ചെന്നൈ: തമിഴകത്ത് സിനിമകളിൽ രാഷ്ട്രീയം പടരുന്ന കാലമാണ്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നന്റെ ട്രെയിലർ പുറത്തുവന്നു. വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്നതായിരിക്കും സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. വടിവേലു ഇതുവരെ കാണാത്ത റോളിലാണ് എത്തുന്നത്. ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ ജാതി വിവേചനവും അതിനെതിരായ ചെറുത്തുനിൽപ്പുമാണ് ചിത്രത്തിൽ പറയുന്നത്. രാഷ്ട്രീയനേതാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുക. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 43 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. ചിത്രം ജൂൺ 29ന് തിയേറ്ററുകളിലെത്തും.

ഡിസംബറിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടൻ-രാഷ്ട്രീയ പ്രവർത്തകനായ ഉദയനിധി മാമന്നൻ തന്റെ അവസാന നടനായിരിക്കുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. ഓസ്‌കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇതിനോടകം ചിത്രത്തിലെ ഗാനങ്ങളെല്ലാം വൈറലാണ്.

പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. കേരളത്തിൽ ആർ, ആർ, ആർ, വിക്രം , ഡോൺ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റർ ക്ലാസ് സിനിമകൾ വിതരണം ചെയ്ത എച്ച് ആർ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.