തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. സൈബറിടത്തിൽ വിവിധ കോണുകളിൽ നിന്നുമാണ് വിമർശനം ഉയർന്നത്. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ദേവനന്ദ.

'പുരസ്‌കാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്' ദേവനന്ദയുടെ പ്രതികരണം. എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനാണ് മികച്ച നടനുള്ള അവാർഡ് കിട്ടിയത്. എന്നാണ് ദേവനന്ദ ഒരു മാധ്യമത്തോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തന്മയ സോൾ, മാസ്റ്റർ ഡാവിഞ്ചി എന്നിവരാണ് ഈ വർഷത്തെ ബാലതാരങ്ങൾക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം.

പട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് തന്മയ സോൾ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സിനിമയിൽ അഭിനയിച്ചത്.