ചെന്നൈ: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം െചയ്ത ' ജയിലർ' റെക്കോർഡുകൾ തകർക്കുന്ന കളക്ഷനുമായി മുന്നേറുകയാണ്. മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡത്തിൽ നിന്ന് ശിവ രാജ്കുമാറും ഹിന്ദിയിൽ നിന്ന് ജാക്കി ഷ്രോറും കാമിയോ റോളുകളിൽ ചിത്രത്തിലുണ്ട്.

ഇപ്പോഴിതാ തന്റെ മനസിലുള്ള ഒരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നെൽസൺ. മോഹൻലാൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ചെയ്യണമെന്നാണ് നെൽസൺ വെളിപ്പെടുത്തിയിരിക്കുന്നത്. ജയിലർ റിലീസിന് പിന്നാലെ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നെൽസൺ ഇതേക്കുറിച്ച് പറയുന്നത്. റാപ്പിഡ് ഫയർ ചോദ്യങ്ങളുടെ ഭാഗമായി താൻ പേര് പറയുന്ന ആളുകളോട് ഇപ്പോൾ ചോദിക്കാൻ തോന്നുന്നത് എന്താണെന്ന് പറയണമെന്നായിരുന്നു അഭിമുഖകാരിയുടെ ആവശ്യം.

തുടർന്ന് മോഹൻലാലിന്റെ പേരാണ് ആദ്യം പറഞ്ഞത്. അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെൽസന്റെ ആദ്യ പ്രതികരണം. അതിൽ ഒരു കാര്യം പറയാമോ എന്ന് ചോദിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- 'ഫുൾ ഫ്ലഡ്ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം', നെൽസൺ പറഞ്ഞു.

മാത്യു എന്ന മുംബൈ പശ്ചാത്തലമാക്കുന്ന അധോലോക നേതാവിനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ മാത്യുവിന്റെ കഥ സിനിമയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മോഹൻലാലിന്റെ പ്രകടനത്തിനൊപ്പം കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ വേഷവിധാനവും സ്റ്റൈലിംഗുമൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുൻപ് ബിഗ് ബോസിൽ അദ്ദേഹത്തിന്റെ സ്റ്റൈലിങ് നിർവ്വഹിച്ചിട്ടുള്ള ജിഷാദ് ഷംസുദ്ദീൻ ആണ് ജയിലറിലെയും മോഹൻലാലിന്റെ വസ്ത്രങ്ങൾക്ക് പിന്നിൽ.