊരു മകനുണ്ട്. 15 വർഷങ്ങൾക്ക് ശേഷം 2021 ജൂലൈ മൂന്നിന് ഇരുവരും വേർപിരിഞ്ഞു.

2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം സിനിമയിൽ നിന്ന് താൽകാലികമായി ഇടവേള എടുത്തിരിക്കുകയാണ് താരം. ഏറെ പ്രതീക്ഷയോടെ പുറത്ത് ഇറങ്ങിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. ചിത്രം ബോക്‌സോഫീസിൽ തകർന്ന് അടിഞ്ഞതിനൊപ്പം, നടനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ലാൽ സിങ് ഛദ്ദയുടെ പരാജയമല്ല ബ്രേക്കിന് കാരണമെന്ന് ആമിർ ഖാൻ വ്യക്തമാക്കിട്ടുണ്ട്.