- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമ ആളുകൾ രണ്ടുദിവസം കൊണ്ട് മറക്കും; സെൻസർ ബോർഡ് അംഗീകാരം കിട്ടിയ സിനിമ തടയാനായില്ല; മാമന്നൻ സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞില്ല
ചെന്നൈ: ഉദയനിധി സ്റ്റാലിൻ മുഖ്യ വേഷത്തിലെത്തുന്ന മാമന്നന്റെ റിലീസ് തടയാൻ വിസമ്മതിച്ച് ഹൈക്കോടതി. സെൻസർ ബോർഡ് അംഗീകാരം കിട്ടിയ സിനിമ തടയാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സിനിമക്കെതിരായ ഹർജി തള്ളിയത്. സിനിമ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വാദങ്ങളെയും കോടതി ഗൗരവത്തിൽ എടുത്തില്ല.
വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കേയാണ്, സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്. സെൻസർ ബോർഡിന്റെ അംഗീകാരം കിട്ടിയ സിനിമയിൽ എങ്ങനെയാണ് കോടതിക്ക് ഇടപെടാൻ കഴിയുക എന്ന് മധുര ബെഞ്ച് ചോദിച്ചു. ഇത് ഒരു സിനിമയാണ്. സിനിമ കണ്ടുകഴിഞ്ഞാൽ രണ്ടുദിവസത്തിനകം പ്രേക്ഷകർ അത് മറക്കും. അതുകൊണ്ട് മാമന്നൻ ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന വാദങ്ങളെ ഗൗരവത്തോടെ കാണേണ്ടതില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് പരിശോധിക്കാൻ പൊലീസ് ഉണ്ടല്ലോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു കോടതി ഹർജി തള്ളിയത്.
ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം എന്ന നിലയിൽ ഏറെ വാർത്താപ്രാധാന്യം നേടിയതാണ് മാമന്നൻ. ഇതിന്റെ പ്രചാരണാർഥം സ്റ്റാലിൻ നിരവധി പരിപാടികളിൽ പങ്കെടുത്ത് വരികയായിരുന്നു. രാഷ്ട്രീയത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ഉദയനിധി സ്റ്റാലിൻ തീരുമാനിച്ചത്.




