കൊച്ചി: ആയിഷ സുൽത്താന ആദ്യമായി സംവിധാനം ചെയ്ത ഫ്‌ളഷ് തിയറ്ററുകളിലേക്ക്. നിർമ്മാതാക്കളുമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെയാണ് സിനിമ റിലീസിങിന് ഒരുങ്ങുന്നത്. ജൂൺ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ബീനാ കാസിം വ്യക്തമാക്കി. നിർമ്മാതാവ് സിനിമ റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി ആയിഷ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. യൂട്യൂബിലൂടെ ചിത്രം പുറത്തെടുക്കുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെയുള്ള പരാമർശങ്ങൾ ഉള്ളതുകൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നുവെന്നാണ് ആയിഷ ആരോപിച്ചത്. അതിനുള്ള മറുപടിയും ബീനാ കാസിം വാർത്താ സമ്മേളനത്തിൽ നൽകി.

ലക്ഷദ്വീപിൽ നിന്നുള്ള ഒരു പെൺകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി സിനിമ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് അവർ പറഞ്ഞത്. കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് 'ഫ്‌ളഷ്' എന്ന എന്റെ സിനിമ ഞാൻ പൂർണ്ണമായിട്ട് കണ്ടത്. മുൻപ് എന്നോട് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും അയിഷ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എന്റെ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതക്കളെ എനിക്ക് ഉണ്ടാക്കി കൊണ്ട് എന്നെ മനഃപൂർവ്വം ഉപദ്രിവിക്കാൻ അയിഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസിലായി. ആയിഷയുമായി പ്രശ്‌നമുണ്ടാകുന്നത് അതിന്റെ പേരിലാണെന്നും ബീനാ കൂട്ടിച്ചേർത്തു.

സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും അതേക്കുറിച്ച് ആയിഷയ്ക്ക് അറിയാമായിരുന്നു എന്നുമാണ് അവർ പറയുന്നത്. എന്തായാലും ഈ മാസം 16-ന് തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചു. അത് അയിഷ സുൽത്താനയ്ക്ക് മുന്നിൽ അടിയറവ് പറയുന്നതല്ല. അയിഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് ഈ സിനിമ കണ്ട് ജനം തീരുമാനിക്കട്ടെ.- ബീനാ കാസിം പറഞ്ഞു.

അതിനു പിന്നാലെ ബീനയെ വിമർശിച്ചുകൊണ്ട് ആയിഷ എത്തി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് ഇതെന്നാണ് ആയിഷ പറയുന്നത്. ഇത്ര ദിവസംകൊണ്ട് കുറച്ച് തിയറ്ററുകൾ മാത്രമായിരിക്കും ലഭിച്ചിട്ടുണ്ടാവുക. തിയറ്റർ കുറഞ്ഞാൽ സിനിമയെയും തന്നെയും ടോർച്ചർ ചെയ്യാലോ അതാണ് ഇവരുടെ സൈക്കോളജിക്കൽ മൂവ് എന്നും ആയിഷ കുറിച്ചു.