ചെന്നൈ: മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കും താരം പങ്കുവെച്ചിട്ടുണ്ട്. കൈയിൽ വാളേന്തി യോദ്ധാവിനെപ്പോലെയാണ് ചിത്രത്തിൽ മോഹൻലാൽ ഉള്ളത്. ലാൽ പങ്കുവെച്ച ചിത്രം ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പാൻ ഇന്ത്യൻ പെർഫോമൻസാകും സിനിമയിൽ എന്നാണ് ആരാധക പ്രതീക്ഷ.

തെലുങ്കിലും മലയാളത്തിലുമായാണ് ദ്വിഭാഷാചിത്രത്തിന്റെ നിർമ്മാണം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റംചെയ്ത് അടുത്തവർഷം രാജ്യമൊട്ടാകെ റിലീസ് ചെയ്യും. ഏകതാ കപുറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എ.വി എസ്. സ്റ്റുഡിയോ എന്നിവയുടെ സഹകരണത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. റോഷൻ മേക്ക, ഷനായ കപുർ, സഹ്റ എസ്. ഖാൻ എന്നിവരും അഭിനയിക്കുന്നു.

വൈകാരികതകൊണ്ടും വി.എഫ്.എക്‌സ്.കൊണ്ടും മികച്ച ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. സഹ്റ എസ് ഖാൻ നായികയായി അഭിനയിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരു ആക്ഷൻ എന്റർടൈനർ ചിത്രമായിരിക്കും 'വൃഷഭ'. ഇമോഷൻസ് കൊണ്ടും വിഎഫ്എക്‌സിനാലും മികച്ച ദൃശ്യാവിഷ്‌ക്കാരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നൊരു സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. 2024 ൽ ചിത്രം റിലീസിനെത്തും.