മാഞ്ചെസ്റ്റർ: സിനിമാ പുരസ്‌ക്കാര ചടങ്ങിനിടെ കുഞ്ചാക്കോ ബോബനൊപ്പം സ്‌റ്റേജിൽ ചുവടുവച്ച് മമ്മൂട്ടി. യുകെ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ആനന്ദ് ടിവി അവാർഡിനിടെയാണ് മനോഹരമായ നിമിഷത്തിന് സാക്ഷിയായത്. സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ തന്നെയാണ് സൂപ്പർസ്റ്റാറിനൊപ്പമുള്ള ഡാൻസ് വിഡിയോ പങ്കുവച്ചത്.

കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള അവാർഡ് നൽകാനായാണ് മമ്മൂട്ടി എത്തിയത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. തുടർന്നാണ് ചിത്രത്തിലെ ദേവദൂതർ ഗാനം എന്ന ഗാനത്തിന് ചാക്കോച്ചൻ ചുവടുവച്ചത്. പിന്നാലെ മമ്മൂട്ടിയും ചാക്കോച്ചനൊപ്പം ചേരുകയായിരുന്നു. ആനന്ദത്തിന്റെ പരകോടിയിലാണ് എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്.

സന്തോഷത്തിന്റെയും ഫാൻബോയിംഗിന്റെയും കൊടുമുടിയിൽ ! 'മികച്ച നടനിൽ' നിന്ന് തന്നെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു. നിങ്ങളുടെ സ്വപ്നത്തിനായി എല്ലാം നൽകുമ്പോൾ അത് യാഥാർത്ഥ്യമാകും. നടൻ എന്ന നിലയിലുള്ള തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഗാനത്തിൽ മെഗാ 'എം'നൊപ്പം കാലനക്കാനായി. ഇത് അവിസ്മരണീയമാക്കിയതിന് ആനന്ദ് ടിവി അവാർഡുകൾക്കും, മാഞ്ചസ്റ്റർ യുകെയിലെ അത്ഭുതകരമായ ജനക്കൂട്ടത്തിനും സിനിമാ സാഹോദര്യത്തിലെ എന്റെ സുഹൃത്തുക്കൾക്കും നന്ദി!!! ചാക്കോച്ചൻ കുറിച്ചത്.

ഏറ്റവും മികച്ച വിഡിയോ ആണെന്നും തനിക്ക് ഇഷ്ടപ്പെട്ടെന്നുമാണ് ദുൽഖർ പോസ്റ്റിന് താഴെ കുറിച്ചത്. കൂടാതെ വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയത്.