കൊച്ചി: അതിരുകള്‍ ഇല്ലാത്ത സിനിമാ സ്വപ്നങ്ങളുമായി യുവ എഴുത്തുകാരി ആര്യഭുവനേന്ദ്രന്‍ നിര്‍മ്മിച്ച പുതിയ ചിത്രം 'കള്ളം' പ്രേക്ഷകരിലേക്ക്, ചിത്രത്തിന്റെ തിരക്കഥയും ആര്യയുടെതാണ്.

മലയാള സിനിമയിലേയ്ക്ക് ഒരു വനിതാ തിരക്കഥാകൃത്ത് കൂടി ഈ ചിത്രത്തിലൂടെ സാന്നിധ്യമറിയിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ മലയോര ഗ്രാമമായ വിതുരയില്‍ നിന്നുമാണ് ആര്യ ഭുവനേന്ദ്രന്‍ എന്ന എഴുത്തുകാരി അതിരുകള്‍ ഇല്ലാത്ത തന്റെ സിനിമാ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിതിരിച്ചത്. ചിത്രം ഈ മാസം 13 ന് റിലീസ് ചെയ്യും.

നിര്‍മ്മാണത്തിന് പുറമെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യയാണ് രചിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ അനുറാമാണ് ചിത്രം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ അതെല്ലാം അതിജീവിച്ച് ഒരു സ്ത്രീ കൂടി സിനിമാ മേഖലയില്‍ ചുവടുറപ്പിക്കാന്‍ മുന്നോട്ട് വരുന്നത് എടുത്ത് പറയേണ്ടതാണ്.

ഒരുപാട് നാളുകളായി മനസ്സില്‍ കൊണ്ട് നടക്കുന്ന സിനിമാ മോഹങ്ങള്‍ യഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ആര്യ. കുട്ടിക്കാലം മുതല്‍ സിനിമയോടും എഴുത്തിനോടും കമ്പമുണ്ടെങ്കിലും സിനിമയോട് അടങ്ങാത്ത അഭിനിവേശം ആരംഭിക്കുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രീ,പിജി പഠന കാലഘട്ടത്തില്‍ ആണ്. യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെയും പബ്ലിക് ലൈബ്രറിയിലെയും തിരക്കഥാ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയതില്‍ നിന്നാണ് തിരക്കഥാ രചനയുടെ സാങ്കേതികത തലങ്ങള്‍ ആര്യ മനസ്സിലാകുന്നത്. ക്രൈം ത്രില്ലറുകള്‍ എഴുതാനാണ് ആര്യയ്ക്ക് കൂടുതല്‍ ഇഷ്ടം. കള്ളവും അത്തരത്തില്‍ ഒരു കുറ്റാന്വേഷണ ചിത്രമാണ്.ഒപ്പം ചില സാമൂഹിക വിഷയങ്ങളും ചിത്രത്തിലൂടെ സംസാരിക്കാന്‍ ആര്യ ശ്രമിക്കുന്നുണ്ട്.

സിനിമ സ്വപ്നം കാണുന്ന, സിനിമാ മേഖലയുമായി വലിയ ബന്ധങ്ങള്‍ ഇല്ലാത്ത ചെറുപ്പക്കാര്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്.അത്തരം വെല്ലുവിളികള്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടേണ്ടി വരുമെങ്കിലും സ്ത്രീകളുടെ വഴിയില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത് ആര്യ പറയുന്നു. സ്ത്രീകള്‍ക്ക് അത്തരം കാഴ്ചപ്പാടുകളെയും മുന്‍വിധികളെയും കൂടി അതിജീവിച്ച് വേണം പാഷനുമായി മുന്നോട്ട് പോകേണ്ടത്. ആര്യ വ്യക്തമാക്കി.ഇന്ന് മലയാള സിനിമയുടെ സാങ്കേതിക രംഗങ്ങളില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച ഓരോ സ്ത്രീയും തങ്ങളെ പുറകോട്ട് വലിക്കുന്ന അത്തരം മുന്‍വിധികളും കാഴ്ചപ്പാടുകളും കൂടി അതിജീവിച്ചവരാണ് എന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ആര്യയുടെ ആദ്യ സിനിമ ആയ 'കള്ളം' യഥാര്‍ഥ്യമാക്കാന്‍ കുടുംബവും ആര്യയ്‌ക്കൊപ്പം നിന്നു. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും വിതുര എന്ന ഗ്രാമത്തിന്റെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ തനിക്ക് കള്ളം എന്ന ചിത്രം കാമിയോ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന സ്വന്തം നിര്‍മ്മാണത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ലയെന്ന് ആര്യ പറഞ്ഞു.ഭുവനേന്ദ്രന്‍ നായരും, ഷൈലജ കുമാരിയുമാണ് ആര്യയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് സൈജുവും മകന്‍ ഏഴു വയസ്സുകാരന്‍ വിഹാനും ആര്യയുടെ സിനിമ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒപ്പം തന്നെയുണ്ട്.